കൊളുക്കുമല യാത്ര

ലോകത്തിലെ ഏറ്റവും ഉയരത്തില്‍ വളരുന്ന തേയില തോട്ടമാണ് കൊളുക്കുമല എന്ന അറിവും അവിടേക്ക് എത്താനുള്ള ഏകദേശ വഴിയും മാത്രമേ എല്ലാവര്‍ക്കും അറിയാമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഒരു പുതിയ സ്ഥലം, അതും ലോക റെക്കോര്‍ഡ് ഉള്ള ഒരു സ്ഥലം കാണാനുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും.

 #മധു തങ്കപ്പന്‍ 

മൂന്നാര്‍ എന്നും യാത്രകളെ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട സ്ഥലം ആണ്. പല തവണ പോകുകയും അവിടത്തെ എല്ലാ കാഴ്ചകളും കണ്ടു തീര്‍ത്തു എന്ന് അഹങ്കരിച്ചിരിക്കുമ്പോഴാണ് ഒരു സുഹൃത്ത് ചില സ്ഥലങ്ങളുടെ പേരുകള്‍ പറഞ്ഞത്.  മീശപ്പുലിമല, റോഡോ വാലി, കുരങ്ങിണി, കൊളുക്കുമല തുടങ്ങിയ സ്ഥലങ്ങള്‍ മുന്നാറിലും പരിസരങ്ങളിലും ആയി ആണ് കിടക്കുന്നത് എന്ന് അവനില്‍ നിന്നും അറിഞ്ഞപ്പോള്‍ ശരിക്കും എന്റെ അറിവില്ലായ്മയില്‍ നിരാശ തോന്നി.

കേരളത്തിലെത്തുന്ന വിദേശികള്‍ ഏറ്റവും കൂടുതലായി പോകുന്ന സ്ഥലങ്ങളാണ് ഇവയെന്നും മലയാളികള്‍ക്ക് ഈ സ്ഥലങ്ങളെ കുറിച്ച് ഒന്നും അറിയില്ല എന്ന് കൂടി കേട്ടപ്പോള്‍ ഈ സ്ഥലങ്ങള്‍ കാണണം എന്ന ചിന്ത മനസ്സിലുറപ്പിച്ചു. അങ്ങിനെയാണ് ഈ കൊളുക്കുമല യാത്ര തുടങ്ങിയത് …

ഒരു ഒഴിവു ദിവസം യാത്രകളെ ഇഷ്ടപ്പെടുന്ന നാലു കൂട്ടുകാരോടൊപ്പം എറണാകുളത്തു നിന്നും നേരം വെളുക്കുന്നതിനു മുന്‍പേ കൊളുക്കുമല യാത്ര തുടങ്ങി. ഇന്ത്യയിലെ ഏകദേശം എല്ലാ സ്ഥലങ്ങളും കണ്ടു തീര്‍ത്ത രാജു ചേട്ടനും, ജോസഫ് ചേട്ടനും പിന്നെ സഹപ്രവര്‍ത്തകര്‍ ആയ മുകുന്ദും, റെജിയും ആണ് ഒപ്പം ഉണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ വളരുന്ന തേയില തോട്ടമാണ് കൊളുക്കുമല എന്ന അറിവും അവിടേക്ക് എത്താനുള്ള ഏകദേശ വഴിയും മാത്രമേ എല്ലാവര്‍ക്കും അറിയാമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഒരു പുതിയ സ്ഥലം, അതും ലോക റെക്കോര്‍ഡ് ഉള്ള ഒരു സ്ഥലം കാണാനുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും.

മുന്നാറില്‍ നിന്നും ഏകദേശം മുപ്പത്തി അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് സുര്യനെല്ലി. മുന്നാറില്‍ നിന്നും ചിന്നക്കനാല്‍ വഴി സൂര്യനെല്ലിയിലേക്കുള്ള വഴികള്‍ സുന്ദരമായ കാഴ്ചകള്‍ കൊണ്ട് നിറഞ്ഞതായിരുന്നു. തേയില തോട്ടങ്ങളുടെ പച്ചപ്പും, കോട നിറഞ്ഞ തണുത്ത കാറ്റും എല്ലാം ആസ്വദിച്ചു കൊണ്ട് പീഡന കേസിലൂടെ പ്രശസ്തമായ സുര്യനെല്ലിയിലെ, അപ്പര്‍ സുര്യനെല്ലിയില്‍ എത്തി. രാവിലെ ആയതു കൊണ്ടും, ഡ്രൈവ് ചെയ്യുന്ന കൂട്ടുകാരന്‍ മുകുന്ദിന്റെ കഴിവ് കൊണ്ടും എറണാകുളത്ത് നിന്നുമുള്ള 155 കിലോമീറ്റര്‍ ദൂരം ഏകദേശം മൂന്നര മണിക്കൂര്‍ കൊണ്ട് താണ്ടിയാണ് അപ്പര്‍ സുര്യനെല്ലിയില്‍ എത്തിയത് .

