കൊല്ലി ഹില്‍സ് ; 70 ഹെയര്‍പിന്‍ വളവുകളുള്ള മരണത്തിന്‍റെ മലകയറ്റം

Dinto Sunny

പശ്ചിമഘട്ട മലനിരയിലെ വന്യമനോഹര മലയാണ് തമിഴ്നാട്ടിലെ കൊല്ലി മല. മരണത്തിന്റെ മലയെന്ന് പേര് ധ്വനിപ്പിക്കുന്ന ഒന്ന്. 70 കൊടിയ വളവുകളുള്ള ചുരം താണ്ടി മുകളിലെത്തിയാല്‍ മനോഹരമായ വെള്ളച്ചാട്ടം ആകാശ ഗംഗ. തമിഴ്നാടിന്റെ മധ്യഭാഗത്ത് നാമക്കലില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് കൊല്ലി ഹില്‍സ്. മനോഹരമായ വനമേഖലയ്ക്ക് നടുവിലാണ് പ്രദേശം.

സമുദ്രനിരപ്പില്‍ നിന്ന് 1300 മീറ്റര്‍ ഉയരത്തില്‍ സഹ്യന്റെ തലയെടുപ്പായി ഉയര്‍ന്നു നില്‍ക്കുന്നു.ബൈക്ക് യാത്രികരുടേയും ട്രക്കേഴ്സിന്റെയും ഇഷ്ടകേന്ദ്രത്തിലേക്ക് എത്തിപ്പെടാന്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെടേണ്ടത്. സെന്തമംഗലത്ത് നിന്ന് 30 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കൊല്ലി മലയുടെ മുകളിലെത്താം. ഈ മുപ്പത് കിലോമീറ്റര്‍ യാത്രയില്‍ 70 ഹെയര്‍പിന്‍ വളവ്. എല്ലാ 200 മീറ്ററിലും മിക്കവാറും കൊടും വളവുകള്‍. കാലാവസ്ഥ യാത്രക്കിടയില്‍ മാറികൊണ്ടേയിരിക്കും, കാഴ്ചകളും.

യാത്രക്കിടയില്‍ സെമ്മടുവിലെത്തും. അവിടെ ഒരു വാച്ച്ടവര്‍ ഉണ്ട്. ആകാശ കാഴ്ചകള്‍ കാണാം.  ചെറിയ വെള്ളച്ചാട്ടത്തിലേക്ക് നീങ്ങും മുമ്പ് അരപ്പാലീശ്വര്‍ ക്ഷേത്രം കാണാം. പിന്നീട് യാത്ര തുടരുമ്പോള്‍ കൊല്ലിപ്പാവെ അമ്മന്‍ ക്ഷേത്രം, മുരുകന്റെ ക്ഷേത്രം തുടങ്ങിയവയും കടന്നു പോകണം. തമിഴ് പഴയകാലകൃതികളായ ചിലപ്പതികാരത്തിലും മണിമേഖലയിലുമെല്ലാം കൊല്ലിമലയെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

[vsw id=”NSax0bhbiuU” source=”youtube” width=”700″ height=”400″ autoplay=”no”]രണ്ട് മണിക്കൂര്‍ വേണം ചുരം താണ്ടി ഏറ്റവും മുകളിലെത്താന്‍. കൊല്ലിമലയുടെ മുകളില്‍ ആകാശ ഗംഗ കാത്തിരിക്കുന്നു. രണ്ട് മലകള്‍ക്ക് ഇടയിലൂടെ ആകാശഗംഗ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നു. ചെങ്കുത്തായ ഈ ചെരുവിലെ വെള്ളച്ചാട്ടവും വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അറപ്പാലീശ്വരന്‍ ക്ഷേത്രത്തിലെ ശിവന്റെ കാരുണ്യത്താല്‍ ഔഷധഗുണമുള്ള വെള്ളമാണ് താഴേക്ക് വരുന്നതെന്ന് പ്രദേശവാസികള്‍ വിശ്വസിക്കുന്നു.കാഴ്ചയുടെ കാര്യത്തില്‍ വര്‍ണനാതീതമാണ് ആകാശ ഗംഗയും കൊല്ലിമലയും. അധികം സഞ്ചാരികള്‍ വന്നെത്താത്ത പ്രദേശം. യാത്രകളെ  ഇഷ്ടപ്പെടുന്നവര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ ഒരുക്കി കൊല്ലിമല  കാത്തിരിക്കുന്നു.