ധ്യാന മന്ത്രം ജപിക്കുന്ന കുടച്ചാദ്രിയിൽ…

    ബൈണ്ടൂർ ട്രെയിൻ നിർത്തി ഞങ്ങൾ ഇറങ്ങുമ്പോൾ സമയം ഏതാണ്ട് രണ്ടു മണി കഴിഞ്ഞു. ലോക്കൽ കമ്പാർട്മെൻറിൽ നിന്നും കുറെയധികം ആളുകൾ അവിടെയിറങ്ങി.
ഈ നേരം കൊല്ലൂർക്ക് വണ്ടിയൊന്നും കിട്ടില്ല. ടാക്സി വിളിച്ചാൽ അവർ പറയുന്ന പണം നൽകേണം. മാത്രമല്ല ഈ ഇരുട്ടത് ധൃതിയിൽ അവിടേക്ക് എത്തിയിട്ട് കാര്യമൊന്നുമില്ല. ഇന്ന് ഇവിടെഎവിടെയെങ്കിലും തന്നെ തങ്ങാമെന്നു തീരുമാനിച്ചു.
ബാഗിലുണ്ടായിരുന്ന പുതപ്പ് വിരിച്ചു ഞങ്ങൾ അതിൽ കിടന്നു.. മെല്ലെ കണ്ണുകളടച്ചു..
പുറത്ത് തണുത്ത മഴപെയ്യുന്നുണ്ടായിരുന്നു..

രാവിലെ അഞ്ചരയ്ക്കാണ് കൊല്ലൂർക്കുള്ള ആദ്യ ബസ്. അതിൽ തന്നെ പോകേണ്ടതുള്ളതുകൊണ്ട് അധികമുറങ്ങാൻ കഴിഞ്ഞില്ല. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി ഞങ്ങൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു. മഴ പെയ്തു കുഴച്ച മണ്ണിൽ മൊബൈൽ ടോർച്ചിന്റെ വെട്ടമടിച്ചു നടക്കുമ്പോൾ കൂടെ നടക്കുവാൻ എവിടെനിന്നോ വന്ന ഒരു നായയും വഴികാട്ടിയെപ്പോലെ ഞങ്ങൾക്കൊപ്പം കൂടി.
ആകാശത്തു വെള്ളകീറുന്നതിനു മുൻപ് ഞങ്ങൾ ഹൈവേയിൽ ബസ് സ്റ്റോപ്പിലെത്തി. ബസ്സുകൾ ഒന്നും കണ്ടില്ല. ഇടയ്ക്ക് റോഡിലൂടെ പോകുന്ന ചില ടാക്സിക്കാരും ഓട്ടോക്കാരും ഞങ്ങളെ സമീപിച്ചെങ്കിലും പോക്കറ്റിൽ മുറുകെപ്പിടിച്ചു ബസ് വരുവാൻ കാത്തുനിന്നു. ആറുമണിയോടടുത്തു ബസ്സുകൾ വന്നു. ആദ്യം പുറപ്പെടുന്ന ബസ്സിൽ സീറ്റ് പിടിച്ചു യാത്ര തുടങ്ങി..

ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. കാഴ്ചകൾ കണ്ണും മനസും തുറന്നു കാണണം.. പക്ഷെ എനിക്കുറങ്ങാതെ വയ്യ.. കൊല്ലൂർ എത്തും വരെ കുടചാദ്രി സ്വപ്നംകണ്ട് അഭിയുടെ തോളിൽ ചാരി സുഖമായുറങ്ങി..

കൊല്ലൂർ കാടിനു നടുക്കുള്ള ഒരു ചെറിയ ഗ്രാമമാണ്. കൃഷിയും കാലിവളർത്തലും ഒക്കെത്തന്നെയാണ് ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗങ്ങൾ. മൂകാംബികാ ക്ഷേത്രവുമായി ബന്ധപ്പെട്ടു രൂപപ്പെട്ട ഒരു സംസ്കാരമാണ് കൊല്ലൂരിനുള്ളത്. കടകൾ മിക്കതും മലയാളികളുടേത് തന്നെ.

