കുടചാദ്രി കാണാന്‍ മഴനനഞ്ഞൊരു ബൈക്ക് യാത്ര

മുകളിലേക്ക് കയറുംതോറും മേഘങ്ങളിലേക്ക് ജീപ്പില്‍ യാത്രചെയ്യുന്നപ്രതീതി. വീതികുറഞ്ഞ റോഡിന്‍റെ ഇടതുവശം അഗാധമായ കൊക്കയാണ്. വശങ്ങളില്‍ ഭംഗിയോടെ നില്‍ക്കുന്ന വൃക്ഷങ്ങള്‍,. കോടമഞ്ഞിന്റെ കുടചൂടി നില്‍ക്കുന്ന അവയുടെ ശിഖരങ്ങളും ഇലകളുംഒക്കെയും ഒരു  കവിത പോലെ മനോഹരമായിരുന്നു..

#ഗുരുപ്രസാദ് 

മഴ നനഞ്ഞ് ഒരു മണ്‍സൂണ്‍ യാത്രയെ പറ്റി ആലോചിച്ചു ഉറക്കം കളഞ്ഞിരിക്കുന്ന നേരത്താണ് ശ്രീജിത്ത്‌ ഏട്ടന്‍റെ കാള്‍ വന്നത്. ഗുരൂ നമുക്ക് കുടജാദ്രിയിലേക്ക് വിട്ടാലോ ?? കേട്ട പാതി കേള്‍ക്കാത്ത പാതി പട്ടിണി കിടന്നവന് ചിക്കന്‍ബിരിയാണി കിട്ടിയ ആക്രാന്തത്തോടെ ഞാന്‍ ഓക്കേ പറഞ്ഞു . കേരളത്തിന്‍റെ വടക്കന്‍ ജില്ലകളെ മുഴുവന്‍ കവര്‍ ചെയ്തൊരു യാത്ര മുന്‍പ് തന്നെ ആഗ്രഹിച്ചിരുന്നു . രണ്ടുമാസം മുന്‍പ് സുഹൃത്തിന്‍റെ വിവാഹത്തിന് കാസര്‍കോഡ് പോകണം എന്ന് ആഗ്രഹിചിരുന്നുവെങ്കിലും നടന്നില്ല . അപ്പോഴാണ്‌ സൂപ്പര്‍ ലോട്ടോ ശ്രീജിത്ത്‌ ഏട്ടന്‍റെ രൂപത്തില്‍ അവതരിച്ചത് .

തൊടുപുഴയില്‍ നിന്നും പാലയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നുംമോക്കെയായി അഞ്ചാറ് റൈഡേഴ്സ് കൂടി വരുന്നു എന്ന് പറഞ്ഞിരുന്നു , പക്ഷെ യാത്ര തുടങ്ങുന്ന ദിവസം എത്തിയപ്പോള്‍ ഞാനും ശ്രീജിത്ത്‌ ഏട്ടനും പിന്നെ തിരുവനന്തപുരംകാരനായ പുതിയ സഞ്ചാരി സുഹൃത്ത്‌ അശ്വിനും ,. ബാക്കി എല്ലാവര്‍ക്കും മറ്റു പല തടസങ്ങള്‍,.എന്‍റെ പള്‍സറിനും ചെറിയ ഒരു പരുവക്കേട്‌ , എന്തായാലും യാത്ര മാറ്റിവെക്കാന്‍ മനസ് വന്നില്ല . രണ്ടു ബുള്ളറ്റുകളിലായി ഞങ്ങള്‍ കുടജാദ്രി ലക്ഷ്യമാക്കി ആക്സിലറേറ്റര്‍ ചുരുട്ടിപ്പിടിച്ചു..

പാദുക മണ്ഡപം

കൂത്താട്ടുകുളം എത്തിയപ്പോള്‍ പ്രതീക്ഷിച്ചത് സംഭവിച്ചു ,. തുള്ളിക്കൊരു കുടം കണക്കേ കോരിച്ചൊരിയുന്ന മഴ ,.! ഒന്നും നോക്കിയില്ല , ഒരുതുള്ളി വിടാതെ മുഴുവന്‍ നനഞ്ഞ് തിശൂര്‍ കാലടിയില്‍ സംസ്കൃത സര്‍വകലാശാല പിന്നിട്ടപ്പോള്‍ സമയം നാലുമണി കഴിഞ്ഞിരുന്നു . അവിടെ അംബരചുംബിയായ ശ്രീ ശങ്കര പാദുക മണ്ഡപം പ്രൌഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്നത് കണ്ടപ്പോള്‍ കയറി കാണാന്‍ ഒരാഗ്രഹം . രണ്ടു നാണയം കൊടുത്തു പാസ്‌ വാങ്ങി ഉള്ളില്‍ കയറി .

തിരുവനന്തപുരം തമ്പാനൂരെ ഇന്ത്യന്‍ കോഫീ ഹൌസ് സ്മരിപ്പിക്കുന്ന തരത്തിലുള്ള നിര്‍മിതിയാണ് മണ്ഡപത്തിന് ഉള്ളത് . എട്ടു നിലകളിലുള്ള മണ്ഡപത്തിന്റെ ഉള്ളില്‍ മുകളിലേക്ക് പിരിഞ്ഞു കയറുന്ന രീതിയില്‍ വഴി . ഭിത്തിയില്‍ ശങ്കരാചാര്യരുടെ ജീവിതത്തിലെ പല ഘട്ടങ്ങള്‍ ഒരു ആര്‍ട്ട് മ്യൂസിയത്തിലെ എന്നപോലെ ത്രീ ഡി ശില്‍പ ചിത്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു . മണ്ഡപത്തില്‍ ക്യാമറ നിരോധിചിരുന്നതിനാല്‍ ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ സാധിച്ചില്ല . ശ്രീ ശങ്കരാചാര്യര്‍ സര്‍വജ്ഞപീഠം കയറിയ ഇടത്തേക്ക് പോകാനിറങ്ങിയ ഞങ്ങള്‍ അദ്ധേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ കയറിയത് ഒരു നിമിത്തം പോലെ തോന്നിച്ചു .
kochi-panvel highway[ mangalore]

കൊച്ചി-പനവേല്‍ ഹൈവേയിലൂടി ഇടയ്ക്കുറങ്ങിയുണര്‍ന്നു പെയ്യുന്ന മഴയെ മുറിച് ഞങ്ങളുടെ ബൈക്കുകള്‍ വീണ്ടും പാഞ്ഞു ,. ഇടയ്ക്കോരോ ചായയും ചെറുകടിയും ..!