കുറച്ചു കടകള്‍ മാത്രമുള്ള, അതിലേറെ ജീപ്പുകള്‍ ഉള്ള ഒരു ചെറിയ കവല. അതായിരുന്നു അപ്പര്‍ സുര്യനെല്ലി. കൊളുക്കുമലയിലേക്ക് ജീപ്പില്‍ മാത്രമേ പോകാന്‍ കഴിയൂ എന്നത് കൊണ്ടാണ് അവിടെ ഒരു പാട് ജീപ്പുകള്‍ ഉണ്ടായിരുന്നത് . റോഡിന്റെ സൈഡില്‍ വണ്ടി നിറുത്തി കൊളുക്കുമല വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. അവിടെ നിന്നും പത്തു കിലോമീറ്റര്‍ ദൂരം ഉണ്ട് കൊളുക്കുമലയിലേക്ക് എന്നും അവിടെ ഭക്ഷണമോ വെള്ളമോ കിട്ടാന്‍ സാദ്യത കുറവാണ് എന്നും അവരില്‍ നിന്നും അറിഞ്ഞു. സ്വന്തം വണ്ടിയില്‍ ആണെങ്കില്‍, അവിടെ നിന്നും മുന്ന് കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന നാഗമല വരെ വണ്ടി കൊണ്ട് പോകാം എന്നും അറിഞ്ഞു.

ആയിരം രൂപ തന്നാല്‍ കൊളുക്കുമലയില്‍ കൊണ്ട് പോകാം എന്നും പറഞ്ഞു പിന്നാലെ കൂടിയ ജീപ്പ് ഡ്രൈവര്‍മാരില്‍ നിന്ന് രക്ഷപ്പെട്ടു അടുത്തുള്ള ചായക്കടയില്‍ നിന്നും ഉച്ചക്ക് കഴിക്കാനുള്ള ബോണ്ടയും, സുഖിയനും, വെള്ളവും വാങ്ങി (അത് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ) യാത്ര തുടങ്ങി. അല്പ ദൂരം സഞ്ചരിച്ചപ്പോള്‍ ഒരു ചെക്ക് പോസ്റ്റ് കണ്ടു. ഹാരിസണ്‍ മലയാളത്തിന്റെ എസ്റ്റേറ്റ് വക ആയിരുന്നു അത്. അവിടെ ഒരു വണ്ടിക്കു നൂറു രൂപ കൊടുത്താല്‍ മാത്രമേ കടത്തി വിടുകയുള്ളു. പണം കൊടുക്കുന്നതിനിടയില്‍ അവിടത്തെ ആളോട് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വഴി മോശമാണ് എന്നും അവരുടെ എസ്റ്റേറ്റ് വഴിയിലൂടെ നടന്നു പോകാന്‍ ആരെയും സമ്മതിക്കാറില്ല എന്നും, നടന്നു പോകണമെങ്കില്‍ ആയിരം രൂപ കൊടുത്തു പെര്‍മിഷന്‍ എടുക്കണം എന്നും അറിഞ്ഞു. കുറച്ചു വര്ഷം മുന്‍പ് ആ വഴിയിലൂടെ നടന്നു പോയ ഒരാള്‍ അവിടെ കിടന്നു മരിച്ചെന്നും, പോലീസും മറ്റും വന്നും കുറെ പണവും സമയവും ചിലവായത് കൊണ്ടാണത്രേ ഈ ‘നടത്ത’ നിരോധനം കൊണ്ട് വന്നത് എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടാര്‍ ചെയ്തിട്ടുണ്ട് എന്ന് പറയപ്പെടുന്ന, പലയിടത്തും കല്ലുകള്‍ മാത്രം കാണപ്പെടുന്ന റോഡ് എന്ന് പറയാന്‍ പറ്റാത്ത റോഡിലൂടെ വണ്ടി ഓടിച്ചു. വഴിയില്‍ ചിലയിടത്ത് തോട്ടം തൊഴിലാളികളുടെ ചെറിയ വീടുകള്‍ കണ്ടു. ആധുനികതയുടെ കടന്നു കയറ്റം ഒന്നും ഇല്ലാത്ത കൊച്ചു കൊച്ചു വീടുകള്‍. അവയ്ക്ക് പുറകിലായി തേയില തോട്ടങ്ങളും. രാവിലെ തന്നെ ഈ റോഡിലൂടെ കാറോടിച്ചു വരുന്ന ‘വട്ടന്മാരെ’ അവര്‍ തുറിച്ചു നോക്കുന്നത് പോലെ തോന്നി.

ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചപ്പോള്‍ തന്നെ യാത്ര മതിയായി. ഇതിലും നല്ലത് നടക്കുകയാണ് എന്ന് തോന്നി. പക്ഷെ വീതി കുറഞ്ഞ റോഡില്‍ കാര്‍ പാര്‍ക്കും ചെയ്തു പോകാന്‍ പറ്റാത്തത് കൊണ്ടും, പരിചയം ഇല്ലാത്ത സ്ഥലം ആയതു കൊണ്ടും അവര്‍ മുന്‍പേ പറഞ്ഞ നാഗമല വരെ എന്തായാലും പോകാം എന്ന് തീരുമാനിച്ചു യാത്ര തുടര്‍ന്നു .