കൊല്ലൂർ ബസ് സ്റ്റാൻഡിൽ ബസ്സ് നിർത്തിയപ്പോഴാണ് ഉറക്കത്തിൽ നിന്നും ഉണർന്നത്. ബാഗുകൾ എടുത്ത് നടന്നു. നാലുപേർക്ക് താമസിക്കാൻ ഒരു റൂം വേണം. മുൻപ് പോയപ്പോഴൊക്കെ കൈരളി റസിഡൻസിയിലാണ് താമസിച്ചിട്ടുള്ളത്. ഇത്തവണ തീരുമാനം സഹയാത്രികർക്ക് വിട്ടുനൽകി.

നടക്കുമ്പോൾ കുറച്ചകലെയായി മൂകാംബിക ദേവീ ക്ഷേത്രം. പിന്നെയും ദൂരേക്ക് നോക്കിയാൽ കോടമഞ്ഞിൽ പുതച്ചു നിൽക്കുന്ന കുടച്ചാദ്രി മലനിരകളും കാണാം..

ക്ഷേത്ര മത്തിൽക്കെട്ടിനു തൊട്ടടുത്തുള്ള ലോഡ്ജിൽ ഒരു മുറി തരപ്പെട്ടു. വലിയ സൗകര്യങ്ങൾ ഒന്നും നോക്കിയില്ല. ബാഗുകൾ സൂക്ഷിക്കണം,. കുളിച്ചു വസ്ത്രം മാറണം. അല്പം നേരം വിശ്രമിക്കണം..

ഏതാണ്ട് ഒന്പതുമണിയോട് അടുത്ത് ഞങ്ങൾ ക്ഷേത്രത്തിൽ എത്തി. ദർശനത്തിനായി അത്യാവശ്യം നല്ല തിരക്കുണ്ട്. ഭക്തർ ഭൂരിഭാഗവും മലയാളികൾ തന്നെ. വിരളമായി തമിഴും കന്നടയും സംസാരിക്കുന്നവരുമുണ്ട്

മറ്റെങ്ങും ഇല്ലാത്ത ഭക്തിയുടെ ലയമുഹൂർത്തങ്ങൾ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ നിരന്തരം സംഭവിക്കുന്നത്പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്. അമ്മയുടെ സമക്ഷത്തിൽ സംഗീത നൃത്ത ആർച്ചനകൾകൊണ്ട് കലാകാരന്മാർ മറ്റൊരു മായിക ലോകം സൃഷ്ടിക്കുകയും ഇഹലോകത്തിലെ എല്ലാ ഭാരങ്ങളും ദുഖങ്ങളും ആ സംഗീത സുഖലഹരിയിൽ അലിഞ്ഞു അമ്മയുടെ പാദത്തിലേക്ക് സമർപ്പിക്കുകയും ചെയ്യുന്ന അനുഭവം ഒരുപക്ഷേ ഈ ലോകത്ത് മൂകാംബികയിൽ അല്ലാതെ മറ്റെങ്ങും ഉണ്ടാവില്ല.

നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിൽ ആദിശങ്കരൻ കല്പിച്ച പൂജാവിധികൾ തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. മനസുനിറഞ്ഞ ദർശന ഭാഗ്യത്തിന് ശേഷം അല്പനേരം കണ്ണുകളടച്ചു ക്ഷേത്രത്തിന്റെ പരിസരത്തിരുന്നു.

ധ്യാനം..

ക്ഷേത്രത്തിൽ നിന്നുമിറങ്ങി രാവിലത്തെ ഭക്ഷണവും കഴിച്ചു റൂമിൽ പോയി വസ്ത്രം മാറി കുടച്ചാദ്രി മലകയറ്റത്തിനായി ഞങ്ങൾ തയാറായി. അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും അത്യാവശ്യം ഫസ്റ്റ് എയ്ഡും ഒരുപാക്കറ്റ് ഗ്ലൂക്കോസും രണ്ടുകുപ്പി വെള്ളവും കരുതി. കാട്ടിൽ അട്ടയുണ്ടാവുമെന്നു അറിയാമായിരുന്നെങ്കിലും കുടച്ചാദ്രി മലകയറുന്ന വഴിയിലുള്ള തങ്കപ്പൻ ചേട്ടന്റെ കടയിൽ നിന്നും ഉപ്പ് വാങ്ങാമെന്നു കരുതി. പത്തരയോടെ ഷിമോഹയിലേക്ക് പോവുന്ന ബസ്സിൽ കയറി ഞങ്ങൾ യാത്ര തിരിച്ചു. മിനിമം ചാർജ് നൽകിയാൽ മതിയാവും.