കോഴിക്കോട് മാവൂര്‍ റോഡില്‍ റൂം എടുക്കുമ്പോള്‍ സമയം പന്ത്രണ്ടു കഴിഞ്ഞു . ഉടുത്ത് മാറാന്‍ ഡ്രസ്സ്‌ എടുക്കാന്‍ ബാഗ് തുറന്നപ്പോള്‍ കണ്ണ് നിറഞ്ഞുപോയി ,. കൊണ്ടുപോയ തുണികള്‍ ഒക്കെയും നനഞ്ഞു അടപോലെ ആയിരിക്കുന്നു . ഒടുക്കം റയിന്‍ കോട്ടിന്റെ പ്ലാസ്റ്റിക്‌ പാന്‍റും പിഴിഞ്ഞുണക്കിയ ഒരു ഷര്‍ട്ടും ഇട്ട് ഞങ്ങള്‍ കോഴിക്കോടിന്റെ നോയമ്പ് രാത്രിയിലേക്ക്‌ ഇറങ്ങി , പാരഗന്‍ ഹോട്ടലില്‍ നിന്നും ബിരിയാണിയും ഉടുത്തുമാറാന്‍ എന്തെങ്കിലും വസ്ത്രവും വാങ്ങണം !
മുന്‍പ് നഗരത്തിന്‍റെ തിരക്കുകളില്‍ പലതവണ കൊഴികോട് കണ്ടിട്ടുണ്ടെങ്കിലും രാത്രിയുടെ നിഴല്‍ പരന്ന നിശബ്ദതയില്‍ , മഴ ഉറഞ്ഞ തണുപ്പില്‍ ബുള്ളറ്റിന്റെ ഹൃദയ താളത്തിന്‍റെ ഒപ്പം യാത്ര, ശരിക്കും ഒരു അനുഭവമായി തോന്നി .. ഗുടു ഗുടു ഗുടു …
തിരയിളകുന്ന കോഴിക്കോട് കടപ്പുറത്ത് അല്‍പനേരം ഇരുന്ന് കഥപറഞ്ഞ് നഗരം ചുറ്റി പാരഗന്‍ ഹോട്ടലിന്‍റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ കടയിലെ പിള്ളേര് കസേരയും മേശയും ഒക്കെ അടുക്കി കടയടയ്ക്കാന്‍ തുടങ്ങുന്നു ,. വിശപ്പിന്‍റെ നിലവിളി ഒച്ചയുമായി അലഞ്ഞ ഞങ്ങള്‍ക്ക് നല്ലവരായ കോഴിക്കോടന്‍ പോലീസിന്‍റെ സഹായംകൊണ്ട് ഹോട്ടല്‍ സാഗരയില്‍ നിന്നും സുലൈമാനിയും പൊറോട്ടയും കഴിച്ച് അടുത്ത ടേബിളില്‍ ഇരുന്ന് ബിരിയാണി കഴിക്കുന്നവനെയും കണ്ട് തൃപ്തിയടയേണ്ടിവന്നു .  ഭക്ഷണം കഴിച്ചശേഷം തിരികെ റൂമില്‍ വന്ന് വിരിച്ചിട്ട തുണികളുടെ അടിവശം ഒന്നുകൂടി പിഴിഞ്ഞ് ഞങ്ങള്‍ കട്ടിലിലേക്ക് മറിഞ്ഞു .
തലേന്നത്തെ യാത്രയും അലച്ചിലും കൊണ്ടാകും ഞങ്ങള്‍ മൂവരും എഴുനേല്‍ക്കാന്‍ താമസിച്ചത് ,. കോഫീ ഹൌസില്‍ നിന്നും ചായ എന്ന പേരുള്ള പാനീയവും പൂരിയും കഴിച്ചശേഷം ഞങ്ങള്‍ ഒന്‍പതരയോട് കൂടി ഗൂഗിള്‍ മാപ്പില്‍ നോക്കി കണ്ണൂര്‍ റോഡ്‌ മനസിലാക്കി ബൈക്കില്‍ കയറി . കുറെ ഓടിയപ്പോഴാണ് ശ്രദ്ധിച്ചത് ! വണ്ടിക്കു ഒരു ചെറിയ വലിവില്ലായ്മ , പിന്നെ അവനെയും കൊണ്ട് റോയല്‍ എന്‍ഫീല്‍ഡ് വര്‍ക്ക്ഷോപ്പിലേക്ക് ., സ്പാര്‍ക്ക് പ്ലഗ്ഗില്‍ വെള്ളം കയറിയതാണ് എന്ന് പ്രാഥമിക നിഗമനം നടത്തി എന്തൊക്കെയോ ചെയ്ത് വണ്ടി റോഡില്‍ ഇറക്കി , റൈഡേഴ്സ് ആയതുകൊണ്ടാകും സ്പെയര്‍ പാര്‍ട്സ് വില മാത്രമേ അവര്‍ ഈടാക്കിയുള്ളൂ ..
മലബാറിന്റെ ഭൂപ്രകൃതിയും പഴമ ചോരാതെ നില്‍ക്കുന്ന പഴയ നിര്‍മിതികളും പുഴകളും കടന്നു ഞങ്ങള്‍ മുന്‍പോട്ടു പോയി . മാഹിയില്‍ നിന്നും ഉച്ചക്കുള്ള ഭക്ഷണവും കഴിച്ച് യാത്ര തുടര്‍ന്നു .
പക്ഷെ അല്‍പം കഴിഞ്ഞപ്പോള്‍ വീണ്ടും പഴയ പ്രശ്നം ,. ആരോടൊക്കെയോ ചോദിച്ചും പറഞ്ഞും കണ്ണൂരിലെ തളിപ്പറമ്പിലെ ഒന്‍പതാം മയിലില്‍ ഉള്ള വര്‍ക്ക്ഷോപ്പില്‍ എത്തി , വിദഗ്ദ്ധനായ മെക്കാനിക് ചേട്ടന്‍ പ്രഥമ ദര്‍ശനത്തില്‍ പ്രശ്നം വിലയിരുത്തി ബാക്ക് വീല്‍ ഊരി ., അതാ ബ്രേക്ക് ലൈനര്‍ സ്പ്രിംഗ് പൊട്ടി കിടക്കുന്നു .
വണ്ടി ശരിയാക്കുന്നതിന്റെ ഇടയ്ക്ക് , സൊറ പറഞ്ഞു നിന്ന ഞങ്ങളോട് ഞങ്ങള്‍ നില്‍ക്കുന്ന ഇടത്ത് കഴിഞ്ഞ വാര്‍ഡ്‌ തിരഞ്ഞെടുപ്പില്‍ ബോംബ്‌ വീണതാണെന്നും തൊട്ടപ്പുറത്ത് നില്‍ക്കുന്ന ആല്‍ച്ചുവട്ടില്‍ രണ്ട് ആളുകളെ വെട്ടി കൊന്നതാണെന്നും ഒക്കെ നീളുന്ന മെക്കാനിക് ചേട്ടന്‍റെ വര്‍ണനകള്‍ കേട്ടപ്പോള്‍ മനസ്സില്‍ തെല്ലൊരു നടുക്കം തോന്നി . ചോര നിറഞ്ഞ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന കണ്ണൂരിന്‍റെ വളരെ അപകടം നിറഞ്ഞ ഇടത്താണ് ഞങ്ങളെന്നുള്ള തോന്നല്‍ .! കണ്ണൂരുകാര്‍ക്ക് ഇതൊരു സ്ഥിരം കാഴ്ചയാണ് . വെട്ടും കുത്തും ഇല്ലാത്ത കണ്ണൂര്‍ അവരുടെ സങ്കല്‍പ്പങ്ങളില്‍ പോലും വരില്ലത്രേ .. കഥകളൊക്കെ കേട്ട് ബ്രേക്ക് ലൈനറും മാറി വര്‍ക്ഷോപ്പില്‍ നിന്നിറങ്ങിയപ്പോഴേക്കും സമയം മൂന്നുമണി കഴിഞ്ഞു ,.
കണ്ണൂരിന്‍റെ അതിര്‍ത്തികള്‍ പിന്നിട്ട് കാസര്‍കോഡ് കടന്നപ്പോള്‍ കാഴ്ച മറ്റൊന്നായിരുന്നു . ഭൂപ്രകൃതിയും ആളുകളും വീടുകളും എല്ലാം കൌതുകംനിറഞ്ഞവ . പാറ നിറഞ്ഞ പ്രദേശങ്ങളില്‍ മരങ്ങള്‍ നന്നേ കുറവ് , വീടുകള്‍ തമ്മില്‍ ചിലയിടങ്ങളില്‍ കിലോമീറ്ററുകളുടെ ദൂര വ്യത്യാസം ., വിശാലമായി കിടക്കുന്ന പ്രദേശങ്ങള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ട ആരാധനാലയങ്ങളും കാഴ്ച്ചയുടെ അതിര്‌ തൊട്ട്  എവിടെയ്ക്കോ പോകുന്ന ഒറ്റയടിപ്പാതകളും അവിടവിടെയായി പറങ്കി മാവുകളും .. മാധ്യമങ്ങളിലൂടെ മാത്രമറിഞ്ഞ കാസര്‍ഗോഡിന്റെ മണ്ണിലൂടെ കടന്നുപോകുമ്പോള്‍ ആ നാടിന്‍റെ ദുരിത വാര്‍ത്തകള്‍ ഓരോന്നും മനസ്സില്‍ മിന്നിമാഞ്ഞു .
മൂകാംബിക ക്ഷേത്ര കവാടം . ഉള്ളില്‍ നിന്നുള്ള കാഴ്ച

കേരള അതിര്‍ത്തി കടന്ന് കര്‍ണാടകയില്‍ കടന്നപ്പോള്‍ ഞങ്ങളെ സ്വീകരിക്കാനെന്നോണം മഴ രൌദ്രഭാവം പുറത്തെടുത്തു .  മംഗലാപുരം , ഉടുപ്പി വഴി കൊല്ലൂര്‍ മൂകാംബിക ആയിരുന്നു ലക്ഷ്യം .  തിമിര്‍ത്തു പെയുന്ന മഴയും ചന്ദ്രനിലേതിനെ ഓര്‍മിപ്പിക്കുന്ന കര്‍ണാടകാ റോഡുകളിലെ അഗാധമായ ഗര്‍ത്തങ്ങളും താണ്ടി കൊല്ലൂര്‍ മൂകാംബിക എത്തിയപ്പോഴേക്കും സമയം രാത്രി ഒരു മണി കഴിഞ്ഞു . ആദ്യം കണ്ട മലയാളി ലോഡ്ജില്‍ (കൈരളി ) റൂം എടുത്ത് കുടജാദ്രി മലനിരകള്‍ സ്വപ്നംകണ്ട് ഞങ്ങളുറങ്ങാന്‍ കിടന്നു .