ഒരു സ്‌കൂളും ഒരു ചെറിയ അമ്പലവും കുറച്ചു വീടുകളും ആണ് നാഗമലയില്‍ ഉണ്ടായിരുന്നത്. റോഡരുകിലെ രണ്ടു വീടുകള്‍ക്കിടയില്‍ അനുവാദം ചോദിച്ചു വണ്ടി പാര്‍ക്ക് ചെയ്തു നടത്തം തുടങ്ങി. അങ്ങ് അകലെയായി ഉയരത്തില്‍ വലിയ മല കണ്ടു. അതാണ് കൊളുക്കുമല. റോഡിലൂടെ നടന്നു വന്ന ചേട്ടനോട് അവിടെ എത്താന്‍ എളുപ്പവഴികള്‍ ഉണ്ടോ എന്ന് ചോദിച്ചു. തേയില തോട്ടങ്ങളുടെ ഇടയിലൂടെ നടന്നു കയറിയാല്‍ അവിടെ എത്താം എന്നും കോട ഇറങ്ങി വഴി മൂടിയാല്‍ പരിചയക്കാര്‍ അല്ലാത്തവര്‍ വഴി ഒന്നും കാണാന്‍ പറ്റാതെ ബുദ്ധി മുട്ടും എന്നും, ജീപ്പ് ആണ് നല്ലത് എന്നും ആ ചേട്ടന്‍ പറഞ്ഞു തന്നു.
കൊളുക്കുമല നടന്നു കയറാന്‍ തീരുമാനിച്ചാണ് വന്നത് , അത് എന്ത് തടസ്സം വന്നാലും പൂര്‍ത്തിയാക്കും എന്നും മനസ്സിലുറപ്പിച്ചു ഞങ്ങള്‍ നടത്തം തുടങ്ങി. വളരെ നല്ല കാലാവസ്ഥ. സഹിക്കാവുന്ന തരത്തിലുള്ള തണുപ്പ് , ചെറിയ കാറ്റ്, ഒപ്പം വെയില്‍. അങ്ങകലെ വളരെ ഉയരത്തില്‍ കാണുന്ന ലക്ഷ്യ സ്ഥാനം നോക്കി ജീപ്പ് റോഡിലൂടെ നടന്നു. അല്പം കഴിഞ്ഞപ്പോള്‍ തേയില തോട്ടത്തിന്റെ ഇടയിലൂടെ മുകളിലേക്ക് ഒരു നടപ്പാത കണ്ടു. ഒരാള്‍ക്ക് മാത്രം നടക്കാനുള്ള വീതിയുള്ള വഴിയിലൂടെ വരി വരി ആയി നടന്നു തുടങ്ങി.

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 8000 അടിയോളം ഉയരത്തിലായി ആണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് കൊളുക്കുമല . തമിഴ് നാട്ടിലാണ് എങ്കിലും ഇവിടേയ്ക്ക് റോഡു മാര്‍ഗം കേരളത്തിലൂടെ മാത്രമേ പ്രവേശിക്കാന്‍ കഴിയൂ. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങള്‍ കൊളുക്കുമലയിലാണ് ഉള്ളത്. 75 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു തേയില ഫാക്ടറി കൊളുക്കുമലയില്‍ ഉണ്ട്. കോട്ടഗുഡി പ്ലാന്റേഷന്‍ ആണ് ഇപ്പോള്‍ അതിന്റെ ഉടമസ്ഥര്‍.  8651 അടി ഉയരമുള്ള മീശപുലിമല, 6988 അടി ഉയരമുള്ള തിപ്പാടമല എന്നീ മലകള്‍ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ്.

തേയില തോട്ടങ്ങള്‍ക്കിടയിലൂടെ നടപ്പ് രസകരം ആയിരുന്നു. വലിയ കയറ്റങ്ങള്‍ ആണ് കയറുന്നത് എന്നിരുന്നാലും ആ സുഖകരമായ കാലാവസ്ഥയില്‍ ശരീരം ഒട്ടും വിയര്‍ക്കാത്തത് കൊണ്ട് ക്ഷീണം ഒട്ടും തോന്നിയില്ല. ഒപ്പം ഉള്ളവര്‍ എല്ലാവരും നല്ല നടത്തക്കാര്‍ ആയതിനാല്‍ ആരെയും കാത്തു നില്‌കേണ്ടി വരാത്തതു കൊണ്ട് കുറച്ചു സമയം കൊണ്ട് തന്നെ കുറെ ഉയരത്തില്‍ എത്തി ചേര്‍ന്ന പോലെ തോന്നി. പക്ഷെ അപ്പോഴും കൊളുക്കുമല വളരെ ഉയരത്തില്‍ തന്നെ ആയിരുന്നു. ഇന്ന് മുഴുവന്‍ നടന്നാലും അവിടെ എത്തുമോ എന്ന സംശയം മനസ്സില്‍ വന്നു.

