അടവിയില്‍ പോവാം,കുട്ടവഞ്ചി തുഴയാം,പുഴവീട്ടില്‍ തങ്ങാം..

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ നിന്നും പതിനാറു കിലോമീറ്റര്‍ യാത്രചെയ്താല്‍ തണ്ണിതോട് പഞ്ചായത്തിലെ മുണ്ടൻമൂഴിയിൽ കല്ലാറില്‍ ഒരുക്കിയിരിക്കുന്ന കുട്ടവഞ്ചി സവാരി ആസ്വദിക്കാം . കേരള -കര്‍ണാടക അതിര്‍ത്തിയിലുള്ള ഹോക്കനക്കലില്‍ കാണുന്ന തരം കുട്ടവഞ്ചികളുമായി കണ്ണീര്‍ പോലെ  തെളിഞ്ഞ കല്ലാറില്‍ കൂടി ഒരു ഉല്ലാസ യാത്ര.. ഭൂമിയിലെ സ്വര്‍ഗം മാത്രമല്ല ഈരേഴു പതിനാലു ലോകങ്ങളും കാണുവാനുള്ള വകുപ്പും സഞ്ചാരികള്‍ക് വേണ്ടി കാത്തു വെച്ചിട്ടുണ്ട് . മറ്റു പല ഇടങ്ങളില്‍ നിന്നും വ്യത്യസ്തമായി സുരക്ഷിതമായ ഒരു കുട്ടവഞ്ചി സവാരി ഇവിടെ ആസ്വദിക്കാം .

അഞ്ചുപേര്‍ക്ക് ഒരു ഷോര്‍ട്ട് റൈഡ് നാനൂറു രൂപായും ലോങ്ങ്‌റൈഡിന് എണ്ണൂറു രൂപയുമാണ്  ഫീസ്‌ . ഇടതൂര്‍ന്ന വനത്തിന്റെ ഞരമ്പിലൂടെ, മനുഷ്യന്‍റെ കടന്നുകയറ്റം ഇതുവരെ അശുദ്ധമാക്കാത്ത ശുദ്ധവായു ആവോളം ഭക്ഷിച്ച്‌ , ഒരു ഹൈ ഡഫനിഷന്‍ ടി വിയും നല്‍കാത്ത ദൃശ്യങ്ങളും കാടിന്‍റെ ലോല മര്‍മരങ്ങളും ശ്രവിച്ചുള്ള യാത്ര പ്രകൃതിസ്നേഹികളുടെ മനസ് നിറയ്ക്കുമെന്നുറപ്പാണ്‌..

വനം നൽകുന്ന ശാന്തതയും ഒഴുക്കിന്റെ ഈണവും കല്ലാറിന്റെ പ്രത്യേകതയാണ്. പുഴയെ അറിയാനും കാട് കാണാനും നിരവധി സഞ്ചാരികൾ ഇങ്ങോട്ടേയ്ക്ക് എത്തുന്നുണ്ട്… കല്ലാറിനെ അറിയണമെങ്കിൽ അടവിയിലെ കുട്ടവ‍ഞ്ചി സവാരി ഒഴിവാക്കരുത്…. ഇരുകരകളിലെയും പച്ചപ്പും ശുദ്ധവായുവും ഒരുതവണ വന്നവരെ വീണ്ടും ഇവിടേക്ക്  എത്തിക്കും . കല്ലാര്‍   കണ്ട് കൊതിതീർന്നില്ലെങ്കിൽ ഒരുദിവസം പുഴവീട്ടിൽ തങ്ങി കല്ലാറിനെ അറിയാനുള്ള അവസരമുണ്ട് ഇവിടെ …

അടവിയില്‍ നിന്നും അടുത്തുതന്നെയായി ഒരു കിലോമീറ്റര്‍ യാത്രചെയ്താല്‍ മണ്ണീറ വെള്ളചാട്ടവുമുണ്ട് .