കൊല്ലൂരെ പ്രഭാതം

രാവിലെ ഏഴു മണിയോടെ ഞങ്ങള്‍ മൂവരും മൂകാംബിക ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. താമസിക്കുന്ന ലോഡ്ജില്‍ നിന്നും കുറച്ചുദൂരമേയുള്ളൂ ക്ഷേത്രത്തിലേക്ക് . കോടമഞ്ഞ്‌ പറന്നുകളിക്കുന്ന വഴി നടക്കുമ്പോള്‍ അങ്ങ് ദൂരെ കോടമഞ്ഞിന്‍ കുടചൂടിയ കോടചാദ്രി മലനിരകള്‍ ,. വഴിയില്‍ തദ്ദേശീയരായ കുട്ടികള്‍ സ്കൂളില്‍ പോകുന്നതിന്‍റെ തിരക്ക് . അടുത്തെവിടെയോ സ്കൂള്‍ ഉണ്ടാകും . വഴിയരികില്‍ എല്ലാക്ഷേത്രങ്ങളിലേതും പോലെ കടകമ്പോളങ്ങള്‍ . പല കടകളും മലയാളികളുടെതാണ് .

മൂകാംബിക ക്ഷേത്രം

വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം . ഇവിടുത്തെ ശിവലിംഗപ്രതിഷ്ഠ പരശുരാമൻ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നത് .

പരശുരാമന്‍ സൃഷ്ട്ടിച്ച പുരാതന കേരളത്തിന്‍റെ വടക്ക്‌ കൊല്ലൂര്‍ മൂകാംബിക, തെക്ക്‌ കന്യാകുമാരി, കിഴക്ക്‌ പാലക്കാട്‌ ഹേമാംബിക, പടിഞ്ഞാറ്‌ കൊടുങ്ങല്ലൂര്‍ ഭദ്രാംബിക എന്നീ നാല്‌ ദേവീരൂപങ്ങളുടെ കാവലിലാണ്‌ മലയാളദേശമെന്നാണ്‌ ആചാര്യ മതം. മലയാള ദേശത്തിന്‍റെ വടക്കു ഭാഗത്തിന്‍റെ കാവല്‍ ശക്തിയായി കാണുന്നതും ഈ ശക്തിസ്വരൂപിണിയെയാണ്‌. വടക്ക് ഗോകര്‍ണ്ണം മുതല്‍ തെക്ക് കന്യാകുമാരി വരെയായിരുന്നു പുരാതന കേരളം . കലയുടെയും സാഹിത്യത്തിന്‍റെയും ഉപാസകരെല്ലാം പ്രാര്‍ത്ഥിക്കുന്നത്‌ മൂകാംബികയെയാണ്‌.
ക്ഷേത്രോൽപ്പത്തിയെക്കുറിച്ചു പല സങ്കൽപ്പങ്ങളും ഐതിഹ്യങ്ങളും നിലവിലുണ്ട്‌.
പണ്ട്പണ്ട് ,. കോല മഹർഷി ഇവിടെ തപസ്സനുഷ്ടിച്ചിരുന്ന അവസരത്തിൽ ഇന്ദ്രപദവി ലഭിക്കുന്നതിനായി കംഹാസുരന്‍ എന്ന അസുരനും ശിവപ്രീതിക്കായി ഇതേ പ്രദേശത്തിൽ തപസ്സുചെയ്തു വന്നിരുന്നു. അസുരതപസ്സിൽ സന്തുഷ്ടനായി മഹാദേവൻ പ്രത്യക്ഷപ്പെട്ടപ്പോൾ വരം ചോദിക്കാതിരിക്കുവാന്‍ പാർവതിദേവി കംഹാസുരനെ മൂകനാക്കിക്കളഞ്ഞു. അങ്ങനെ കംഹാസുരന് മൂകാസുരൻ എന്ന പേരുംകിട്ടി. ഇതിൽ കോപിഷ്ടനായ മൂകാസുരൻ ദേവി ഭക്തനായ കോലമഹർഷിയെ ഉപദ്രവിക്കാനാരംഭിച്ചു. ഒടുവിൽ ദേവി മൂകാസുരനെ വധിക്കുകയും കോലമഹർഷിയുടെ അഭ്യർത്ഥന പ്രകാരം മൂകാംബിക ദേവിയായി അവിടെ കുടികൊള്ളുകയും ചെയ്തു എന്നാ‍ണു ഐതീഹ്യം . ആദിശങ്കരൻ ഈ പ്രദേശത്തു അനേക ദിനങ്ങൾ തപസ്സു ചെയ്തതിൽ ദേവി പ്രത്യക്ഷപ്പെട്ടു എന്നും, തന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട അതേ രൂപത്തില്‍ അദ്ദേഹം സ്വയംഭൂവിനു പുറകിലുള്ള ദേവിവിഗ്രഹം പ്രതിഷ്ഠിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. ആദിശങ്കരൻ നിശ്ചയിച്ച പൂജാവിധികളാണു ഇന്നും ഇവിടെ പിന്തുടർന്നു വരുന്നത്. കോലമഹര്‍ഷിയുടെ കാലശേഷം സ്ഥലനാമം കോലാപുരമായും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ കൊല്ലൂരായി മാറിയെന്നത്‌ പഴമ.
സരസ്വതി മണ്ഡപം

ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ കടന്നപ്പോള്‍ മനസ്സില്‍ അറിയാതെ തന്നെ ഒരാത്മീയ ശാന്തി വന്നതുപോലെ . “കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി..” എന്നുള്ള ഗാനം മനസ്സില്‍ അറിയാതെ പലകുറി ഉരുവിട്ടുപോയി..അത്രയ്ക്ക് ഭക്തിനിര്‍ഭരമായ അന്തരീക്ഷം .

ചതുര്‍ബാഹുവായ ദേവീരൂപമാണ്‌ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്നത്‌. ശംഖും ചക്രവും വരവും അഭയമുദ്രയും നാലുകൈകളിലായി ഏന്തി പത്മാസനത്തിലിരിക്കുന്ന പഞ്ചലോഹനിര്‍മിതമായ ദേവീ രൂപം . ഈ പ്രതിഷ്ഠക്ക്‌ മുന്നിലെ ജ്യോതിര്‍ലിംഗം സ്വയംഭുവാണ്. ശ്രീചക്രഭാവാത്മകമായ ജ്യോതിര്‍ലിംഗമാണത്‌. ഇത് ഒരു സുവര്‍ണ്ണരേഖയാല്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. സുവര്‍ണ്ണരേഖയുടെ വലതുവശം ശിവവിഷ്ണുബ്രഹ്മ ചൈതന്യവും ഇടതുവശം പരാശക്തിയുടെ ത്രിവിധ ഗുണങ്ങളും അന്തര്‍ലീനമാവുന്നു. ത്രിമൂര്‍ത്തികളും പരാശക്തിയും ഒറ്റ ചൈതന്യമാണിവിടെ. സ്ത്രീശക്തിയുടെ പരമമായ പ്രതീകമാണ്‌ ആദിപരാശക്തി . ദേവി വിഗ്രഹത്തിന്‍റെ മാറില്‍ ചാര്‍ത്തിയിരിക്കുന്ന മരതകരത്നം വളരെ അമൂല്യവും പ്രസിദ്ധവുമാണ്‌. സ്വര്‍ണ്ണത്തിലുള്ള സിംഹമുഖം, വെള്ളിയില്‍ തീര്‍ത്ത വാള്‍ എന്നിവയാണ് പ്രധാന  അലങ്കാരങ്ങള്‍.
കൊല്ലൂരിലെത്തുന്നഭൂരിഭാഗം ഭക്തരും മലയാളികള്‍ തന്നെ . തൃശൂരും തിരുവനന്തപുരവും കൊച്ചിയും കാസര്‍ഗോടുനിന്നും ഒക്കെയുള്ള ഭക്തര്‍ . എല്ലാവരുടെയും മുഖത്ത് അമ്മയെ കണ്ട് സങ്കടങ്ങള്‍ ആ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിച്ചതിന്റെ നിര്‍വൃതി . കുറച്ച് ചിത്രങ്ങള്‍കൂടി പകര്‍ത്തി ഞങ്ങള്‍ ക്ഷേത്രത്തില്‍ നിന്നും ഇറങ്ങി. മനസ്സില്‍ മണിയൊച്ചയും ദേവീ മന്ത്രങ്ങളും തങ്ങിനില്‍ക്കുന്നതുപോലെ തോന്നി.
കോടചാദ്രി മലയിലേക്കുള്ള എന്ട്രി

കുടജാദ്രി മല കയറുവാന്‍ ഞങ്ങള്‍ക്കുമുന്പില്‍ മൂന്നു മാര്‍ഗങ്ങളായിരുന്നു ഉണ്ടായിരുനത്.

