സാധാഹള്ളിയിലെ അജ്ഞാത ക്ഷേത്രത്തിലേക്ക്..

ഫ്രഡിയോടൊപ്പം പതുക്കെ ആ അമ്പലത്തിലേക്കുള്ള, ഒരാള്‍ക്ക് മാത്രം നടക്കാന്‍ വീതിയുള്ള വഴിയിലൂടെ നടന്നു. അതി ശക്തമായ തണുത്ത കാറ്റ്. താഴേക്കു നോക്കുമ്പോള്‍ തല കറങ്ങുന്നതു പോലെ. താഴെ പാറമടയില്‍ കിടക്കുന്ന ലോറി ഒരു ചെറിയ കളിപ്പാട്ടം പോലെയാണ് തോന്നുന്നത്.

#മധു തങ്കപ്പന്‍ 

ഒരു ഒഫീഷ്യല്‍ ട്രെയിനിങ്ങിന്റെ ഭാഗമായിട്ടാണ്   കുറച്ചു നാള്‍ മുന്‍പ് ബാംഗളൂരില്‍ എത്തിയത്. രണ്ടു പകല്‍ ട്രെയിനിംഗ്.  ബാംഗളൂരില്‍ കറങ്ങാന്‍ കിട്ടുന്നത് ആകെ ഒരു രാത്രി മാത്രം. അങ്ങിനെ രാത്രി ബാംഗളൂരിലെ തെരുവുകളിലൂടെ ഒറ്റക്കു വെറുത ലക്ഷ്യം ഒന്നും ഇല്ലാതെ നടക്കുമ്പോഴാണ്  ഒരു ഫോണ്‍ വന്നത്. ഞാന്‍ ബാംഗളൂരില്‍ ഉണ്ട് എന്ന ഫേസ് ബുക്ക് പോസ്റ്റ് കണ്ടു വിളിച്ചതാണ്. ഇത് വരെ നേരില്‍ കണ്ടിട്ടിലാത്ത ഫ്രെഡി എന്ന ഫേസ് ബുക്ക് ഫ്രണ്ടായിരുന്നു  അത്.  ബാംഗളൂരിലെ പുതിയ വിമാന താവളത്തിന്റെ അടുത്താണ് താമസിക്കുന്നത് എന്നും അതിന്റെ അടുത്ത് ഒരു പാറമടയുടെ നടുവിലായി ഒരു ചെറിയ അമ്പലം ഉണ്ട് എന്നും അറിയപ്പെടാത്ത പല സ്ഥാലങ്ങളെ പരിചയപ്പെടുത്തി ബ്ലോഗ് എഴുതുന്ന ചേട്ടന് ഇത് പറ്റിയ സ്ഥലം ആകും എന്നും അവന്‍ പറഞ്ഞു.

വെറും ഒരു അമ്പലം കാണാന്‍ വേണ്ടി അതി രാവിലെ ഉണര്‍ന്നു ഇരു വശത്തേക്കും ആയി എഴുപതു കിലോമീറ്റര്‍ ടാക്‌സി വിളിച്ചു പണം ചിലവഴിക്കാനും ഉറക്കം കളയാനും മടി തോന്നിയത് കൊണ്ട് എനിക്ക് താല്പര്യം ഇല്ല എന്നും പിന്നീട് ഒരിക്കല്‍ ആകാം എന്നും പറഞ്ഞു ഒഴിയാന്‍ ശ്രമിച്ചു. ടാക്‌സിയൊന്നും വിളിക്കേണ്ട എന്നും ബൈക്കില്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് ഹോട്ടലില്‍ വന്നു കൊണ്ട് പോകാം എന്നും തിരികെ ട്രെയിനിംഗ് തുടങ്ങുന്നതിനു മുന്‍പ് കൊണ്ട് എത്തിക്കാം എന്നും പറഞ്ഞപ്പോള്‍ മറ്റു ഒഴിവുകള്‍ പറയാന്‍ പറ്റാതെ ആയി. പിന്നെ ഒരു പരിചയവും ഇല്ലാത്ത എനിക്കു വേണ്ടി ഇത്രയും ബുദ്ധി മുട്ടാന്‍ തയാറാകുന്ന ഫ്രഡി എനിക്കായി എന്തെങ്കിലും നല്ല ഒരു കാഴ്ച കാത്തു വെച്ചിട്ടുണ്ടായിരിക്കും എന്നും മനസ്സു പറഞ്ഞു. അങ്ങിനെ യാണ്  ബാംഗളൂരിലെ സാധാഹള്ളിയുടെ അടുത്തുള്ള പേരറിയാത്ത അമ്പലം, ബാംഗളൂരില്‍ ആരും അറിഞ്ഞിട്ടിലാത്ത ആ കൊച്ചു സ്ഥലത്തേക്ക് സ്ഥലത്തേക്ക് ഒരു യാത്ര പുറപ്പെട്ടത് .