കാരക്കട്ടെ എന്ന സ്ഥലത്തു ബസ്സിറങ്ങി..
ഇവിടെ നിന്നാണ് കുടച്ചാദ്രിയിലേക്ക് അംബാവനത്തിലൂടെയുള്ള പാത തുടങ്ങുന്നത്. ഒരു ഗേറ്റ് അടഞ്ഞു കിടക്കുന്നത് മറികടന്നു ഞങ്ങൾ കാട്ടിലേക്കുള്ള വഴി നടന്നു. കരിയിലകൾ ഇളക്കി ഞങ്ങളെ കടന്നുപോയത് ഒരു പാമ്പാണെന്നു മനസ്സിലാക്കിയപ്പോൾ അടുത്തുകിടന്ന ഒരു വടിയെടുത്തു. കൊടും കാട്ടിലേക്കാണ് നടന്നു കയറുന്നത്. വഴി മുടക്കികളായി മൃഗങ്ങളോ പാമ്പുകളോ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു ശ്രദ്ധയോടെ നടന്നു. കയറ്റങ്ങളിൽ ഊന്നുവടി ഉപകാരമായി.

വഴിയിൽ അഞ്ചുപേർ ചേർന്നു വട്ടം പിടിച്ചാലും പിടി കിട്ടാത്ത അത്ര വലുപ്പമുള്ള വൃക്ഷങ്ങൾ കടപുഴകി ഞങ്ങളുടെ പാതയ്ക്ക് കുറുകെ കിടപ്പുണ്ടായിരുന്നു. അവിടെ നിന്നും കുറച്ചു ചിത്രങ്ങൾ പകർത്തി വീണ്ടും നടന്നു. അല്പനേരം എവിടെയെങ്കിലും നിൽക്കപ്പോൾ അട്ടകൾ കാലിൽ ചാടിക്കയറും.

ഇടതൂർന്ന വനത്തിലൂടെയുളള യാത്ര മരങ്ങളില്ലാത്ത മൈതാനങ്ങൾ താണ്ടി, പിന്നെയും മുൻപോട്ട് പോയി. ഞങ്ങളുടെ വഴി മറ്റൊരു വഴിയിലേക്ക് പ്രവേശിച്ചപ്പോഴാണ് ഇവിടേക്ക് വാഹനങ്ങൾക്ക് പോകുവാനുള്ള വഴി മറ്റൊന്നാണെന്നു മനസിലായത്. കൃത്യമായ വഴി അറിയില്ലെങ്കിലും ദിക്ക് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു..
ദൂരെ ആകാശത്തേക്ക് തല ഉയർത്തി നിൽക്കുന്ന പർവതങ്ങൾ മതിലുകളാണെന്നു തോന്നിക്കുന്ന ഒരു വിശാലമായ മൈതാനത്ത് ഞങ്ങൾ എത്തി. ഒരു ചെറിയ സ്‌കൂൾ അവിടെയുണ്ട്. പരിസരം നിരീക്ഷിച്ചു നടന്നപ്പോൾ ഫോറസ്റ്റ് ഡിപ്പാർട്ടമെന്റ് ചെക്പോസ്റ് അടുത്തുണ്ടെന്നു മനസിലായി. മലകയാറാനുള്ള അനുവാദം വാങ്ങി പാസ്സ് വാങ്ങിയാൽ മാത്രമേ തുടർന്ന് യാത്ര ചെയ്യുവാൻ സാധിക്കൂ..

തൊട്ടടുത്താണ് പ്രസിദ്ധമായ തങ്കപ്പൻ ചേട്ടന്റെ വീടും ചേർന്നുള്ള ചായക്കടയും.നിറഞ്ഞ പുഞ്ചിരിയോടെ ചേട്ടന്റെ ഭാര്യ ഞങ്ങളെ സ്വീകരിച്ചു.

