ആറളം വന്യജീവി സങ്കേതം

കണ്ണൂര്‍ ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം, കണ്ണൂര്‍ നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കണ്ണൂരില്‍ നിന്ന് ആറളത്തേക്കുള്ള യാത്ര വളരെ രസകരമായിരിക്കും. ആറളത്ത് എത്തിയാല്‍ പ്രകൃതിയുടെ സൗന്ദര്യ കാഴ്ചകളും നമ്മളെ കൂടുതല്‍ ആനന്ദിപ്പിക്കും. അന്‍പത്തി അഞ്ച് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ആണ് ആറളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വനമേഖലയുടെ അതിരുകള്‍ ആറളം, കൊട്ടിയൂര്‍, കേളകം എന്നീ ഗ്രാമങ്ങളാണ്.
ആറളം വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്രയില്‍ നിങ്ങള്‍ക്ക് ആന, കാട്ടുപോത്ത്, മാന്‍, കാട്ടുപന്നി, പുള്ളിപ്പുലി, കാട്ടുപൂച്ച തുടങ്ങിയ നിരവധി ഇനത്തിലുള്ള മൃഗങ്ങളെ കാണാന്‍ കഴിയും.

200ലേറെ ഇനം പക്ഷികള്‍ ആറളത്തുണ്ട്. സിംഹവാലന്‍, ഹനുമാന്‍ കുരങ്ങ്, നാടന്‍ കുരങ്ങ്, കരിങ്കുരങ്ങ്, കോഴിവേഴാമ്പല്‍, പാണ്ടന്‍, നാട്ടുവേഴാമ്പല്‍ തുടങ്ങിയവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. ആറളം ഫാമിലും വനത്തിലും ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വിരുന്നെത്തുന്ന ആല്‍ബട്രോസ് പൂമ്പാറ്റകള്‍ സഞ്ചാരികള്‍ക്ക് നല്‍കുന്നത് നയനാനന്ദകരമായ കാഴ്ചകളാണ്. കുടക് മലനിരകളില്‍നിന്നും പുറപ്പെടുന്ന പതിനായിരക്കണക്കിന് പൂമ്പാറ്റകള്‍ ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടി വയനാടന്‍ കാടുകളിലേക്ക് വര്‍ണം വിതറി കടന്നുപോകുന്നു.

താമസിക്കാന്‍ ആറളം വന്യജീവി സങ്കേതത്തില്‍ ഡോര്‍മിറ്ററി സൗകര്യമുണ്ട്. സെപ്റ്റംബര്‍ മുതല്‍ മെയ് മാസം വരെയുള്ള കാലയളവാണ് ആറളം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. രാവിലെ എട്ടുമണിമുതല്‍ വൈകുന്നേരം നാലു മണിവരെ മാത്രമേ ഇവിടെ സന്ദര്‍ശകരെ അനുവദിക്കുകയുള്ളു.

യാത്രാ സൗകര്യം
സമീപ റെയില്‍വെ സ്റ്റേഷന്‍ : തലശ്ശേരി, 35 കിലോമീറ്റര്‍.
സമീപ വിമാനത്താവളം : കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, തലശ്ശേരിയില്‍ നിന്ന് ഏകദേശം 71 കിലോമീറ്റര്‍.

<iframe src=”https://www.google.com/maps/embed?pb=!1m18!1m12!1m3!1d3903.515873942175!2d75.86068951405711!3d11.938742539929528!2m3!1f0!2f0!3f0!3m2!1i1024!2i768!4f13.1!3m3!1m2!1s0x3ba5cf65456428b9%3A0x6620f7c550ee7eee!2sAralam+Wildlife+Sanctuary!5e0!3m2!1sen!2sin!4v1488020563491″ width=”800″ height=”600″ frameborder=”0″ style=”border:0″ allowfullscreen></iframe>