1. എട്ടുകിലോമീറ്റര്‍ ബൈക്കില്‍ പോയാല്‍ അവിടെ മലയാളിയായ തങ്കപ്പന്‍ചേട്ടന്‍ എന്നൊരാളിന്റെ ചായക്കട ഉണ്ട്. അവിടെ നിന്നും കാട്ടില്‍കൂടി ഏകദേശം പത്ത് കിലോമീറ്റര്‍ നടന്നു പോകാം.
2. ബുള്ളറ്റ് കയറുന്ന വഴിയാണ് കുടജാദ്രിയിലേക്ക് എന്നാണു ലോഡ്ജിലെ കഷണ്ടി ചേട്ടന്‍ പറഞ്ഞത്. ചേട്ടന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ’’ ഒന്നങ്ങോട്ടും ഒന്നിങ്ങോട്ടും രണ്ട് വളവ്. ഒരു ചെറിയ കയറ്റം,. ധാ കുടജാദ്രി എത്തി’’ അതുപ്രകാരം ബൈക്കില്‍ മല കയറാം.
3. ആളൊന്നുക്ക് മുന്നൂറ്റി അമ്പതു രൂപ നല്‍കി ഷെയര്‍ ജീപ്പില്‍ പോകാം.
ഭൂരിപക്ഷതീരുമാനപ്രകാരം ഞങ്ങള്‍ തങ്കപ്പന്‍ ചേട്ടന്‍റെ കടയില്‍ ചെന്നൊരു കട്ടനുമടിച്ച് മലകയറാന്‍ തീരുമാനിച്ചു.
കാടിന്‍റെ ആ ഒരു ഹരിതാഭയും പച്ചപ്പും ഒന്നറിഞ്ഞ് മല കയറിയേക്കാം .. അങ്ങനെ ഞങ്ങളെ വഹിച്ച് ബുള്ളികള്‍ കോട മഞ്ഞു നിറഞ്ഞ മഴക്കാടുകളിലൂടി മലകയറ്റം ആരംഭിച്ചു. കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചകള്‍  നിറഞ്ഞ യാത്ര. ഇടയ്ക്ക് മഴയും പെയ്തുതുടങ്ങി.
ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായിരുന്നു.
ഇടയ്ക്ക് വണ്ടി ഓഫ് ചെയ്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴാണ് കാട്ടിലെ സംഗീതകച്ചേരി കേട്ടത് . പക്ഷികളും , കുരങ്ങന്മാരും ഏതെന്നറിയാത്ത കുറേ ജീവികളുമാണ് പാട്ടുകാര്‍ . കൂടെ ശ്രുതിമീട്ടാന്‍ മലയുടെ ഉച്ചിയില്‍ തട്ടി , മരങ്ങളില്‍ നിന്ന് പെയ്തിറങ്ങുന്ന മഴയും . തുള്ളിച്ചാടുന്ന സന്തോഷം ചെവിയിലൂടെയും കണ്ണുകളിലൂടെയും അരിച്ചിറങ്ങി നെഞ്ചിലെത്തുന്ന അനുഭവം .ഇടയ്ക്ക് എവിടെനിന്നോ വരുന്ന സര്‍വീസ് ബസ്സുകള്‍ ഞങ്ങളെ കടന്നുപോയി.
കൊടചാദ്രിയിലെക്കുള്ള വഴി

കാട്ടിലെ കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ നെട്ടൂര്‍ എന്ന കര്‍ണാടക ഗ്രാമത്തില്‍ എത്തി. തെരുവ് നായ്ക്കളും വെച്ചൂര്‍ പശുക്കളും അങ്ങിങ്ങായി അലഞ്ഞുതിരിഞ്ഞു നടക്കുന്നു , നാലോ അഞ്ചോ കടകളും ഒരു തപാലാഫീസും ഒരു ബസ്‌ സ്റൊപ്പും . ഇത്രയുമാണ് ഗ്രാമത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് കാണാവുന്ന പ്രഥമ ദൃശ്യങ്ങള്‍ . ഗ്രാമവാസികളോട് അറിയാവുന്ന ഭാഷയില്‍ കുടജാദ്രിയിലെക്കുള്ള വഴി ചോദിച്ചു. ഭാഷയറിയാത്ത ഞങ്ങളോട് പറഞ്ഞിട്ട് കാര്യമില്ലന്നു മനസിലായതുകൊണ്ടാകും അവര്‍ ഞങ്ങള്‍ സഞ്ചരിച്ച ദിക്കില്‍ അങ്ങ് ദൂരെ തലയുയര്‍ത്തിനില്‍ക്കുന്ന മലമടക്കുകളിലേക്ക് വിരല്‍ ചൂണ്ടി .

സമയം പന്ത്രണ്ടു മണി കഴിഞ്ഞു, നല്ലവിശപ്പ്‌! എന്തെങ്കിലും കഴിച്ചേക്കാമെന്നുകരുതി ഞങ്ങള്‍ ഗ്രാമത്തിലെ ഒരു ഹോട്ടലില്‍ കയറി. ഞങ്ങള്‍ കയറുമ്പോള്‍ ഹോട്ടലില്‍ നിന്നും ഒരു പശു ഇറങ്ങി പോകുന്നു. കന്നുകാലികളെ കെട്ടിയിട്ടു വളര്‍ത്തുന്ന സമ്പ്രദായം ഇവിടെ ഇല്ലാന്ന് തോന്നുന്നു. സ്വന്തം മക്കളെപോലെ അവര്‍ അവറ്റകളെ സ്നേഹിക്കുന്നു. കണ്ണില്‍ കണ്ടതൊക്കെ തിന്നും കുടിച്ചും അവറ്റകളങ്ങനെ സുഖമായി വിഹരിക്കുന്നു ..
വഴിയിലെ കാഴ്ച
തീന്‍ മേശയ്ക്കു ചുറ്റുമിരുന്ന ഞങ്ങള്‍ക്കു മുന്‍പില്‍ വലിയ മൂന്നു സ്റ്റീല്‍ പ്ലേറ്റുകളും മൂന്നു ഗ്ലാസ്‌ ചൂടുവെള്ളവും വന്നു. ആദ്യം ചൂടുവെള്ളത്തില്‍ നമ്മള്‍ തനിയെ പാത്രം കഴുകി വെള്ളം കളയണം. ശേഷം തൈരും ബിരിയാണി പോലെ എന്തോഒന്നും വിളമ്പി. കൂട്ടിനു തോരനും നാരങ്ങാഅച്ചാറും . ഒരു ഉരുള വായിലേക്ക് അടുപ്പിച്ചപ്പോള്‍തന്നെ സ്വാദു മനസ് നിറച്ചു. ശുദ്ധമായ പച്ചക്കറികള്‍ കൊണ്ട് കൃത്രിമമല്ലാത്ത മസാലക്കൂട്ടുകള്‍ ചേര്‍ത്തുണ്ടാക്കിയ നാടന്‍ ഭക്ഷണം. പിറകെ ചോറും പപ്പടവും മഞ്ഞക്കറിയും തൈരും. വയര്‍നിറയെ കഴിച്ചു. ശേഷം മംഗലാപുരം ഭാഗങ്ങളില്‍ ഉള്ള ഷിറ എന്ന മധുര ഭക്ഷണവും. മനസും വയറും നിറച്ച ഹോട്ടലിലെ സുമുഖയായ ചേച്ചിയോട് അറിയാവുന്നഭാഷയില്‍ ഒരു നന്ദി പറഞ്ഞ് ഞങ്ങള്‍ നെട്ടൂരിനോട് വിടവാങ്ങി .
ഇടതൂര്‍ന്ന കാടിന് നടുവിലൂടെ മഴനഞ്ഞുള്ള ഞങ്ങളുടെ യാത്ര കുടജാദ്രി മലയുടെ താഴ്വാരത്തില്‍ എത്തിയപ്പോഴാണ് നടന്നു മലകയറാനുള്ള പാത പിന്നിട്ട കാര്യം ഞങ്ങള്‍ക്ക് മനസിലായത് . ഇനി എന്തായാലും തിരികെ പോകുന്നില്ല ,.ബൈക്കില്‍ തന്നെ മലകയറാമെന്ന് പറഞ്ഞത് ശ്രീജിത്ത്‌ ഏട്ടനാണ് . ഇനി മുന്‍പില്‍ റോഡില്ല ,. മറ്റു പേരുകളൊന്നും ഇല്ലാത്തതുകൊണ്ട് മാത്രം റോഡെന്നു വിളിക്കപ്പെട്ട മലയിലേക്കുള്ളള്ള ജീപ്പ് പാത . ഒരുപാട് ഓഫ് റോഡ്‌ ട്രിപ്പുകള്‍ ബുള്ളറ്റുമായി പോയിട്ടുള്ളതിന്റെ തെല്ലൊരഹങ്കാരതോടെയും അതിലേറെ ആവേശത്തോടെയും ഗിയര്‍ ഡൌണ്‍ ചെയ്തു ഞങ്ങളുടെ കുടു കുടു വണ്ടി കുടജാദ്രിമലയിലേക്ക് മെല്ലെ കയറാനാരംഭിച്ചു ..
ആദ്യത്തെ അഞ്ചുമിനുട്ട് യാത്ര അത്ര പ്രയാസമുള്ളതായിരുന്നില്ല . പക്ഷെ ഫോറെസ്റ്റ് ചെക്ക്‌ പോസ്റ്റ്‌ കഴിഞ്ഞ് മുന്‍പോട്ടുള്ള യാത്ര കഠിനം തന്നെ . റോഡ്‌ എന്ന് പറയാനാവില്ല .പാറകള്‍ ഉന്തിനില്‍ക്കുന്ന, ഇരുവശങ്ങളിലും കുഴികളും, മഴപെയ്തു വെള്ളമൊഴുകി വരുന്ന വഴുവഴുപ്പുള്ളതുമായ വഴി . കൂട്ടിന് കുത്തു കയറ്റവും ഹെയര്‍പിന്‍ വളവുകളും ഗര്‍ത്തങ്ങളും . ജീപ്പുകള്‍ക്ക് മാത്രം കയറാവുന്ന നൂറു ശതമാനം ഓഫ്‌ റോഡ്‌ . രണ്ടു കാലുമൂന്നി വണ്ടി മുന്പോട്ടെടുക്കുംപോള്‍ അതിലും വേഗത്തില്‍ പിന്നിലേക്ക്‌ തെന്നി വരുന്നു. ഇടയ്ക്കു രണ്ടുതവണ അശ്വിന്റെ തണ്ടര്‍ബേഡ് ചെരിഞ്ഞു .
കൊടചാദ്രിയിലേക്കുള്ള മലമ്പാത