ഓടുമേഞ്ഞ പഴയ വീടിനോടാനുബന്ധിച്ചു നിർമ്മിച്ച ചായക്കടയിൽ രണ്ടു മേശകളും ബെഞ്ചും നാലഞ്ചു കസേരകളുമുണ്ട്. കുടച്ചാദ്രി യാത്രികർക്ക് മാത്രമായുള്ളതാണ് ഈ സംവിധാനങ്ങൾ. ചായയും അത്യാവശ്യം വിശപ്പുമാറുവാനുള്ള പലഹാരവും പറഞ്ഞു ചേട്ടൻ എവിടെ എന്ന് ചോദിച്ചപ്പോൾ ചായയെടുക്കുന്ന തിരക്കിനിടയിൽ അവർ പുറത്തേക്ക് കൈചൂണ്ടി. പതിറ്റാണ്ടുകളായി പലരാൾ എഴുത്തപ്പെട്ടിട്ടുള്ള കുടച്ചാദ്രി യാത്രാവിവരണങ്ങളിൽ ഒന്നിൽ പോലും തങ്കപ്പൻചേട്ടനും അദ്ദേഹത്തിന്റെ കാടിനു നടുവിലുള്ള ചായക്കടയും വിട്ടുപോയിട്ടുണ്ടാവില്ല. അത്രമാത്രം പ്രശസ്തമാണ് ഈ കുഞ്ഞു കട അഥവാ സന്തോഷ് ഹോട്ടൽ.

നാല്പതു വർഷം മുൻപ് അങ്കമാലിയിൽ നിന്നും കൊല്ലൂർ വന്നതാണ് ചേട്ടനും ഭാര്യയും. കാടിനു നടുക്ക് കൃഷി ചെയ്യാൻ കുറച്ചു സ്ഥലം വാങ്ങി പ്രകൃതിയോട് പൊരുതിയും മെരുങ്ങിയും ജീവിതം.

തങ്കപ്പൻ ചേട്ടന് അടുത്തിടെയുണ്ടായഅസുഖങ്ങൾ മൂലം തീരെ സുഖമില്ല. സംസാരിക്കാനും നടക്കാനും ഒക്കെ വലിയ പ്രയാസമാണ്. ഞങ്ങളോട് സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു.

ഇരുവരും ഒരുമിച്ചു ഈ കാടിനുള്ളിൽ ജീവിതമാരംഭിച്ചു കാലമിത്രയും കടന്നു., ഒരിക്കൽപോലും അംബാവനത്തിലൂടെ യാത്രചെയ്ത ആർക്കും ഒരുതരത്തിലുള്ള അപകടങ്ങളും ഉണ്ടായിട്ടുള്ളതായി അവർക്ക് അറിയില്ല. കാടിനെ അവർക്ക് അത്ര വിശ്വാസമുണ്ട്. സാഹസികമായി ജീപ്പിൽ മലകയറുന്നത് 100% സുരക്ഷിതമല്ലെന്നാണ് അവരുടെ അഭിപ്രായം. കൊക്കയിലേക്ക് ജീപ്പ് മറിഞ്ഞു ഓരോ വർഷങ്ങളും ഒരുപാട് ജീവനുകൾ പൊലിയുന്നുണ്ട്.
വാർത്തകൾ പലതും പുറംലോകം അറിയുന്നില്ല എന്നുമാത്രം.
പത്തിരുപതുമിനുട്ട് അവിടെ ചിലവഴിച്ചുകാണും. ഇരുന്നാൽ കഥകൾ പറഞ്ഞും അറിഞ്ഞും ഇനിയുമിരിക്കും . സമയം തീരെയില്ല., ഇപ്പോൾ തന്നെ നേരം ഒരുപാടായി. ഇനിയും ഏറെ നടക്കാനുണ്ട്.
യാത്രപറഞ്ഞിറങ്ങിയപ്പോൾ ഒരുപിടി ഉപ്പുകല്ല് കുപ്പിയിലിട്ടു വാങ്ങി. വഴിയിൽ ആവശ്യംവരും !

ഒരാൾക്ക് മാത്രം നടന്നുപോകാവുന്ന നടവഴികളിൽ ഊന്നുവടികൊണ്ടു കാടിനെ വകഞ്ഞുമാറ്റിയും വള്ളിപ്പടർപ്പുകളിലും വേരുകളിലും പിടിച്ചുമുള്ള യാത്ര മുൻപത്തേതിനെക്കാൾ ശ്രമകരമായിരുന്നു. വഴിയേ മുറിച്ചൊരു വെള്ളച്ചാട്ടമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ വെള്ളമില്ല. ചെരുപ്പൂരി കയ്യിൽ പിടിച്ചു കണങ്കാൽ മുങ്ങാൻ മാത്രം വെള്ളമുള്ള അരുവിയെ കടന്നു മുൻപോട്ട്.