അല്പം കഴിഞ്ഞപ്പോള്‍ ആണ് കാര്യങ്ങള്‍ ആകെ മാറിയത്. പെട്ടെന്ന് അന്തരീക്ഷം ആകെ മാറി. വെയില്‍ മാറി, ചെറിയ മഴ വന്നു, ഒപ്പം അതി ശക്തമായ കോടയും. അടുത്ത് നില്ക്കുന്നവരെ പോലും കാണാത്ത അവസ്ഥ. ക്യാമറയും പര്‍സും എല്ലാം ഒരു ബാഗില്‍ ആക്കി, ബാഗിന് മാത്രം ആയി ഉള്ള റെയിന്‍ കോട്ടും ഇടുവിച്ചു. ആ ചെറിയ മഴയും ആസ്വദിച്ചു നടന്നു.

ജീപ്പ് റോഡിലൂടെ അല്ലാതെ മലയുടെ മുകള്‍ ഭാഗം മാത്രം നോക്കി, കാണുന്ന വഴികളിലൂടെ ആണ് ഇത്രയും സമയം നടന്നിരുന്നത്. പല പല മടക്കുകള്‍ ആയി കിടക്കുന്ന ചെറിയ മലകള്‍ മാറി കയറിയാല്‍ വേറെ എവിടെയാണ് എത്തുക എന്നും അറിയില്ല. ഒരു ചെറിയ മല കയറി കഴിയുമ്പോള്‍ അതെ വലുപ്പത്തില്‍ അടുത്ത മല വരും. നേരെ നടന്നുകയറാന്‍ പലയിടത്തും വഴിയില്ലാത്തതിനാല്‍ പലപ്പോഴും വഴി മാറി കുറെ നടക്കേണ്ടി വന്നിരുന്നു. പിന്നെ കൊളുക്കുമലയുടെ അടുത്ത് മറ്റൊരു ഉയരം ഉള്ള തിപട മല ഉണ്ട് എന്നും കേട്ടിരുന്നു. വഴി തെറ്റി അവിടെ എങ്ങാനും എത്തുമോ എന്ന ശങ്കയും മനസ്സില്‍ . വഴിയില്‍ തേയില തോട്ടങ്ങള്‍ക്കിടയില്‍ ഉള്ള ചെറിയ കാടുകളില്‍ ആനകളെ കാണാനും സാദ്യത ഉണ്ടായിരുന്നു. അധികം പഴക്കം ഇല്ലാത്ത ആനപിണ്ഡം ഞങ്ങള്‍ വഴിയില്‍ ഒരിടത്ത് കണ്ടിരുന്നു. ഒഴിവു ദിവസം ആയതിനാല്‍ തേയില തോട്ടത്തിലെ ജോലിക്കാരെ ഒന്നും അവിടെ കാണാനും ഇല്ല.കുറെ നേരം നടക്കുമ്പോള്‍ ജീപ്പ് റോഡ് കാണുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ ഒരുപാട് ദൂരം നടന്നിട്ടും പലയിടങ്ങളിലേക്ക് നീണ്ടു പോകുന്ന നടപ്പാതകള്‍ ആല്ലാതെ മറ്റൊന്നും കാണാന്‍ ഇല്ല.

എല്ലാവരും ചേര്‍ന്ന് കൂടി ആലോചിച്ചു. വഴി തെറ്റിയാലും മുകളിലേക്ക് മാത്രം നടക്കുക. കുറെ കഴിയുമ്പോള്‍ ഒന്നുകില്‍ കോട മാറി മലകള എല്ലാം കാണാം അല്ലെങ്കില്‍ ഏതെങ്കിലും ജീപ്പ് റോഡില്‍ എത്തുന്നത് വരെ നടക്കുക. അതിനു ശേഷം റോഡിലൂടെ മാത്രം നടക്കാം. ഇടയ്ക്കിടെ വിശക്കുമ്പോള്‍ ഓരോ ബോണ്ടയും എടുത്തു കടിച്ചു തിന്നും, ദാഹം ഇല്ലെങ്കിലും വെള്ളവും കുടിച്ചും നടന്നു. തണുപ്പ് കൂടി കൂടി വരുന്നുണ്ടായിരുന്നു.