പുലര്‍ച്ചെ അഞ്ചു മണിക്ക് മുന്‍പേ എം.ജി റോഡിലെ ഹോട്ടലില്‍ എത്തി ചേര്‍ന്ന, അന്ന് ആദ്യമായി കണ്ട  തിശൂര്‍ക്കാരനായ  ആയ പതിനെട്ടുകാരന്‍ ഫ്രെഡി എന്ന ചെറുപ്പക്കാരനോടൊപ്പം അവന്റെ ഇരട്ടി പ്രായം ഉള്ള ഞാനും ബാംഗളൂരിലെ തെരുവുകളിലൂടെ ബൈക്കില്‍ യാത്ര തുടങ്ങി. നല്ല തണുത്ത കാലാവസ്ഥ. വാഹനങ്ങള്‍ ഒട്ടും ഇല്ല. അടഞ്ഞു കിടക്കുന്ന കടകള്‍, വലിയ വലിയ സ്ഥാപനങ്ങള്‍ ..ബാംഗളൂരില്‍ പല തവണ വന്നിട്ടുണ്ട് എങ്കിലും ഇത്രയും പുലര്‍ച്ചെ ആ തെരുവുകളിലൂടെ യാത്ര ചെയ്യുന്നത് ആദ്യമായിട്ടായിരുന്നു . ശരിക്കും ആസ്വദിച്ച ഒരു യാത്ര .

ബാംഗളൂരിലെ പുതിയ വിമാന താവളത്തിലേക്കുള്ള വിശാലമായ റോഡിലൂടെ കുറെ ദൂരം പോയി വിമാന താവളം എത്തുന്നതിനു കുറച്ചു മുന്‍പ് ഇടതു വശത്തേക്ക് വണ്ടി തിരിച്ചു ഫ്രഡി വണ്ടി നിറുത്തി. ഇനി അമ്പലത്തിലേക്ക് കുറച്ചു കിലോമീറ്റര്‍ മാത്രമേ ഉള്ളൂ എന്നും ഒരു ചായ കുടിച്ചു കഴിയുമ്പോളേക്കും നേരം വെളുത്തു വരും എന്നും പറഞ്ഞു. മുപ്പത്തഞ്ചോളം കിലോമീറ്റര്‍ ദൂരം സാമാന്യം നല്ല വേഗത്തില്‍ പായുന്ന ബൈക്കിന്റെ പിറകില്‍ തണുത്തു വിറങ്ങലിച്ചു ഇരുന്നതിനു ശേഷം കുടിക്കുന്ന ചൂട് ചായയുടെ രുചി, അതിന്റെ സുഖം അത് ഒരിക്കലും മറക്കാനാവാത്തതായിരുന്നു .