അംബാവനത്തിന് ഒരു സംഗീതമുണ്ട്.
ഇലകളെ ഇളക്കി കോട മഞ്ഞുമായി മെല്ലെ വീശുന്ന കാറ്റും, എവിടെയൊക്കെയോ മറഞ്ഞിരുന്നു ഗാനങ്ങൾ നീട്ടിമൂളുന്ന പക്ഷികളും . കണ്ണുകളടച്ചാൽ അലിയുന്നത്പോലെ സംഗീതം.

ഏറെ മുൻപോട്ട് ചെന്നപ്പോൾ സഞ്ചാരികൾ ചിലർ ഞങ്ങൾക്ക് എതിരെ വന്നു സലാം പറഞ്ഞു കടന്നുപോയി. ചിലർ ബാഗുകളിൽ ആരൊക്കെയോ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു മലയിറങ്ങുന്നു. പ്ലാസ്റ്റിക് വലിയ ഭീഷണിയാണ് ഇവിടെയും. പല വർണത്തിലും വലിപ്പത്തിലുമുള്ള പ്ലാസ്റ്റിക് കുപ്പികൾ, ലയ്‌സ് പാക്കറ്റുകൾ.

അമ്മയുടെ ഗർഭപാത്രത്തിൽ ഒഴികെ എല്ലായിടത്തും പ്ലാസ്റ്റിക് കുപ്പികൾ നമ്മൾ വലിച്ചെറിഞ്ഞിട്ടുണ്ട്. അഭിമാനിക്കാം ഈ ധന്യ മനുഷ്യ മാലിന്യജന്മങ്ങളെ ഓർത്ത്.

ഗ്ലൂക്കോസ് പാക്കറ്റ് കരുത്തിയിരുന്നതുകൊണ്ടു ക്ഷീണം അത്രകണ്ട് തോന്നിയില്ല. ചെങ്കുത്തായ ഇടങ്ങളിൽ വലിഞ്ഞു കയറുമ്പോൾ മകേഷും രമേശും അഭിയും വലിയ ഉത്സാഹത്തിൽ തന്നെ. യാത്രകളിൽ ഒരേ മനസുള്ള ചങ്ങാതികളെ കൂട്ടിന് കിട്ടുന്നത് ഒരു വലിയ ഭാഗ്യമാണ്.

വശങ്ങളിൽ ചെങ്കുത്തായ ഗർത്തങ്ങളുള്ള മലനിരകളുടെ മുകളിൽ ഒരാൾക് കഷ്ടിച്ചു നടക്കാവുന്ന വഴിയിൽ നടക്കുമ്പോൾ താഴെ സൗപർണികാ നദി ഒരു ഞരമ്പ് പോലെ ഒഴുകുന്നത് കാണാമായിരുന്നു. സദാസമയവും വീശിയടിക്കുന്ന കാറ്റ് ഒന്നാഞ്ഞു വീശിയാൽ അപ്പൂപ്പൻതാടികൾ പോലെ ഞങ്ങൾ പറന്നു താഴേക്ക് പോകുമെന്ന് തോന്നി. അംബാവനം അമ്മയുടെ മടിതട്ടുപോലെയാണ്., ഭയക്കേണ്ട.

മലമടക്കുകളിൽ നിഴൽ വിരിച്ചു സൂര്യൻ മെല്ലെ പടിഞ്ഞാറേക്ക് പോവുമ്പോൾ ഞങ്ങൾ ഊന്നുവടിയൂന്നി പുൽമേടുകൾ താണ്ടുകയായിരുന്നു.

മൂന്നുമണിയോടെ കുടച്ചാദ്രിയിൽ എത്തി. മുകളിൽ സഞ്ചാരികളുമായി വന്ന ജീപ്പുകൾ യാത്രക്കാരുടെ തിരിച്ചുവരവും കാത്തു നിരന്നുകിടക്കുന്നു..