ചെറിയ ചെറിയ മലകള്‍ താണ്ടി ഒടുവില്‍ ഞങ്ങള്‍ ഒരു ജീപ്പ് റോഡില്‍ എത്തി. ഏകദേശം ഒന്നര മണിക്കൂര്‍ നേരത്തെ നടത്തത്തിനു ശേഷം ആണ് ഒരു ജീപ്പ് റോഡ് കണ്ടത്. റോഡില്‍ എത്തി അല്പം കഴിഞ്ഞപ്പോള്‍ ഒരു ജീപ്പ് മലയിറങ്ങി വരുന്നത് കണ്ടു. അവരോടെ വഴി ചോദിച്ചു. ഇനി ഒരു കിലോമീറ്റര്‍ മാത്രം നടന്നാല്‍ മല മുകളില്‍ എത്താം എന്നറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസം ആയി.
അങ്ങിനെ ഒടുവില്‍ നടന്നു നടന്നു ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയില തോട്ടത്തിന്റെ അടുത്ത് എത്താറായി. വഴിയില്‍ ഒരിടത്ത് നിങ്ങളിപ്പോള്‍ നില്ക്കുന്നത് 7130 അടി ഉയരത്തില്‍ ആണ് എന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു ബോര്‍ഡ് കണ്ടു. ആ ബോര്‍ഡിന്റെ അടുത്ത് നിന്നാല്‍ അപ്പുറത്തെ താഴ്വാരം മുഴുവന്‍ കാണാം. അല്പം മഞ്ഞു മൂടി ആണ് കിടക്കുന്നത് എങ്കിലും ആ താഴ്വാരം മൂന്നാറിലെ പരിസരപ്രദേശങ്ങള്‍ ആയ ടോപ് സ്റ്റേഷന്‍, കുരങ്ങിണി, ബോഡിമെട്ടു എന്നിവയാണ് എന്ന് പറഞ്ഞു കേട്ടപ്പോള്‍ അദ്ഭുതം തോന്നി. ഇത്രയും പൊട്ടു പോലെ കിടക്കുന്ന മൂന്നാറിന്റെ ഏകദേശം ഇരട്ടി ഉയരത്തില്‍ ആണ് നില്ക്കുന്നത് വിശ്വസിക്കാന്‍ പറ്റിയില്ല. ഏകദേശം രണ്ടു മണിക്കൂര്‍ നേരം നിറുത്താതെയുള്ള കയറ്റങ്ങള്‍ കയറി ഇത്രയും ഉയരത്തില്‍ എത്തി എന്ന് മനസ്സ് സമ്മതിക്കുന്നില്ല.

അവിടെ നിന്നും അര കിലോമീറ്റര്‍ ദൂരം കൂടി നടന്നാല്‍ തേയില ഫാക്ടറിയില്‍ എത്തും എന്ന് കേട്ടിരുന്നു. അവിടെ എത്താറായപ്പോള്‍ ചുറ്റും വേലി കെട്ടിയ തിരിച്ച ഒരു വെളി പ്രദേശത്ത് കുറെ ചെറുപ്പക്കാരെ കണ്ടു. പരസ്യമായി മദ്യപിക്കുകയും , ഡാന്‍സ് ചെയ്യുകയും, പാചകം ചെയ്യുകയും ചെയ്യുന്ന അവര്‍ മലയാളികള്‍ ആണ് എന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലായി. അവരില്‍ ഒരാളെ പരിചയപ്പെട്ടു. മുന്നാറിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്ന അവര്‍ ഒഴിവു ദിവസം ആഘോഷിക്കാന്‍ വന്നതായിരുന്നു. ഇവിടെ പോലീസും ചെക്കിങ്ങും ഒന്നും ഇല്ലാത്തതിനാല്‍ ഇടയ്ക്കു ഇവിടേയ്ക്ക് വരാറുണ്ടെന്നും അവര്‍ അറിയിച്ചു. അവരിപ്പോള്‍ നില്കുന്ന സ്ഥലം ഒരു ഹെലിപാഡ് ആണെന്നും ഈ തോട്ടത്തിന്റെ ഉടമസ്ഥന്‍ ഇടയ്ക്കു ഹെലികോപ്ടറില്‍ ആണ് വരാറുള്ളത് എന്നും അവര്‍ പറഞ്ഞു തന്നു. ഒരു പാട് വിദേശികള്‍ വരാറുള്ള ഈ കൊളുക്കുമലയില്‍ അവര്‍ക്ക് ടെന്റുകള്‍ അടിച്ചു താമസ സൗകര്യം ഒരുക്കുന്ന സ്ഥലവും ഇതാണ് എന്നും അവരില്‍ നിന്നും അറിഞ്ഞു.
ഒഴിവു ദിവസം ആയതിനാല്‍ തേയില ഫാക്ടറി അടഞ്ഞു കിടക്കുകയായിരുന്നു. അതിന്റെ അടുത്തുള്ള കെട്ടിടത്തില്‍ കൊളുക്കുമലയിലെ തേയില വില്പന നടത്തുന്ന ഔട്ട് ലെറ്റും അവിടത്തെ സ്‌പെഷ്യല്‍ ചായ കൊടുക്കുന്ന ചെറിയ കഫെയും തുറന്നു കിടക്കുന്നുണ്ടായിരുന്നു. അവിടെ കയറി തേയിലയുടെ  വില ചോദിച്ചു. കാല്‍ കിലോയുടെ ഒരു പാക്കിന് അറുപതു രൂപ. എല്ലാവരും കുറെ പാക്കുകള്‍ വാങ്ങി. ലോകത്തിന്റെ നെറുകയില്‍ വളരുന്ന ഓര്‍ഗാനിക് ടീ നമ്മുടെ കടകളില്‍ ലഭിക്കില്ലല്ലോ. അത് കൊണ്ട് തന്നെ കൊണ്ട് പോകാന്‍ പറ്റാവുന്നത്ര എല്ലാവരും വാങ്ങി. അവിടത്തെ തേയില കൊണ്ട് ഉണ്ടാക്കിയ ചായയും അവിടെ വെച്ച് രുചിച്ചു നോക്കി. ഒരു പ്രത്യേക രുചി. നല്ല നിറം. ആ നിറഞ്ഞ തണുപ്പില്‍ ഇത്രയും രുചികരം ആയ ചായ കുടിക്കുന്നത് തന്നെ ഒരു അനുഭവം ആയിരുന്നു. ഒരെണ്ണം കുടിച്ചിട്ടും മതിയാകാഞ്ഞിട്ടു രണ്ടാമതും ഒരെണ്ണം കൂടി കുടിച്ചു.