വീണ്ടും യാത്ര തുടങ്ങി .വീതി കുറഞ്ഞ ടാറിട്ട വഴി .നഗര കാഴ്ചകള്‍ കഴിഞ്ഞു നാട്ടിന്‍ പുറം തുടങ്ങി .വീടുകള്‍ വളരെ കുറവ്. ഉള്ളത് തന്നെ ചെറിയ വീടുകള്‍. പശുക്കളും മറ്റു മൃഗങ്ങളും എല്ലാം വീടിന്റെ മുന്‍പില്‍ തന്നെ കെട്ടിയിട്ടിരിക്കുന്ന ഒരു കാഴ്ച.. മുന്‍പില്‍ വിശാലമായ കൃഷിയിടങ്ങള്‍. പെട്ടെന്ന് തന്നെ നഗര കാഴ്ചകളില്‍ നിന്നും ഞങ്ങള്‍ ഗ്രാമ പ്രദേശത്തേക്ക് മാറി ഇടയില്‍ ആകെ കണ്ടത് Clarks Exotica Resort & Spa എന്ന ബോര്‍ഡ് മാത്രം ..ഒടുവില്‍ കുറെ നേരം പോയ ശേഷം ആളൊഴിഞ്ഞ ഒരു പറമ്പില്‍ ഫ്രഡി വണ്ടി നിറുത്തി. ഇനി അല്പം നടന്നാല്‍ ഞങ്ങള്‍ വിചാരിച്ച അമ്പലം ആയി. നേരം നന്നായി വെളുത്തിരുന്നു. പക്ഷെ തണുപ്പ് ഒട്ടും വിട്ടു മാറിയിട്ടില്ല.
കുറച്ചു കൂടി നടന്നു എത്തി ചേര്‍ന്ന സ്ഥലത്തു കണ്ട കാഴ്ച കണ്ടു അന്തം വിട്ടു നിന്നു പോയി . ഒരു കൊക്കയുടെ അറ്റത്തു എത്തി എന്നാണ് വിചാരിച്ചത് .ഒരു വലിയ പാറ മട ആണ് അത് എന്നു വീണ്ടും നോക്കിയപ്പോഴാണ് മനസ്സിലായത്. താഴെ ഏക്കറുകണക്കായി പരന്നു കിടക്കുന്ന ഒരു വലിയ പാറമട. കേരളത്തില്‍ എല്ലായിടത്തും കാണുന്ന കരിങ്കല്ലുകള്‍ പൊട്ടിച്ചെടുക്കുന്ന പാറ മട അല്ല എന്നു ഒറ്റ നോട്ടത്തില്‍ തന്നെ മനസിലായി. കരിങ്കല്ല് മട ആയിരുന്നു എങ്കില്‍ ഇത്രയും മനോഹരം ആയി കല്ലുകള്‍ മുറിച്ചെടുക്കാന്‍ പറ്റുകയില്ല. ഇതു ഗ്രാനൈറ്റോ, മാര്‍ബിളോ ചെത്തിയെടുക്കുന്ന മട ആയിരിക്കണം. പാറ പൊട്ടിച്ചു പൊട്ടിച്ചു താഴ്ച കൂടി ഇപ്പോള്‍ ഒരു പതിനഞ്ചു നില കെട്ടിടത്തിന്റെ ഉയരത്തില്‍ താഴേക്കു പൊട്ടിച്ചു കഴിഞ്ഞ അവസ്ഥയില്‍ ആണ് ഇപ്പോള്‍. അതിന്റെ നടുവില്‍ ആയി ഒരു അമ്പലം. ആ അമ്പലം അവിടെ ബാക്കി നിറുത്തി എല്ലാം പൊട്ടിച്ചെടുത്തിരിക്കുകയാണ്. അമ്പലത്തിലേക്ക് പോകാനുള്ള വഴി ആണ് അതിലും ഭീകരം. ഒരാള്‍ക്ക് നടക്കാന്‍ മാത്രം വീതിയുള്ള പാറ പൊട്ടിച്ചെടുത്ത വഴി. ഇരു വശത്തും അഗാധമായ കൊക്ക എന്നു തോന്നുന്ന അത്രയും താഴ്ചയുള്ള പാറമട. അതിലൂടെ നടന്നു വേണം ഈ അമ്പലത്തില്‍ എത്താന്‍. ആകെ ഭീതി പെടുത്തുന്ന ഒരു അന്തരീക്ഷം.