അധികം മുന്‍പോട്ടു പോകുന്നത് അപകടമാണെന്ന് മനസിലായതുകൊണ്ട് അമിത സാഹസങ്ങള്‍ക്ക്‌ മുതിരാതെ ബൈക്കുകള്‍ ഇടയ്ക്ക് ഒതുക്കി ഞങ്ങള്‍ പാട്ടും പാടി നടക്കാനാരംഭിച്ചു . അല്‍പം നടന്നപ്പോഴേക്കു ശ്രീജിത്ത്‌ ഏട്ടന്‍റെ ചാര്‍ജ് തീര്‍ന്നു. ആവേശമൊക്കെ ഗ്യാസായി ..  കയ്യില്‍ തൊണ്ട നനയ്ക്കാന്‍ ഒരുതുള്ളി വെള്ളംപോലും ബാക്കിയില്ല . ഇനി മല കയറി തിരികെയിറങ്ങാന്‍ ശക്തിയില്ലന്നു ബോധ്യമായി . അങ്ങനെ ഞങ്ങള്‍ നിരാശയോടെ തിരികെ യിറങ്ങി . ഞങ്ങളുടെ മൂവരുടെയും മുഖത്ത് പവനായി ശവമായ അവസ്ഥ .. എന്തൊക്കെയാരുന്നു .. ഒന്നങ്ങോട്ടും ഒന്നിങ്ങോട്ടും രണ്ടു വളവ് , പിന്നെ ഒരു കുഞ്ഞു കയറ്റം .. വഴിയേപ്പറ്റി പറഞ്ഞുതന്ന ലോഡ്ജിലെ ചേട്ടനെ കയ്യില്‍ കിട്ടിയാല്‍ …

അശ്വിന്‍റെ ബലിഷ്ടമായ കൈകളില്‍ ഞെരിഞ്ഞമരുന്ന കഷണ്ടിക്കാരന്‍ ചേട്ടന്‍റെ പിടലിയെപറ്റി ഓര്‍ത്തപ്പോള്‍ മനസ്സില്‍ ചിരിവന്നു.. അമ്മാതിരി തള്ളല്ലേ പുള്ളി തള്ളിയത്..!!
ആ എല്ലാം നിയോഗമായിരിക്കും .. ഭഗവത് ഗീതയില്‍ പറയുന്നതുപോലെ , സംഭവിച്ചതെല്ലാം നല്ലതിന് , സംഭവിക്കുന്നതും നല്ലതിനെന്ന് പറഞ്ഞ് ഞങ്ങള്‍ സമാധാനിച്ചു .. നാളെ വീണ്ടും വരാമെന്നു പറഞ്ഞ് കുടജാദ്രി മലയോട് തല്‍കാലം വിടപറഞ്ഞു .
സമയം മൂന്നുമണി കഴിഞ്ഞു . ഇനിയുള്ളത് ഏഷ്യയിലെ ഏറ്റവും പൊക്കമുള്ള വെള്ളച്ചാട്ടമായ ജോഗ് വാട്ടര്‍ഫാള്‍സ് ഉം ഏറ്റവും വലിയ ശിവപ്രതിമയുള്ള മുരുടെശ്വര ടെംമ്ബിളുമാണ് . സമയം അതിക്രമിച്ചതുകൊണ്ട് മുരുടെശ്വരാ പോകാമെന്ന് തീരുമാനിച്ച് വണ്ടി കൊല്ലൂരിനു തിരികെവിട്ടു . ഇടയ്ക്ക് മലയാളത്തില്‍ പേരെഴുതിയ ഒരു കര്‍ണാടകന്‍ ചായക്കടയില്‍ കയറി . ചൂട് വടയും ഈരണ്ടു ഗ്ലാസ്‌ ചായയും കുടിച്ച് പുറത്തു പെയ്യുന്ന മഴയും ആസ്വദിച്ചു അല്‍പ കുറേ നേരം അങ്ങനെ ഇരുന്നു . .
കൊല്ലൂരില്‍ തിരികെ എത്തി റൂമില്‍ കയറാന്‍ തുടങ്ങുമ്പോളാണ് അടുത്ത റൂമിലെ മലയാളി ഫാമിലിയേ കണ്ടത് . അവര്‍ മുരുടെശ്വര പോയി തിരികെ എത്തിയതാണ് . രാത്രി എട്ടുമണി വരെയേ ക്ഷേത്രത്തില്‍ പ്രവേശനമുള്ളൂ എന്നും സമയം അതിക്രമിച്ചതിനാലും ഞങ്ങളുടെ മുരുടെശ്വരാ പ്ലാനും തകര്‍ന്നു . കുളിച്ചു മുണ്ടുമുടുത്ത് ഞങ്ങള്‍ വീണ്ടും മൂകാംബിക ക്ഷേത്രത്തിലേക്ക് നടന്നു .
വാദ്യ മേളങ്ങളും സംഗീത കച്ചേരിയും ഒക്കെയായി മൂകാംബിക ക്ഷേത്രമതിലകത്ത് ഭക്തിലഹരി നിറഞ്ഞു നിന്നു . കൈകള്‍ കൂപ്പി കണ്ണുകളടച്ച്‌ അമ്മയുടെ സന്നിധിയിലങ്ങനെ ആനന്ദചിത്തരായി നനഞ്ഞ കണ്പീലികളോടെ എത്രയോ പേര്‍,. .