പൊതു അവധി ദിവസം ആയതിനാല്‍ ഫാക്ടറി അടഞ്ഞു കിടക്കുകയായിരുന്നു. അതിന്റെ ഗേറ്റ് തുറന്നു കിടന്നിരുന്നു. അതിലെ നടന്നു തുടങ്ങിയപ്പോള്‍ ഒരു വാച്ച്മാന്‍ കടന്നു വന്നു. താഴെ നിന്നും ഞങ്ങള്‍ നടന്നാണ് വന്നത് എന്നറിഞ്ഞപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞു തരാന്‍ അയാള്‍ താല്പര്യം കാട്ടി. ഫാക്ടറിയുടെ പുറകു ഭാഗത്ത് പോയാല്‍ ടോപ് സ്റ്റേഷനും കുരങ്ങിണിയും ബോടിമെട്ടും എല്ലാം കാണാം എന്നും പറഞ്ഞു ഞങ്ങളെ കൂട്ടി കൊണ്ട് പോയി.

വിവരിക്കാന്‍ കഴിയാത്ത അതിമനോഹര കാഴ്ചകള്‍ ആയിരുന്നു അവിടെ. അല്പം മുന്‍പ് കണ്ട താഴ്വരകള്‍ വളരെ വ്യക്തമായി കാണാവുന്ന വ്യൂ പോയിന്റ് ആയിരുന്നു അത്. മടക്കുകളായി കിടക്കുന്ന മല നിരകള്‍, അതിന്റെ ഇടയില്‍ വളഞ്ഞു പിരിഞ്ഞു കിടക്കുന്ന വഴികള്‍. എട്ടുകിലൊമീറ്റര്‍ നടന്നാല്‍ തമിഴ്നാട്ടിലെ കുരങ്ങിണിയില്‍ എത്താം അവിടെ നിന്നും പിന്നെ ടോപ് സ്റ്റേഷന്‍ വരെ നടക്കാനുള്ള വഴി ഉണ്ടെന്നും ഏകദേശം രണ്ടു ദിവസത്തെ ട്രെക്കിംഗ് പ്ലാന്‍ ചെയ്തു വന്നാല്‍ കൊളുക്കുമലയും, കുരങ്ങിണിയുംആസ്വദിച്ചു ടോപ് സ്‌റേഷന്‍ വഴി മുന്നാറിലൂടെ മടങ്ങി പോകാം എന്നും അയാള്‍ പറഞ്ഞു. വിദേശികള്‍ ഒരുപാട് ട്രെക്ക് ചെയ്തു വരാറുള്ള ഒരു വഴി ആണ് അത് എന്നും അറിഞ്ഞു. കുരങ്ങിണിയില്‍ ടെന്റുകള്‍ അടിച്ചു താമസിക്കാന്‍ പറ്റിയ കുറെ നല്ല സ്ഥലങ്ങള്‍ ഉണ്ട് എന്നും അവിടെ താമസിക്കാന്‍ ആരുടെയും അനുവാദം വേണ്ട എന്നും തുടങ്ങി അടുത്ത ഒരു ട്രക്കിംഗ് നടത്താനുള്ള എല്ലാ വിവരങ്ങളും അയാളില്‍ നിന്നും കിട്ടി. ചോദിക്കാതെ തന്നെ കുറച്ചു പണം കൈയില്‍ വെച്ച് കൊടുത്തപ്പോള്‍ അയാള് കൂടുതല്‍ വാചാലനായി.