ഫ്രഡിയോടൊപ്പം പതുക്കെ ആ അമ്പലത്തിലേക്കുള്ള, ഒരാള്‍ക്ക് മാത്രം നടക്കാന്‍ വീതിയുള്ള വഴിയിലൂടെ നടന്നു. അതി ശക്തമായ തണുത്ത കാറ്റ്. താഴേക്കു നോക്കുമ്പോള്‍ തല കറങ്ങുന്നതു പോലെ. താഴെ പാറമടയില്‍ കിടക്കുന്ന ലോറി ഒരു ചെറിയ കളിപ്പാട്ടം പോലെയാണ് തോന്നുന്നത്. കുറച്ചു നടന്നു എത്തിയപ്പോള്‍ പാറ കൊണ്ടുള്ള വഴിയുടെ ഇടയില്‍ ഇരുമ്പു പാളികള്‍ കൊണ്ടു ഉണ്ടാക്കിയ ഒരു പാലം, കാല്‍ ചവിട്ടുമ്പോള്‍ ഇളകിയാടുന്ന ആ പാലം കണ്ടപ്പോള്‍ നരകപ്പാലം എന്ന വാക്കാണ് മനസ്സില്‍ ഓര്‍മ്മ വന്നത്.ആ പാലത്തില്‍ നിന്നും തണുത്ത കാറ്റും കൊണ്ടു താഴേക്കു നോക്കിയപ്പോള്‍ ബോധം പോകുന്ന പോലെ. കേരളത്തിലെ പല ജില്ലകളിലെയും ഉയരമുള്ള മലകള്‍ എല്ലാം കീഴടക്കിയപ്പോള്‍ ഒന്നും തോന്നാത്ത ഒരു ഭയം ഇപ്പോള്‍ തോന്നി.

ഒടുവില്‍ നരകപ്പാലവും കടന്നു വീണ്ടും നടന്നു ആ പേരറിയാത്ത അമ്പലത്തില്‍ എത്തി ചേര്‍ന്നു. ഓറഞ്ചു നിറത്തില്‍ ചായം അടിച്ച ഒരു ഒറ്റ മുറി കെട്ടിടം. അതിന്റെ ഉള്ളിലും പുറമെയും ഏതോ വിഗ്രഹങ്ങള്‍. ആരും ഇല്ല അവിടെ. പുറത്തുള്ള വിഗ്രഹത്തിനടുത്തുള്ള കല്ലുകളില്‍ അധികം പഴക്കം ഇല്ലാത്ത ചോര കണ്ടു. കുറെ തൂവലുകളും. കോഴിയെയോ മറ്റോ പോലെ ബലി കഴിച്ചത് പോലെ .
കോളേജ് പഠനത്തിന്റെ ഭാഗം ആയി ഫ്രഡി ഈ ഭാഗത്തു കൂട്ടുകാരോടൊപ്പം താമസം തുടങ്ങിയിട്ട് താമസം തുടങ്ങിയിട്ട് കുറച്ചു നാളെ ആയിട്ടുള്ളൂ. അതു കൊണ്ടു തന്നെ ഈ അമ്പലത്തെ കുറിച്ചും ഇവിടത്തെ ആചാരങ്ങളെ കുറിച്ചും എന്നെ പോലെ തന്നെ ഒന്നും അവനറിയില്ല. ആരും ഇതു വരെ ഈ അമ്പലത്തെ കുറിച്ചു പറയുകയോ, ഇവിടേക്ക് ആളുകള്‍ പോകുന്നത് കാണുകയോ ചെയ്തിട്ടില്ല എന്നും അവന്‍ കൂട്ടിച്ചേര്‍ത്തു .

അമ്പലത്തിനു പുറകില്‍ ഒരു വലിയ മരം നിന്നിരുന്നു. ആ മരത്തില്‍ ബലമായി പിടിച്ചു നിന്നും താഴേക്കും മറ്റു ഭാഗങ്ങളിലേക്കും നോക്കി. അവിടെ നിന്നാല്‍ പല ഭാഗത്തെയും കാഴ്ചകള്‍ കാണാന്‍ കഴിയുമായിരുന്നു. തനിയെ നിന്നാല്‍ ആ തണുത്ത കാറ്റില്‍ അഗാധതയിലേക്ക് വീണു പോകുമോ അല്ലെങ്കില്‍ ആ കാറ്റു ഞങ്ങളെ പറത്തി കൊണ്ടു പോകുമോ എന്ന ഭയം മനസ്സില്‍. താഴെ ഒരു പാട് വാഹനങ്ങള്‍ കിടന്നിരുന്നു. ലോറികളും വലിയ പൊക്ലിയനുകളും ആയിരുന്നു അത്. വളരെ താഴ്ചയില്‍ ആയിരുന്നതിനാല്‍ എല്ലാം സൂക്ഷിച്ചു നോക്കിയപ്പോള്‍ മാത്രം ആണ് കണ്ടത്. ഇപ്പോഴും ഗ്രാനൈറ്റ് അല്ലെങ്കില്‍ മാര്‍ബിള്‍ പൊട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ മട ആണ് അതു എന്നു ബോധ്യം ആയി.

