ഇവിടെയാരും മരം മുറിക്കേണ്ട ; ഇവിടെയാരും വേട്ടയാടേണ്ട . പ്രകൃതി സംരക്ഷണത്തിന് ഒരു ഖോനോമ മാതൃക .

ജൈവവൈവിധ്യങ്ങളുടെ കാര്യത്തില്‍ കലവറയാണ് ഇന്ത്യ. പക്ഷേ പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ അതിവൈദഗ്ധ്യം ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും കുറവായതിനാല്‍ തന്നെ പലതും കൈമോശം വന്നുപോയി. അപൂര്‍വ്വ കാഴ്ചകളായി കാടും മേടും പുല്‍ത്തകടികളും. മരങ്ങള്‍ വെട്ടി നശിപ്പിച്ചപ്പോള്‍ അന്തരീക്ഷ മലിനീകരണത്തില്‍ ഇന്ത്യ പല വികസിത രാജ്യങ്ങളേക്കാള്‍ മുന്നിലെത്തി. വരള്‍ച്ചയും ജലക്ഷാമവും പലയിടങ്ങളിലും ദുരിതമായി പെയ്തിറങ്ങി. ഇതൊക്കെയാണ് കാലമെന്ന് കരുതുമ്പോഴാണ് പ്രകൃതി സ്‌നേഹവുമായി ഒരു ഇന്ത്യന്‍ ഗ്രാമം തല ഉയര്‍ത്തി നില്‍ക്കുന്നത്.

ഖോനോമ, നാഗാലാന്‍ഡിലെ വശ്യസുന്ദരമായ ഒരു ഗ്രാമമാണ്. പ്രകൃതി അതിന്റെ എല്ലാ പ്രൗഢിയോടെയും പച്ചവിരിച്ച് നില്‍ക്കുന്ന ഇടം. കാട് വെട്ടിത്തെളിക്കാനോ ഗ്രാമത്തിലെ മരങ്ങള്‍ വെട്ടാനോ നാട്ടുകാര്‍ തയ്യാറല്ലെന്ന് മാത്രമല്ല വന്നെത്തുന്നവരെ അനുവദിക്കുകയുമില്ല. കാട്ടുമൃഗങ്ങളെ വേട്ടയാടാനും  ഈ നാട്ടുകാര്‍ അനുവദിക്കില്ല.

വിമാനത്താവളവും റെയില്‍വേ സ്‌റ്റേഷനുമൊന്നും ഗ്രാമത്തിന്റെ തൊട്ടടുത്ത് ഇല്ല. ദിമാപൂരിലെത്തണം ഇവയ്ക്കായി. റോഡ് മാര്‍ഗം ഖോനോമയിലേക്ക് എത്താം. എന്നാല്‍ ഇത് അത്ര എളുപ്പവുമല്ല. കാരണം ഈ ടൗണ്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതി വേണം. നാഗാലാന്റിന്റെ തലസ്ഥാനമായ കോഹിമയില്‍ നിന്ന് അധിക ദൂരയല്ല ഖോനോമ. വെറും 20 കിലോമീറ്റര്‍ അപ്പുറത്താണ് ഈ പ്രദേശം. സമുദ്രനിരപ്പില്‍ നിന്നും 5,320 അടി ഉയരത്തില്‍.

താഴ്‌വരയിലെ മനോഹര കാഴ്ചകള്‍ കണ്ടുകൊണ്ടുള്ള സഞ്ചാരം മനോഹരമാണ്. പാടങ്ങളും മരങ്ങളും അരുവികളുമെല്ലാം നിറഞ്ഞ പ്രദേശം. 700 വര്‍ഷം പഴക്കമുള്ള ഖോനോമയിലെ താമസക്കാര്‍ അങ്കാമി ഗോത്രവര്‍ഗ്ഗക്കാരാണ്. ഗ്രാമത്തിന്റെ ദിവസമായി അവര്‍ സെപ്തംബര്‍ ഒന്നിന് ഗ്രാമോല്‍സവം നടത്തും.

തൊണ്ണൂറുകളില്‍ കാടുവെട്ടിതെളിക്കാല്‍ വ്യാപകമായതോടെയാണ് ഗ്രാമത്തിലുള്ളവര്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയത്. ഗോത്രമേഖലയിലുള്ള കാടുകള്‍ വെട്ടി തെളിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി. ഖൊനോമ നേച്ചര്‍ കണ്‍സര്‍വേഷന്‍ ആന്റ് ട്രാഗോപന്‍ സാഞ്ച്വറി 1998ല്‍ വേട്ടയാടുന്നതിനും മരംമുറിക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തി.

ഈ ശ്രമം അഭിനന്ദനാര്‍ഹവും പിന്തുടരേണ്ടതുമാണ്. വടക്കുകിഴക്കന്‍ പ്രദേശങ്ങളിലേക്ക് ഒരു യാത്ര ഏതൊരു പ്രകൃതി സ്‌നേഹിയും ആഗ്രഹിക്കുന്നതാണ്.