അവിടത്തെ തൊഴിലാളികളുടെ ജീവിതം വളരെ കഷ്ടമാണ് എന്ന് തോന്നി. പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ ആ മലയുടെ മുകളിലെ ജീവിതം സങ്കല്പ്പിക്കാന്‍ പോലും ആകുന്നില്ല. അവര്‍ക്ക് എന്തെങ്കിലും വാങ്ങണമെങ്കില്‍ താഴെ തമിഴ്നാട്ടില്‍ പോകണം അല്ലെങ്കില്‍ സുര്യനെല്ലിയില്‍. ഏറ്റവും കുറഞ്ഞത്, ഒരു ഭാഗത്തേക്ക് എട്ടു കിലോമീറ്റര്‍ ദൂരം കാല്‍നടയായി പോയി വരണം. എന്നാലെ എന്തെങ്കിലും കിട്ടുകയുള്ളൂ. തേയില തോട്ടങ്ങളില്‍ കുറഞ്ഞ കൂലിയില്‍ അടിമകളെ പോലെ പണിയെക്കുന്ന ആളുകളെ പല യാത്രകളിലും കണ്ടിട്ടുണ്ട്. അതിന്റെ ആവര്‍ത്തനം തന്നെ ആയിരുന്നു ഇവിടെയും. മുകളില്‍ നിന്നും നോക്കിയാല്‍ തോട്ടം തൊഴിലാളികളുടെ വീടുകള്‍ അടുത്ത് കാണാം. ഒന്നോ രണ്ടോ ചെറിയ മുറിയില്‍ , കുറഞ്ഞ കൂലിയില്‍ , ആ കൊടിയ തണുപ്പില്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്ന ആളുകളെ കാണുമ്പോള്‍ നമ്മള്‍ എത്രയോ ഭാഗ്യവാന്മാര്‍ ആണ് എന്ന് തോന്നി പോകും.

കൊളുക്കുമലയില്‍ വരുന്ന സഞ്ചാരികള്‍ക്ക് താമസിക്കാനായി മൂന്നു മുറികള്‍ ഉള്ള ഒരു റിസോര്‍ട്ട് അവിടെ പണിതീര്‍ത്തിട്ടുണ്ടായിരുന്നു. വെറുതെ അത് കാണാന്‍ പോയി. വലിയ LED TV അടക്കം എല്ലാ സൗകര്യങ്ങളും ഉള്ള നല്ല മുറികള്‍. രണ്ടു പേര്‍ക്ക് ഒരു ദിവസം 4 5 0 0 രൂപയാണ് ചാര്‍ജ്. കാശ് ഇത്തിരി കൂടുതല്‍ ആണെങ്കിലും ഇത്രയും ഉയരത്തില്‍ ആ സുന്ദരമായ കാലാവസ്ഥയില്‍ ഒരു രാത്രി കഴിച്ചുകൂട്ടുന്നത് തികച്ചും അവിസ്മരണീയം ആയ അനുഭവം ആയിരിക്കും എന്ന് ഉറപ്പാണ്. പക്ഷെ അവിടത്തെ ഒരു മുറിയിലും സഞ്ചാരികള്‍ താമസിക്കുന്നുണ്ടായിരുന്നില്ല. എല്ലാ മുറികളുടെയും വാതിലുകള്‍ വെറുതെ ചാരിയിട്ടു ഒരു പണിക്കാരന്‍ പയ്യന്‍ മുറ്റത്ത് എന്തോ ചെയ്യുന്നുണ്ടായിരുന്നു.കുറെ നേരം അവിടെയെല്ലാം നടന്നും ഫോട്ടോകള്‍ എടുത്തും ആ നല്ല കാലാവസ്ഥ അനുഭവിച്ചും സമയം ചിലവഴിച്ചു. ഏകദേശം മൂന്നുമണി ആകാറായപ്പോള്‍ കൊളുക്കുമലയോട് വിട പറഞ്ഞു തിരികെ നടന്നു.

തിരികെ നടക്കുമ്പോള്‍ എളുപ്പവഴികള്‍ ഒഴിവാക്കി ജീപ്പ് റോഡിലൂടെ മാത്രം പോയാലോ എന്ന് എല്ലാവരും ചേര്‍ന്ന് തീരുമാനം എടുത്തു. വഴി ഇത്തിരി കൂടുതല്‍ ആയാലും കൃത്യമായി ഞങ്ങളെ താഴെ എത്തിക്കും എന്ന ചിന്തയില്‍ ആണ് ആ തീരുമാനം എടുത്തത് . അതനുസരിച്ച് ടാറിട്ട റോഡിലൂടെ കുറെ ദൂരം നടന്നു. കാലാ വസ്ഥക്ക് ഒരു മാറ്റവും ഇല്ല. കോട നിറഞ്ഞു ഒന്നും കാണാനാവാതെ കിടക്കുന്ന മലനിരകള്‍. കുറെ ദൂരം റോഡിലൂടെ നടന്നിട്ടും റോഡ് താഴേക്ക് ഇറങ്ങുന്ന ലക്ഷണം കാണുന്നില്ല. ഇത്രയും ദൂരം താഴേക്ക് നടന്നെങ്കില്‍ പെട്ടെന്ന് തന്നെ താഴെ എത്തുമായിരുന്നു എന്ന തോന്നല്‍ മനസ്സില്‍. അങ്ങോട്ടേക്കുള്ള വലിയ കയറ്റങ്ങള്‍ കയറിയതിനാല്‍ ശരീരം ക്ഷീണിച്ചു തുടങ്ങിയിരുന്നു. ഈ റോഡിലൂടെ പത്തു കിലോമീറ്റര്‍ നടക്കുന്നതില്‍ ഭേദം കാണുന്ന വഴിയിലൂടെ താഴേക്ക് ഇറങ്ങുകയാണ് നല്ലത് എന്ന് തോന്നി.എന്ത് വേണം എന്നറിയാതെ മനസ്സ് വല്ലാതെ ചാഞ്ചാടി .