അമ്മയെ വണങ്ങിയ ശേഷം അന്നദാന മണ്ഡപത്തില്‍ നിന്നും ഭക്ഷണവും കഴിച്ച് ക്ഷേത്ര പരിസരത്ത് നില്‍ക്കുമ്പോഴാണ്‌ കഷായംപോലെയുള്ള എന്തോ പ്രസാദം വാങ്ങുവാന്‍ ആളുകളുടെ നീണ്ട ക്യൂ കണ്ടത്., എന്നാല്‍ അതുകൂടി വാങ്ങിയേക്കാം എന്നുകരുതി പുറത്ത് നിന്നും മൂന്നു പ്ലാസ്റ്റിക്‌ ടബ്ബയും വാങ്ങി ഞങ്ങളും ക്രൂവില്‍ പ്രവേശിച്ചു. എട്ടുമണിയോടെ ക്ഷേത്രം അടയ്ക്കാനുള്ള തിരക്കിലാണ് പൂജാരിമാര്‍. അതുകൊണ്ട് പ്രസാദം നല്‍കുന്ന കന്നടക്കാരനായ മെലിഞ്ഞ പൂജാരി തിരക്കുകൂട്ടി ആളുകളുടെ കൈയ്യില്‍ കഷായ പ്രസാദം ഒഴിച്ചുനല്‍കി വേഗം പറഞ്ഞുവിടുന്നു. ടബ്ബ നീട്ടിയവര്‍ക്ക് നേരെ അവഞ്ഞയോടെ മുഖംതിരിച്ച് ഈച്ചയെ ഓടിക്കുംപോലെ കൈകള്‍ വീശി വീശി വേഗം പോ വേഗം പോ എന്ന് കന്നടയില്‍ പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴാണ്‌ ശ്രീജിത്ത്‌ എട്ടന് പൂജാരി നിറഞ്ഞ മുഖപ്രസാദത്തോടൊപ്പം ടബ്ബ നിറയെ പ്രസാദം നല്‍കുന്ന കാഴ്ച അത്ഭുതത്തോടെ ഞങള്‍ കണ്ടത്,. തൊട്ട് പിറകിലുണ്ടായിരുന്ന ഞങ്ങള്‍ക്കും ടബ്ബയില്‍ കിട്ടി. ക്യൂവിന് പുറത്തിറങ്ങിയപ്പോളാണ് സംഗതിയുടെ ഗുട്ടന്‍സ്മനസിലായത്,. ശ്രീജിത്ത്‌ഏട്ടന്‍ പൂജാരിക്ക് കൈക്കൂലി നല്‍കിയിരിക്കുന്നു.. രണ്ടു കൈകളിലും പ്രസാദങ്ങള്‍ നിറച്ച സഞ്ചിയുമായി ധൃതിയില്‍ ഞങ്ങള്‍ക്ക് മുന്‍പേ നടന്നുപോകുന്ന ശ്രീജിത്ത്‌ഏട്ടനെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാന പുളകിതരായി.. ‘ഇത് താന്‍ടാ മലയാളി..’

 ക്ഷേത്രത്തില്‍നിന്നും റൂമിലേക്ക്‌ നടക്കുമ്പോഴാണ് ഞങ്ങളുടെ കൈവശമുള്ള പണത്തെപറ്റി ഞങ്ങള്‍ ബോധാവാന്മാരാകുന്നത്,. പ്ലാന്‍ ചെയ്തിരുന്നത് പ്രകാരം ഇന്നായിരുന്നു നാട്ടിലേക്ക് തിരികെ പോകേണ്ടിയിരുന്നത്‌. ഒരു ദിവസംകൂടി മൂകാംബികയില്‍ തങ്ങേണ്ടി വന്നാല്‍ പണി പാളിയതുതന്നെ! അതുകൊണ്ട് വെളുപ്പിനെ ആറരയ്ക്ക്സ്റ്റാര്‍ട്ട്‌ചെയ്യുന്ന ആദ്യ ജീപ്പില്‍ തന്നെ കുടജാദ്രിയിലേക്ക് പുറപ്പെടാന്‍ ഞങ്ങള്‍തീരുമാനിച്ചു. ഒപ്പം ഞങ്ങളുടെ റൂമും ഒഴിയണം. ഉച്ചക്ക് പന്ത്രണ്ടുമണി കഴിഞ്ഞാല്‍ ഒരുദിവസത്തെ വാടക കൂടി കൊടുക്കേണ്ടിവരും..
കേരളത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും യാത്രകളിലൂടെ മാത്രം പരിചയപ്പെട്ടവരായിരുന്നു ഞങ്ങള്‍ മൂവരും. മുന്‍പൊരിക്കലും ഞങ്ങള്‍ യാത്രികര്‍ എന്ന നിലയിലല്ലാതെ സംസാരിചിട്ടുകൂടിയില്ലായിരുന്നു.. ആ രാത്രിയില്‍ എല്ലാ മലയാളികളെയും പോലെ ലോക കാര്യങ്ങളും രാഷ്ട്രീയവും പ്രണയവും ഒക്കെ ചര്‍ച്ചചെയ്ത് എപോഴോ അറിയാതെ ഞങ്ങള്‍ ഉറക്കത്തിന്‍റെ ഫസ്റ്റ്ഗിയരിട്ടു.. ശ്രീജിത്ത്‌ഏട്ടന്‍റെ കൂര്‍ക്കംവലിയുടെ താളത്തില്‍ ഞങ്ങളുറങ്ങി..
മൂകാംബികയിലെ സൂര്യന്‍ പതിവുപോലെ കോടമഞ്ഞ്‌ പുതപ്പിനുള്ളില്‍ നിന്നും ഉണര്‍ന്നു, ഒപ്പം ഞങ്ങളും . കുളിമുറിയില്‍ ചൂടുവെള്ളം ഉണ്ടായിരുന്നതുകൊണ്ട് മടിപിടിക്കാതെ വേഗംകുളിച്ചൊരുങ്ങി പാതിയുണങ്ങിയ തുണികള്‍ പ്ലാസ്റ്റിക് കൂടുകളിലാക്കി ബാഗില്‍ നിറച്ചു സിപ്‌ ഇട്ടു. റൂമിലെ കീ തിരിച്ചുകൊടുത്ത്‌ സെറ്റില്‍ ചെയ്തശേഷം ഞങ്ങളുടെ ബാഗുകള്‍ ലോഡ്ജിലെ തന്നെ ആളൊഴിഞ്ഞ മൂലയില്‍ വയ്ച്ച് ഞങ്ങള്‍ ജീപ്പ് സ്റ്റാന്‍ഡിലേക്ക് നടന്നു.
മൂകാംബിക ക്ഷേത്രത്തിന്‍റെ മുന്‍പില്‍ തന്നെയാണ് ജീപ്പ് സ്റ്റാന്‍ട്. കുടജാദ്രിയെന്നു ഇംഗ്ലീഷില്‍ എഴുതിയ ജീപ്പുകള്‍വരിവരിയായി യാത്രികരെ കാത്ത്കിടക്കുന്നു. എട്ടുപേര്‍ തികഞ്ഞാല്‍ ജീപ്പ് പുറപ്പെടും. ആദ്യം കിടക്കുന്ന ജീപ്പില്‍ സീറ്റ് തരപ്പെടുത്തി അടുത്തുള്ള ചായക്കടയില്‍ നിന്നും ഒരു ചായയും കുടിച്ച് സഹായാത്രികര്‍ക്കായി കാത്തുനിന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ തൃശൂര്‍ നിന്നുള്ള കുറച്ചു ചെറുപ്പക്കാര്‍ ഞങ്ങള്‍ക്കൊപ്പം യാത്രികരായെത്തി. ആറരയ്ക്ക് പുറപ്പെടുവാന്‍ തീരുമാനിച്ച ഞങ്ങള്‍ ഏഴരയോടെ കുടജാദ്രിയിലേക്ക് പുറപ്പെട്ടു. തലേദിവസം ഞങ്ങള്‍ ബൈക്കില്‍ പോയ വഴികള്‍ താണ്ടി ജീപ്പ് ദൂരങ്ങള്‍ പിന്നിട്ടു. പുറത്ത് നല്ല ചാറ്റമഴ ..