ജീപ്പുകൾ നിർത്തിയിട്ടിരിക്കുന്നതിന്റെ അടുത്ത് തന്നെയാണ് മൂകാംബിക ദേവിയുടെ മൂലസ്ഥാനം. ഒരു മൂലക്ഷേത്രവും സമീപത്തായി ചെറിയ കോവിലുകളും ഉണ്ട്. മൂകാസുര നിഗ്രഹത്തിനു ശേഷം ഭൂമിയിൽ ഉറപ്പിച്ച ദേവിയുടെ ശൂലം ഇന്നും ഭക്തർക്ക് നിർവൃതിയും സഞ്ചാരികൾക്ക് കൗതുകവും നൽകുന്നു. പത്തു മീറ്ററോളം പൊക്കമുള്ള ശൂലം നിർമിച്ചിരിക്കുന്നത് എന്ത് തരം ലോഹക്കൂട്ട്കൊണ്ടാണ് എന്നുള്ളത് ഇന്നും ആർക്കും അറിവില്ല. കാലം സാക്ഷിയാക്കി ഇന്നും നാശമില്ലാതെ അത് നിൽക്കുന്നു.

ഇനി ശങ്കരാചാര്യർക്ക് മൂകാംബിക ദേവിയുടെ ദർശനം ലഭിച്ചുവെന്ന് പറയപ്പെടുന്ന സര്വജ്ഞപീഠം ഇനിയും രണ്ടുകിലോമീറ്റർ അകലെയാണ്. ഞങ്ങൾ അവിടേക്ക് നടന്നു. പച്ചപുതച്ച മലമടക്കുകളിൽ കോടമഞ്ഞു മൂടി നിൽക്കുമ്പോൾ പ്രകൃതി മന്ത്രങ്ങൾ ഉരുവിടുന്നത്പോലെ തോന്നും..

ആകാശത്തു മേഘങ്ങൾക്ക് അരികിലാണ് ഞങ്ങളിപ്പോൾ. മരങ്ങൾക്കും, പൂക്കൾക്കും, ഇലകൾക്കും മണ്ണിനുപോലും മറ്റെങ്ങും കാണാത്ത സൗന്ദര്യം. കോട നിറഞ്ഞു നിൽക്കുന്ന മലയിൽ കാറ്റടിക്കുമ്പോൾ ഇടയ്ക്ക് ദൃശ്യങ്ങൾ കൂടുതൽ വ്യക്തമാകുന്നുണ്ട്. ശങ്കരപീഠത്തിലേക്ക് നടക്കുമ്പോൾ ഒരു വശത് ചെങ്കുത്തായ ഗർത്തങ്ങളുണ്ട്. തീരെ വീതി കുറഞ്ഞ വരമ്പു പോലെയുള്ള നട വഴിയിലൂടെ നടക്കുമ്പോൾ ഭയം തോന്നിയില്ല. പ്രകൃതിയിൽ ഞങ്ങൾ ലയിച്ചത് പോലെ തോന്നി. .

കുടച്ചാദ്രിയിൽ എന്താണ് ഇത്ര കാണാനെന്നു ചോദിക്കുന്നവരോട് കാണാനല്ല, അതിലേറെ അനുഭവിക്കാനാണ് ഉള്ളതെന്നാണ് എന്റെ ഉത്തരം.

ഏറെ നടന്നപ്പോൾ അവ്യക്തമായി ശങ്കരപീഠം കാണാനായി. ശ്രീ ശങ്കരാചാര്യർക്ക് ഇവിടെവച്ചാണ് മൂകാംബികാ ദേവിയുടെ ദർശനം ലഭിച്ചതെന്നാണ് ഐതീഹ്യം. ഒരു കല്മണ്ഡപവും ഉള്ളിൽ കല്ലിൽ തീർത്ത ശങ്കരാചാര്യ വിഗ്രഹവുമുണ്ട്. മണ്ഡപത്തിൽ ചമ്രംപിണഞ്ഞു അല്പനേരം കണ്ണുകളടച്ചു. ആത്മശാന്തി ഉള്ളിൽ സൗപർണിക പോലെ ഒഴുകി..