തേയില ചെടികള്‍ക്കിടയിലൂടെ ഒരാള്‍ക്ക് മാത്രം പോകാന്‍ പറ്റുന്ന വഴിയിലൂടെ ഇറക്കം ഇറങ്ങുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആണെന്ന് കുറെ ഇറങ്ങി കഴിഞ്ഞപ്പോള്‍ ആണ് മനസ്സിലായത്. കയറിയ പോലെ അല്ല. മുന്നില്‍ പോകുന്ന ആളെ അല്ലാതെ ഒന്നും കാണാന്‍ വയ്യ. വഴിയില്‍ പലയിടത്തും ഉരുണ്ട കല്ലുകള്‍ കിടക്കുന്നുണ്ടായിരുന്നു. മഴ പെയ്യാറുള്ളത് കൊണ്ട് വഴിയില്‍ പലയിടത്തും ചെറുതായി പായല്‍ പിടിച്ചിട്ടും ഉണ്ട് .ഒരു സെക്കന്റ് നേരത്തെ ഒരു അശ്രദ്ധ മതി മറിഞ്ഞു വീഴാന്‍. പിന്നെ അല്പം മുന്‍പ് കയറി വന്ന വഴിയിലൂടെ അല്ല ഇപ്പോള്‍ ഇറങ്ങുന്നത്. കുറെ നടന്നിട്ടും മുന്‍പ് കയറി വന്ന അവസ്ഥ തന്നെ ആയി. എവിടെക്കാണ് പോകേണ്ടത് എന്ന് അറിയാത്ത അവസ്ഥ.വീണ്ടും ഒരു ജീപ്പ് റോഡ് കാണാന്‍ മനസ്സ് കൊതിച്ചു.

കുറെ ഇറങ്ങി ചെന്നിട്ടും എവിടെയും എത്തുന്നില്ല. അവസാനം നടന്നു എത്തിയത് ഒരു ചെറിയ കാട്ടിനടുത്തായിരുന്നു. മുന്‍പേ വടിയും കുത്തി നടന്നിരുന്ന രാജു ചേട്ടന്‍ നടത്തം നിറുത്താന്‍ ആംഗ്യം കാണിച്ചു. കൂടുതല്‍ ഒന്നും ചോദിക്കുന്നതിനു മുന്‍പേ പരിചയമുള്ള മണം മൂക്കില്‍ വന്നു കയറി. ആനയുടെ മൂത്രത്തിന്റെ മണം. കൂടുതല്‍ പറയാനോ, നോക്കാനോ, ബഹളം വെക്കാനോ, പരിഭ്രമം കാണിക്കാനോ, എത്തി നോക്കാനോ നിന്നില്ല. പതുക്കെ തിരിച്ചു നടന്നു.കാരണം ആന അവിടെ അടുത്ത് ഉണ്ട് എന്ന് ഉറപ്പായിരുന്നു.അത്രക്കും രൂക്ഷമായ, പുതിയ മണം ആയിരുന്നു അത്. കുറെ നടന്ന ശേഷം മറ്റൊരു വഴിയിലൂടെ താഴേക്ക് ഇറങ്ങി. വീണ്ടും നടത്തം … നടത്തം മാത്രം. താഴേക്കു മാത്രം നടന്നു ഏകദേശം രണ്ടു മണിക്കൂര്‍ ആകാറായി. എന്നിട്ടും ഒരു ജീപ്പ് റോഡ് കണ്ടില്ല.

നടത്തത്തിന്റെ അവസാനം അകലെ ഒരു ജീപ്പ് റോഡു കണ്ടു. അതോടെ ആ യാത്രയുടെ അവസാനം ആയി. ആ ജീപ്പ് റോഡിലൂടെ കുറെ ദൂരം നടന്നപ്പോള്‍ ഞങ്ങള്‍ രാവിലെ കയറി പോയ വഴി കണ്ടു. ഞങ്ങള്‍ കയറിപ്പോയ ആ വഴിയില്‍ നിന്നും ഏകദേശം അരകിലോമീറ്റര്‍ മാറിയാണ് തിരിച്ചു ഇറങ്ങിയത് എന്ന് അതോടെ ബോധ്യം ആയി.

അല്പനേരത്തെ വിശ്രമത്തിന് ശേഷം കാറിനടുത്തേക്ക് നടക്കുമ്പോള്‍ ശരീരം തളര്‍ന്നെങ്കിലും മനസ്സ് വളരെ ഉന്മേഷത്തില്‍ ആയിരുന്നു. അങ്ങകലെ മഞ്ഞു മൂടി കിടക്കുന്ന ആ മലയെ കീഴടക്കിയ സന്തോഷത്തില്‍ ആയിരുന്നു മനസ്സ്. ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങള്‍ , ഈ ഓര്‍മ്മകള്‍ ഇതോക്കെ ഒരിക്കലും അവസാനിക്കരുതെ എന്ന ആഗ്രഹത്തോടെ കൊളുക്കമലയോട് വിട പറഞ്ഞു.