ധര്‍മ്മടം തുരുത്ത്

മലബാറിന്റെ കടലോരം അതിന്റെ പൂര്‍ണമായ സൗന്ദര്യം പ്രകടിപ്പിക്കുന്നത് ഇവിടെയാണ്.കണ്ണൂര്‍ ജില്ലയില്‍ തലശേരിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ ധര്‍മ്മടം എന്ന കൊച്ചു ഗ്രാമത്തില്‍.അറബിക്കടലിന്റെ മടിത്തട്ടിലേക്ക് ചേര്‍ന്ന് കിടക്കുന്ന ഒരു കൊച്ചു ദ്വീപാണിത് . കേവലം 5 ഏക്കര്‍ മാത്രം വിസ്തീര്‍ണമുള്ള ഈ ദ്വീപ് പ്രകൃതി സൗന്ദര്യത്തിന്റെ മറ്റൊരു നിദാനമാണ്.

കേരളീയത എന്ന സങ്കല്‍പ്പം അതിന്റെ യഥാര്‍ത്ഥ അവസ്ഥയില്‍ ദൃശ്യമാകുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് ധര്‍മ്മടം.നദികളും കടല്‍ത്തീരവും അതിര്‍ത്തികളൊരുക്കുന്ന ധര്‍മ്മടം ദ്വീപ് കേരവൃക്ഷലംകൃതമാണ്.നിശബ്ദമായ പകലുകളും നിലവില്‍ കുളിച്ച രാത്രികളുമാണ് ധര്‍മ്മടം ദ്വീപിന്റെ പ്രത്യേകത.

ശീതളച്ഛായയില്‍ ഈ ദ്വീപില്‍ ചെലവഴിക്കാനായി ദൂരസ്ഥലങ്ങളില്‍ നിന്നും ആളുകള്‍ എത്തിച്ചേരുന്നുണ്ട്.വിനോദസഞ്ചാര കേന്ദ്രം എന്ന പരിവേഷം ചാര്‍ത്തികിട്ടിയ കേരളത്തിന്റെ പല കടലോര മേഖലകള്‍ക്കും അമിതമായ കച്ചവടവല്‍ക്കരണത്തിന്റെ ഫലമായി മനോഹാരിത നഷ്ടപ്പെട്ടപ്പോള്‍ അങ്ങനെയുള്ള യാതൊരു കേടുപാടുകളും ഇല്ലാതെ ധര്‍മ്മടം സഹായിക്കുകയാണ്.പ്രകൃതിയുടെ ശാലീനതയും കുലീനതയും ഇവിടെ അനശ്വരമായി നിലനില്‍ക്കുന്നു.