ടാര്‍റോഡില്‍ നിന്നും കുടജാദ്രി മലയിലേക്കുള്ള വഴിയിലേക്ക് ജീപ്പിറങ്ങിയപ്പോള്‍ ജീപ്പിലിരുന്നുറങ്ങിയ ത്രിശൂരുകാരന്‍ ചേട്ടന്‍ ഞെട്ടിയുണര്‍ന്നു. പിന്നീടങ്ങോട്ട് ജീപ്പെന്ന വാഹനത്തിന്‍റെ അപാരതകള്‍ ഞങ്ങള്‍ നേരിട്ട് അനുഭവിക്കുകയായിരുന്നു..തലേദിവസം ബൈക്കുമായി ഞങ്ങള്‍ മുക്രയിട്ട ഇടങ്ങള്‍ വളരെ ലളിതമായി ഡ്രൈവര്‍ ഓടിച്ചുകയറ്റി. കല്ലുകള്‍ ഉന്തിനില്‍ക്കുന്ന, വഴുവഴുപ്പും കുഴികളും വശങ്ങളില്‍ ഗര്‍ത്തങ്ങളുമുള്ള കോടമഞ്ഞ്‌ നിറഞ്ഞ വഴിയില്‍കൂടി അതി വിദഗ്ധമായി അയാള്‍ വണ്ടിയോടിച്ചു..

ഗുരുത്വാകര്‍ഷണ നിയമങ്ങളൊന്നും അറിയാത്തതുകൊണ്ടാണോ എന്തോ ,വണ്ടി മറിയുന്നതുപോലെ ചരിഞ്ഞിട്ടും അയാളുടെ മുഖത്ത് ഒരു ഭാവഭേദങ്ങളും കാണാന്‍ കഴിഞ്ഞില്ല.
മുകളിലേക്ക് കയറുംതോറും മേഘങ്ങളിലേക്ക് ജീപ്പില്‍ യാത്രചെയ്യുന്നപ്രതീതി. വീതികുറഞ്ഞ റോഡിന്‍റെ ഇടതുവശം അഗാധമായ കൊക്കയാണ്. വശങ്ങളില്‍ ഭംഗിയോടെ നില്‍ക്കുന്ന വൃക്ഷങ്ങള്‍,. കോടമഞ്ഞിന്റെ കുടചൂടി നില്‍ക്കുന്ന അവയുടെ ശിഖരങ്ങളും ഇലകളുംഒക്കെയും ഒരു  കവിത പോലെ മനോഹരമായിരുന്നു  ..
കുലുങ്ങി മറിഞ്ഞ് കുടജാദ്രി മലയുടെ മുകളില്‍ എത്തി ജീപ്പ് നിര്‍ത്തിയപ്പോളാണ് തല ഒന്ന് നേരെ നിന്നത്. പിന്നിലിരുന്നു യാത്രചെയ്തവരൊക്കെ ജീവന്‍ തിരികെ നല്‍കിയതിനുള്ള നന്ദിയെന്നോണം ഡ്രൈവറിനെ വിനീതമായൊന്നു നോക്കി..
സര്‍വജ്ഞപീഠത്തിലേക്കുള്ള വഴി

ജീപ്പ് യാത്രയുടെ ക്ഷീണമെല്ലാം ക്ഷണനേരംകൊണ്ട് ഇല്ലാതാക്കുന്ന അന്തരീക്ഷമായിരുന്നു കുടജാദ്രി മലമുകളില്‍. കുളിരുന്ന കോടയും മേമ്പൊടിക്ക് മഴയും,.ധ്യാനനിമഗ്നമായ ശാന്തതയില്‍ തപസ്സു ചെയ്യുന്ന വൃക്ഷങ്ങളും..

ജീപ്പ് വന്നു നിന്നിടത്തുതന്നെ ഒരു ഭദ്രകാളീ ക്ഷേത്രവും അടുത്തടുത്ത്‌ തന്നെ പ്രതിഷ്ഠ എതെന്നറിയാത്ത മൂന്നു ക്ഷേത്രങളുമുണ്ടായിരുന്നു. അവിടെ തൊഴുത്ത് ശങ്കരാചാര്യരുടെ സര്‍വജ്ഞപീഠത്തിലേക്ക് ഞങ്ങള്‍ നടന്നു.
കുളിരില്‍ പച്ചപുതച്ച കുടജാദ്രി മലയുടെ ഉച്ചിയിലേക്കുള്ള നടപ്പ് വളരെ ഹൃദ്യമായിരുന്നു . എവിടെ നോക്കിയാലും കോടമഞ്ഞിന്റെ കാന്‍വാസുകളില്‍ പ്രകൃതി വരച്ച മനോഹരങ്ങളായ ചിത്രങ്ങള്‍ മാത്രം. അല്‍പമകലെയുള്ളതൊക്കെ നിഴല്‍ ചിത്രങ്ങള്‍പോലെയും..
അല്‍പംകൂടി മുകളിലെത്തിയപ്പോളാണ് പ്ലാസ്റ്റിക്‌ ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ താല്‍ക്കാലിക സെറ്റപ്പില്‍ ഒരു ചായക്കട കണ്ടത്. ചായക്കട എന്നൊന്നും പറയാനാവില്ലങ്കിലും ചായയും അത്യാവശം വിശപ്പ്‌ മാറാനുള്ളതൊക്കെയും ഇവിടെ ലഭിക്കും. അവിടെയെത്തി മൂന്നു ചായ പറഞ്ഞിട്ട് നില്‍ക്കുമ്പോളാണ് കൊട്ടയംകാരായ രണ്ടു സഞ്ചാരികളെ പരിചയപ്പെടുന്നത്. അമ്ബാവനതിലൂടെ പത്തുകിലോമീറ്റര്‍ നടന്നാണ് അവരെത്തിയത്. കുടജാദ്രി മലമുകളില്‍ താമസിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടെന്നുള്ള കാര്യം അവരില്‍നിന്നാണ് അറിഞ്ഞത്. ഒരാള്‍ക്ക്‌ ഭക്ഷണത്തോടൊപ്പം താമസത്തിന് ഇരുനൂറു മുതല്‍ മുന്നൂറ് രൂപാ വരെയേഉള്ളൂ.. പക്ഷെ മുന്‍കൂട്ടി ബുക്ക്ചെയ്യണമെന്നു മാത്രം. അല്‍പനേരത്തെ പരിചയപ്പെടലിനു ശേഷം അവരോടു യാത്രപറഞ്ഞ്‌ ഞങ്ങള്‍വീണ്ടും മലകയറ്റം ആരംഭിച്ചു.
മലമുകളില്‍ വീശിയടിക്കുന്ന കോടക്കാറ്റിനൊപ്പം തെളിഞ്ഞും മറഞ്ഞുമുള്ള കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ സര്‍വജ്ഞപീഠമെത്തി . മലമുകളില്‍ ഏകനായി ഒരു കല്‍മണ്ഡപം . ശ്രീ ശങ്കരാചാര്യരുടെ പ്രതിഷ്ടയാണ് ഉള്ളിലുള്ളത് .  അല്‍പനേരം ആ മഹാത്മാവിന്‍റെ മുന്‍പില്‍ ഞങ്ങള്‍ കൈകള്‍കൂപ്പി ഞങ്ങള്‍ നിന്നു.
സര്‍വജ്ഞപീഠം

സര്‍വജ്ഞപീഠത്തിനു പിറകില്‍ നിന്നും താഴേക്കു കുത്തനെയുള്ള ഒരു ഇറക്കമുണ്ട്, അതുവഴി പോയാല്‍ ശങ്കരാചാര്യര്‍ തപസനുഷ്ടിച്ച ചിത്രമൂലയിലെത്താമെന്നു കൊട്ടയംകാരായ സഞ്ചാരികള്‍ പറഞ്ഞത് അപ്പോഴാണ്‌ ഓര്‍ത്തത്‌. ദുര്‍ഘടവും അപകടം പിടിച്ചതുമായ വഴിയായതിനാല്‍ അവര്‍ ചിത്രമൂലയിലേക്ക് പോയിരുന്നില്ല.

കൊതിപ്പിക്കുന്ന കുടജാദ്രിയുടെ പ്രകൃതിയില്‍ ഞങ്ങള്‍ അലിഞ്ഞു ചെര്‍ന്നതുകൊണ്ടോ അതോ കോടമഞ്ഞ്‌മൂടി  ഗര്‍ത്തങ്ങളുടെ അപാരത കാണാന്‍ കഴിയാഞ്ഞതിനാലോ ഭയമെന്ന വികാരം ഞങ്ങളറിഞ്ഞില്ല.
കൂര്‍ത്ത കല്ലുകളില്‍ ചവുട്ടിയും പുല്ലിലും പാറയിലും അള്ളിപ്പിടിച്ചും ഞങ്ങള്‍ ചിത്രമൂലയിലേക്കുള്ള ഇറക്കമിറങ്ങി. വള്ളികളും വഴുവഴുക്കുള്ള പാറകളുമുള്ള കുതിറക്കമായിരുന്നു ചിത്രമൂലയിലേക്കുള്ള നടപ്പാത. ഞങ്ങള്‍ക്ക് മുന്‍പെപ്പോഴോ സഞ്ചരിച്ച സഞ്ചാരികള്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ ചോലവനത്തില്‍ അങ്ങിങ്ങായി കിടക്കുന്ന കാഴ്ച മനസ്സില്‍ ആരോടെന്നില്ലാത്ത അരിശം തോന്നിപ്പിച്ചു.