ഗുരു,.. പോകാം.. മകേഷിന്റെ ഈ വിളി കേട്ടാണ് കണ്ണ് തുറന്നത്. നേരം ഒരുപാടായി. ഇനി തിരികെ കാട്ടിൽകൂടി കിലോമീറ്ററുകൾ തിരികെ നടക്കാനുള്ളതാണ്. സമയം അഞ്ചു മണി. ഇപ്പോൾ തിരികെ യാത്ര തുടങ്ങിയാലും വളരെ വൈകിയേ റോഡിൽ എത്താൻ കഴിയൂ..
ശങ്കരപീഠത്തിൽ നിന്നും അല്പം കൂടി താഴേക്ക് കാട്ടിലൂടെ നടന്നാൽ ശ്രീ ശങ്കരൻ തപസ്സ് ചെയ്ത ഗുഹ കാണാൻ കഴിയും. അവിടെ നിന്നുമാണ് സൗപർണികാ നദിയുടെ ഉത്ഭവം. മുൻപൊരിക്കൽ പോയിട്ടുണ്ട്‌. അവിടുത്തെ അനുഭവം മറ്റൊന്നാണ്. ഇത്തവണ സമയം പരിമിതമായതുകൊണ്ട് അവിടേക്കുള്ള യാത്ര ഉപേക്ഷിക്കേണ്ടിവന്നു.

ഇതുവരെയുണ്ടായിരുന്ന യാത്രാ ക്ഷീണമൊക്കെ ഞങ്ങൾ മറന്നിരുന്നു. ശരീരവും മനസും പുതുജീവൻ വച്ചതുപോലെ ഉണർന്നു. കുറച്ചു ചിത്രങ്ങൾ പകർത്തി ഞങ്ങൾ തിരികെ നടന്നു.

അംബാവനത്തിലൂടെ ഞങ്ങൾ വന്ന വഴികളിൽ ഇരുട്ട് വീഴാൻതുടങ്ങി. മൊബൈൽ വെളിച്ചത്തിൽ കാടിറങ്ങുമ്പോൾ എത്രയും വേഗം റോഡിൽ എത്തണം എന്നായിരുന്നു. അവസാനത്തെ ബസ്സ് പോയാൽ കർണാടകയിലെ ആ വനപ്രദേശത് ഞങ്ങൾ രാത്രി കഴിച്ചുകൂടേണ്ടിവരും. നടപ്പിൽ വേഗത കൂടി. അരുവികളും വള്ളിപ്പടർപ്പുകളും ചെങ്കുത്തായ ഗർത്തങ്ങളുടെ വശങ്ങളിലൂടെയുമുള്ള യാത്ര കിലോമീറ്ററുകൾക്ക് അപ്പുറം തങ്കപ്പൻ ചേട്ടന്റെ ചായക്കടയിൽ എത്തിയപ്പോൾ സമയം ഏഴായി.
ഒരു ചായ കുടിച്ചു ക്ഷീണം മാറ്റി ചേട്ടനോടും ഭാര്യയോടും യാത്ര പറഞ്ഞു നടപ്പ് തുടർന്നപ്പോൾ വീണ്ടുമൊരു അഞ്ചു കിലോമീറ്ററുകൾക്ക് അപ്പുറമുള്ള ബസ് സ്റ്റോപ്പായിരുന്നു ലക്ഷ്യം. ഗ്ലൂക്കോസ് പാക്കറ്റിൽ നിന്നും ഇടയ്ക്ക് അല്പം ഗ്ലൂക്കോസ് അകത്താക്കി വെള്ളം കുടിച്ചു വീണ്ടും യാത്ര തുടർന്നു.

ശങ്കര പീഠം

ഒന്പതുമണിയായി ഞങ്ങൾ റോഡിലെത്താൻ. വെളിച്ചമോ ആളുകളെയോ എങ്ങും കണ്ടില്ല. ഇടയ്ക്ക് ഇവിടെ നിന്നോ വന്നു പോകുന്ന ടൂറിസ്റ്റ് വണ്ടികളിൽ കൈകാണിച്ചതൊക്കെ വെറുതെയായി. ഇനിയെന്ത് ചെയ്യണമെന്ന് അറിയാത്ത റോഡിൽ വശത്തായി ഇരുന്നു. ചുറ്റും കാട് തന്നെ. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ബൈക്കിൽ ഇവിടെ നിന്നോ എത്തിയ കുറച്ചു യുവാക്കൾ ഞങ്ങൾക്ക് സഹായമായി. അടുത്ത ബസ് സ്റ്റോപ് വരെ ഞങ്ങളെ എത്തിച്ചു. അവിടെ നിന്നും കൊല്ലൂർക്ക് ഉള്ള അവസാന ബസ്സിൽ ഞങ്ങൾ ഇടംപിടിച്ചു. ബസ്സ് ചുരമിറങ്ങുമ്പോളും മനസ് കുടച്ചാദ്രിയിൽ തന്നെയായിരുന്നു..

#ഗുരുപ്രസാദ്