ഒരു പുതിയ സ്ഥലം കണ്ട സുഖം അല്ല മനസ്സില്‍ തോന്നിയത്. പേരറിയാത്ത എന്തോ ഭീകരത അവിടെ ഉണ്ട് എന്ന തോന്നല്‍. കുറെ ചിത്രങ്ങള്‍ എടുത്തു കുറെ നേരം ആ ഭീകരത ആസ്വദിച്ചു. പിന്നെ ഞങ്ങള്‍ ഞങ്ങള്‍ തിരിച്ചു നടന്നു . ആ പഴയ നരകപ്പാലത്തിലൂടെ പാലത്തിലൂടെ. അവിടെ ചിലവഴിച്ച ഒരു മണിക്കൂര്‍ സമയത്തില്‍ വേറെ ആരും അവിടെ എത്തിയിരുന്നില്ല . വല്ലപ്പോഴും പൂജ നടക്കുന്ന ഒരു അമ്പലം ആയിരിന്നു എന്നു അതോടെ മനസ്സിലായി.

കേരളത്തിലെ എല്ലാ പാറമടകളെയും ചേര്‍ത്തു വെച്ചാല്‍ എങ്ങനെ ഉണ്ടാകും. ഏകദേശം അത്രയും വലിപ്പം ഉള്ള പാറമടയാണ്  ഇത്. ആദ്യമായാണ്  ഇങ്ങനെ ഒരു കാഴ്ച കാണുന്നത്. ഭൂമി ദേവിയെ തുരന്നു പാതാളം വരെ എത്തി കൊണ്ടിരിക്കുന്ന ഭീകരമായ ഒരു പ്രകൃതി നശീകരണത്തിന്റെ കാഴ്ചയാണ് മുന്‍പില്‍ കാണുന്നത്. ഇത്രയും വലിയ ഒരു വലിയ പ്രകൃതി നശീകരണം നടത്തുന്നതിന്റ ഇടയില്‍ ഭക്തിയുടെ പേരില്‍ ആണെങ്കിലും ഈ അമ്പലത്തെ മാത്രം നശിപ്പിക്കാതെ കൃത്യമായി പാറ പൊട്ടിച്ചു അമ്പലത്തെയും അവിടേക്കുള്ള വഴിയെയും കാത്തു സൂക്ഷിക്കുന്ന അപൂര്‍വ കാഴ്ച കണ്ടു ഞങ്ങള്‍ മടങ്ങി ..

വീണ്ടും ബാംഗ്‌ളൂരിലേക്കു ബൈക്കില്‍ മടക്ക യാത്ര. ബാംഗ്‌ളൂരിലെ ട്രാഫിക് തിരക്കുകള്‍ക്കിടയിലൂടെ കുത്തി തിരുകി വണ്ടി ഓടിച്ചു ട്രെയ്‌നിങ് തുടങ്ങുന്നതിനു അര മണിക്കൂര്‍ മുന്‍പ് എന്നെ തിരികെ ഹോട്ടലില്‍ എത്തിച്ചു ഒരു നല്ല സൗഹൃദം മാത്രം തിരികെ വാങ്ങി ഫ്രഡി മടങ്ങി. ഈ ഒരു മറക്കാനാവാത്ത കാഴ്ച എനിക്കു കാണിച്ചു തരാന്‍ രണ്ടു തവണയായി നൂറ്റി അന്‍പതു കിലോമീറ്റര്‍ ദൂരമാണ്  ഈ കുറഞ്ഞ സമയത്തിനുള്ളില്‍ അവന്‍ ബൈക്കില്‍ യാത്ര ചെയ്തത്.

അല്ലെങ്കിലും ചില യാത്രകളും സൗഹൃദങ്ങളും അങ്ങിനെ ആണല്ലോ ? അവിചാരിതം ആയി കടന്നു വരും ..ജീവിത കാലം മുഴുവന്‍ മറക്കാനാവാത്ത ഓര്‍മകള്‍ കുറച്ചു നേരം കൊണ്ടു നമ്മുടെ മനസ്സില്‍ നിറച്ചു തരും…