പെരുമ്പാമ്പിനെപോലെ മരങ്ങളില്‍ ചുറ്റിപ്പിടിച്ചു താഴേക്കുഞാന്നു കിടക്കുന്ന വള്ളികളിലും ഇരുവശങ്ങളിലും നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങളിലും ഒക്കെ പിടിച്ച് ഇറങ്ങുമ്പോള്‍ എവിടെ നിന്നോ ഒരു ചൂളംവിളി കേട്ടു..

“ തുജ്ഹെ ദേഖാ തോ യേ ജാനാസനം.. “
അതെ അതുതന്നെ.. ഇടവേളകളില്‍ ആ ശബ്ദം വീണ്ടും വീണ്ടും മുഴങ്ങി,. ഇത്ര ഭംഗിയില്‍ ആരാ ഈ കാട്ടില്‍ ചൂളമടിക്കുന്നതെന്ന് ആശ്ചര്യത്തോടെ ഞങ്ങള്‍ അന്യോന്യം ചോദിച്ചു. ഇനി താഴെ തപസിരിക്കുന്ന വല്ല സന്യാസിമാരാണോ .. ഹേയ്,. സന്യാസിമാര്‍ ചൂളമടിക്കുമോ.. ആവോ.. എന്തായാലും നടക്കാമെന്ന് പറഞ്ഞ് ഞങ്ങള്‍ യാത്ര തുടര്‍ന്നു.. സമയമറിഞ്ഞില്ല ഏറെ നേരത്തെ മലയിറക്കത്തിനൊടുക്കം ഞങ്ങള്‍ ചിത്രമൂലയുടെ താഴെയെത്തി.
ഞങ്ങള്‍ നില്‍ക്കുന്നിടതുനിന്നും ഏകദേശം പതിനന്ജടി പൊക്കത്തിലാണ് ചിത്രമൂല ഗുഹ. അവിടെയ്ക്ക് കയറുവാന്‍ തകര്‍ന്ന ഒരു ഏണിയും പിടിക്കുവാന്‍ ഒരുകയറും ആരോ സജ്ജമാക്കി വച്ചിരിക്കുന്നു. ബാഗും ഭാരമുള്ളതോക്കെയും താഴെ തന്നെ വച്ചിട്ട്‌ ഞങ്ങള്‍ ഓരോരുത്തരായി ഏണിയുടെ ഇളകിയൊടിയാറായ പടികളില്‍ ചവിട്ടിക്കയറി മുകളിലെത്തി.

ചിത്രമൂല ഗുഹ ; ശിവലിംഗവും കാണാം

അഗാധതയിലേക്ക്‌ അഭിമുഖമായുള്ള ചിത്രമൂല ഗുഹയുടെ ഉള്ളില്‍ ഒരു ശിവലിംഗവും വിളക്കുമുണ്ട്. ഒരാള്‍ക്ക്‌ നിവര്‍ന്നു നില്‍ക്കുവാനാകാത്ത ഗുഹയുടെ ഒരുവശത്ത് പാറയുടെ മുകളില്‍നിന്നും ഒഴുകിവന്നുകൊണ്ടിരിക്കുന്നു.

ശ്രീശങ്കരന്‍ തപസ്സിരുന്ന ചിത്രമൂലയില്‍ ചരിത്രപുസ്തകങ്ങളുടെ താളുകള്‍ മനസുകൊണ്ട് മറിച്ചുനോക്കി   ചമ്രംപിണഞ്ഞു ഇരിക്കുമ്പോഴാണ് തൃശൂര്‍ നിന്നും മൂന്നു ഗഡികളും കൂടി മലയിറങ്ങി ചിത്രമൂലയിലെത്തി. അരമണിക്കൂര്‍ നേരം അവരോടൊപ്പം ചിത്രമെടുപ്പും പരിചയപ്പെടലുമൊക്കെ കഴിഞ്ഞ് ഞങ്ങള്‍ ചിത്രമൂലയോട് യാത്രപറഞ്ഞു.
മുന്‍പ് ചൂളമടിച്ച ആളിനെ അവിടെയെങ്ങും കണ്ടില്ല.. അതൊരു പക്ഷി ആയിരുന്നിരിക്കാം,. പക്ഷെ മനസ്സിനു അതങ്ങോട്ട് വിശ്വാസം വരുന്നില്ല.. അപ്പോഴും എവിടെനിന്നോ മുഴങ്ങുന്നുണ്ടായിരുന്നു “ തുജ്ഹെ ദേഖാ തോ യേ ജാനാസനം.. “ ..
തിരികെ സര്‍വജ്ഞപീഠത്തില്‍ എത്തിയപ്പോഴേക്കും സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിരുന്നു. മണ്ഡപത്തിന്റെ ഒരു വശത്തായി ഒരു താല്‍ക്കാലിക ചായക്കടയും പ്രത്യക്ഷപ്പെട്ടു. അവിടെനിന്നും ഒരു ചായ കുടിച്ച് അല്‍പനേരം കൂടി അവിടെ നിന്നു. സമയം ഒരുമണി കഴിഞ്ഞു,. ഇപ്പോഴും വീശിയടിക്കുന്ന കോടക്കാറ്റ് വീശുന്നുണ്ട് പക്ഷെ കാഴ്ചകള്‍ കൂടുതല്‍ വ്യക്തമായിരുന്നു.
മനസ്സില്‍ ഏതോ സ്വപ്നം സഭലമായതുപോലെ ഞങ്ങള്‍ മൌനമായി മലയിറങ്ങി.
ജീപ്പ്ഡ്രൈവര്‍ അനുവദിച്ച സമയം അതിക്രമിച്ച വിവരം അപ്പോഴാണ്‌ ഞങ്ങള്‍ ഓര്‍ത്തത്‌. വളരെ വേഗം ജീപ്പ് നിര്‍ത്തിയ ഇടത്ത് ചെന്നപ്പോള്‍ ഞങ്ങളെ കാത്ത് മുഷിഞ്ഞിരിക്കുകയായിരുന്നു ഞങ്ങളുടെ സഹയാത്രികരായിരുന്നവര്‍. കുറച്ചു നേരത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ അശ്വിന്റെ സമയോചിതമായ ഇടപെടല്‍കൊണ്ട് രംഗം ശാന്തമാക്കി ഞങ്ങള്‍ തിരികെയാത്ര ആരംഭിച്ചു.
കൊല്ലൂരില്‍ എത്തി ജീപ്പ് ഡ്രൈവറിനു നാനൂറു രൂപാ വെയിറ്റിംഗ് ചാര്‍ജ് നല്‍കി, സഹയാത്രികര്‍ക്ക് വേണ്ട സമാധാനവും നല്‍കി ഞങ്ങള്‍ താമസിച്ച ലോഡ്ജില്‍ നിന്നും ബാഗുകള്‍ എടുത്ത് ബൈക്കില്‍ കയറി. ഏഷ്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗും മുരുടെശ്വരാ ക്ഷേത്രവും ഒക്കെ ലിസ്റ്റില്‍ ഉണ്ടായിരുന്നുവെങ്കിലും കയ്യിലെ പണം കമ്മിയായതിനാല്‍ മറ്റൊരിക്കലാവട്ടെ അവിടേക്കുള്ള യാത്രയെന്ന് തീരുമാനിച്ച് മനസിന്‍റെ ഓര്‍മ്മത്താളുകളില്‍ ആയിരം വര്‍ണ ചിത്രങ്ങള്‍ പതിപ്പിച്ച് ഞങ്ങളുടെ ബുള്ളറ്റുകള്‍ യാത്ര പറയാനെന്നോണമെത്തിയ മഴയിലൂടെ തിരികെ യാത്രതിരിച്ചു..
ഇനിയും പോവണം കോടജാദ്രിയില്‍,. മൂകാംബികയിലെ സന്ധ്യ കാണണം, സൌപര്‍ണികയില്‍ മുങ്ങി നിവരണം..
കൂടുതല്‍ചിത്രങ്ങള്‍ ഇവിടെ കാണാം :https://www.facebook.com/media/set/…