ഇരിങ്ങോല്‍ കാവിന്റെ വശ്യതയിലേക്ക് ..

ഒരു കാലത്ത് കാടുകളും കാവുകളും മനുഷ്യന് പ്രിയപ്പെട്ടതായിരുന്നു. കാടിന് നടുവിലെ സര്‍പ്പകാവുകളും അമ്പലങ്ങളുമൊക്കെ മുത്തശ്ശി കഥകളിലൂടെ കേട്ടുള്ള അറിവുകള്‍ മാത്രമെ ഇന്നത്തെ തലമുറയ്ക്ക് ഉണ്ടാവൂ. അന്യമാവുന്ന കാടുകളും കാവുകളും ഒളിപ്പിച്ചു വെച്ചിരിക്കുന്ന കഥകള്‍ ഇനിയും ഒരുപാടുണ്ട്.

ഇന്നു നാശത്തിന്റെ വക്കില്‍ എത്തി നില്‍ക്കുന്ന കാവുകളാണ് കേരളത്തില്‍ എങ്ങ് നോക്കിയാലും കാണാന്‍ കഴിയുന്നത്. പരിചരിച്ചു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകളാണ് കാവുകള്‍ അന്യം നിന്നു പോകാനുള്ള കാരണമായി പറയുന്നത്. പകുതിയിലധികം പേരും സിനിമകളിലും മറ്റും മാത്രമേ കാവുകള്‍ കണ്ടിട്ടുണ്ടാവു.

എന്നാല്‍, ചുറ്റും കാടുകളില്‍ മൂടപ്പെട്ട ഒരു കാവും അമ്പലവും ഇന്നും കേരളത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്, ഇരിങ്ങോല്‍ കാവ് എന്നാണ് ഈ കാവ് അറിയപ്പെടുന്നത്. നഗരത്തിന്റെ പരിഷ്‌കാരങ്ങളൊന്നും ഇതുവരെ അവിടേക്ക് എത്തി നോക്കിയിട്ടില്ല. എറാണകുളം ജില്ലയില്‍ പെരുമ്പാവൂരിനടുത്താണ് ഈ കാവു സ്ഥിതി ചെയ്യുന്നത്. കാടിനു നടുവിലായി ഒരു അമ്പലവുമുണ്ട്. എറണാകുളത്ത് നിന്നും 20 കിലോമീറ്ററും പെരുമ്പാവൂരില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരമേ ഇങ്ങോട്ടേക്കുള്ളു.

ചുറ്റമ്പലം വരെ ബൈക്കുകള്‍ എത്തും. ദുര്‍ഗ്ഗാദേവിയുടെ ക്ഷേത്രമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. ചുറ്റിനും കൊടും കാടുകളാണ്. എന്നാല്‍ ഇപ്പോളും പ്രകൃതിയണിയിച്ചൊരുക്കിയ മനോഹാരിത ഒട്ടും കൈമോശം വന്നിട്ടില്ല. 2746 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിതെന്നാണ് പറയപ്പെടുന്നത്. കാവിലൂടെ നടക്കണമെങ്കില്‍ ഒരു ദിവസം മുഴുവന്‍ നടക്കാം. എന്നാലും കണ്ടും ആസ്വദിച്ചും നടന്നാല്‍ അത് തീരില്ല. ആചാരങ്ങള്‍ തെറ്റിച്ചിട്ടുള്ളതൊന്നും കാവിലേക്ക് കയറ്റാന്‍ പാടില്ല.

കാവിന്റെ നടുവിലൂടെ നടവഴികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ മരങ്ങള്‍ ഇലപൊഴിച്ചു കൊണ്ടിരിക്കുന്നു. വിവിധങ്ങളായി മരങ്ങളും സസ്യങ്ങളും തിങ്ങി പാര്‍ക്കുകയാണ്. ഇതിനു നടുവില്‍ ഒരു കുളമുണ്ട് തെളിനീരു പോലെത്തെ വെള്ളത്തില്‍ കുളത്തിനടിലെ മീനുകളെ കൃത്യമായും വ്യക്തമായും കാണം, അത്രയും ശുദ്ധമായ ജലമാണിത്. പ്ലാസ്റ്റിക്കുകള്‍ പ്രകൃതിയെ നശിപ്പിക്കുമെന്നതിനാല്‍ കാവിനകത്തേക്ക് പ്ലാസിക് വസ്തുക്കള്‍ കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. നാട്ടില്‍ നിന്നും അന്യമായ പല ജീവജാലങ്ങളെയും ഇവിടെ കാണാം. കാടിന്റെ വശ്യതയില്‍ കുളിര്‍കാറ്റുകള്‍ മന്ദം മന്ദം തഴുകി തലോടുന്നത് ഒരു പ്രത്യേകാനുഭൂതിയാണ്. ഇരുണ്ടു മൂടിയ വനങ്ങള്‍ ചിലപ്പോള്‍ മുത്തശ്ശി കഥകളിലെ പലതിനെയും ഓര്‍മ്മപ്പെടുത്തും. കാവിനകത്ത് നിറയെ ഇഴജന്തുക്കള്‍ സസുഖം വാഴുകയാണ്. അതിനാല്‍ കാവിലെത്തുന്നവര്‍ പ്രത്യേകം സൂക്ഷിക്കണം.

ജീവജാലങ്ങളെ നശിപ്പിക്കുന്ന പ്രവണത മനുഷ്യന്റെ ഉള്ളില്‍ കുടികൊണ്ട് വാഴുന്നതുകൊണ്ട് ഒന്നിനെയും നശിപ്പിക്കാതെ, ജീവജാലങ്ങളുടെ സ്വസ്ത വ്യവഹാരത്തിന് തടസ്സം സൃഷ്ടിക്കാതെ വേണം കാവിലെത്തുന്നവര്‍ നടക്കേണ്ടത്. പ്രകൃതി മനോഹരമായി എഴുതി തരുന്നതെല്ലാം സുഖമുള്ള ഓര്‍മപ്പെടുത്തലുകളാണ്. അത് നമ്മുടെ അനുഭവങ്ങളെ എത്തിക്കുന്നത് പലപ്പോഴും വ്യത്യസ്ത മേഖലകളിലുമാവാം. ഇരിങ്ങോല്‍ കാവിലെത്തുന്നവര്‍ക്ക് വെറുമൊരു യാത്രാനുഭവത്തിനപ്പുറം വിശ്വാസങ്ങളും പാരമ്പര്യങ്ങളും മുറുകെ പിടിക്കനുള്ള മാര്‍ഗം കൂടിയാവും.

 

കടപ്പാട് :ഇ-വാര്‍ത്ത‍.കോം ,അജീഷ് പുതിയേടത്ത്‌