കേരളത്തിന്‍റെ നെതര്‍ലാന്‍റ്‌സ്..

കേരളം അവധിക്കാലം ആഘോഷിക്കാൻ തെരഞ്ഞെടുക്കുന്നവർ ഒഴിവാക്കാന്‍ കഴിയാത്ത  സ്ഥലമാണ് കുമരകം. വേമ്പനാട് കായൽതീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമായ ഇവിടെ കായൽപരപ്പിലൂടെ ഹൗസ്‌ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിൻതോപ്പിലിരുന്ന് ചൂണ്ടയിടാനുമൊക്കെ  അവസരമുണ്ട്.

 

കേരളം അവധിക്കാലം ആഘോഷിക്കാൻ തെരഞ്ഞെടുക്കുന്നവർ ഒഴിവാക്കാന്‍ കഴിയാത്ത  സ്ഥലമാണ് കുമരകം. വേമ്പനാട് കായൽതീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമായ ഇവിടെ കായൽപരപ്പിലൂടെ ഹൗസ്‌ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിൻതോപ്പിലിരുന്ന് ചൂണ്ടയിടാനുമൊക്കെ  അവസരമുണ്ട്.

ദേശാടന പക്ഷികൾ വിരുന്നത്തെുന്ന സാലിം അലി പക്ഷിസങ്കേതമാണ് ഇവിടത്തെ മറ്റൊരു ആകർഷണം.  ഇടതോടുകളിലൂടെ വള്ളങ്ങളിൽ സഞ്ചരിക്കുന്നതും രസകരമായ അനുഭൂതിയാണ്. നയനമനോഹരമായ ഗ്രാമീണ കാഴ്ചകൾക്കൊപ്പം കരിമീൻ പൊള്ളിച്ചതും ചെമ്മീൻകറിയുമടക്കം തനത് നാടന്‍  രുചിഭേദങ്ങള്‍  ആസ്വദിക്കാൻ ഇവിടെ എപ്പോഴും സ്വദേശികളും വിദേശികളുമടക്കം സഞ്ചാരികളുടെ തിരക്കാണ്.
കോട്ടയത്ത് നിന്ന് 12 കിലോമീറ്റർ അകലെയുള്ള കുമരകത്താണ് കായൽ നികത്തിയെടുത്ത കേരളത്തിലെ ആദ്യ കൃഷിയിടങ്ങൾ സ്ഥിതി ചെയ്യുന്നത്.  സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാൽ കുമരകം കേരളത്തിന്റെ നെതർലാൻറ്‌സ് എന്നും അറിയപ്പെടുന്നുണ്ട്. ആദ്യകാലത്ത് ചതുപ്പ് നിലങ്ങൾ മാത്രമായിരുന്ന ഈ പ്രദേശത്തെ ഇന്നത്തെ കുമരകമാക്കിയത് എം.ജി.ബേക്കർ എന്ന വിദേശിയാണ്‌.

1847ൽ അദ്ദേഹം കുമരകത്ത് എത്തുമ്പോൾ ഈ സ്ഥലത്തിന്റെ ഭൂരിഭാഗവും ചതുപ്പും ബാക്കി വേമ്പനാട് കായലിന് അടിയിലുമായിരുന്നു. രാജാവിൽ നിന്ന് പാട്ടത്തിനെടുത്ത 500 ഏക്കർ കഠിന പ്രയത്‌നത്തിലൂടെ പൊന്നുവിളയുന്ന കൃഷിഭൂമിയാക്കിയ ഇദ്ദേഹത്തിന്റെ പാത പിന്തുടർന്ന് പിൽക്കാലത്ത് മറ്റുപലരും ഇവിടെയത്തെി. ഇതോടെ ഇവിടം ജനവാസകേന്ദ്രമാവുകയായിരുന്നു. അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മാൾ തിങ്ക്‌സ്’ എന്ന ബുക്കര്‍ പുരസ്‌കാരം ലഭിച്ച   പുസ്തകത്തിലൂടെയാണ് കുമരകം വിശ്വപ്രസിദ്ധമായത്. ഈ നോവൽ പശ്ചാത്തലമാക്കിയിട്ടുള്ള കുമരകത്തിന് സമീപമുള്ള അയ്മനം ഗ്രാമവും സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്.

 

തെങ്ങിൻതോപ്പുകളും നെൽവയലുകളും ഒരുക്കുന്ന പച്ചപ്പാണ് കുമരകത്തിന്റെ സൗന്ദര്യം. വേമ്പനാട് കായലിന്റെ സാമീപ്യം ഈ സൗന്ദര്യത്തിന് മാറ്റേകുന്നു.  കണ്ടൽമരങ്ങൾ,പനകള്‍ തുടങ്ങി ധാരാളം മരങ്ങളും ഇവിടെ  വളരുന്നുണ്ട്. മഴക്കാലമത്തെുന്നതോടെ കുമരകത്തെ പച്ചപ്പിന്റെ സൗന്ദര്യം അതിന്റെ പൂർണതയിൽ എത്തുകയും ചെയ്യും.
പക്ഷിനിരീക്ഷകർക്ക് വരുന്നൊരുക്കി സൈബീരിയൻ ക്രെയിനുകളടക്കം ദേശാടനപക്ഷികൾ 14 കിലോമീറ്റർ വിസ്തൃതിയുള്ള പക്ഷി സങ്കേതത്തിൽ എത്താറുണ്ട്. വേമ്പനാട് കായലിന് നടുവിൽ കുമരകത്തിന് സമീപം സ്ഥിതി ചെയ്യുന്ന പാതിരാമണൽ ദ്വീപിലും ദേശാടനപക്ഷികൾ ധാരാളമായി കൂടൊരുക്കാറുണ്ട്. വേമ്പനാട് കായലാകട്ടെ കരിമീൻ, ചെമ്മീൻ,കക്ക തുടങ്ങി പലയിനം മൽസ്യങ്ങളുടെ ആവാസ കേന്ദ്രവുമാണ്.

ടൂറിസമാണ് പ്രദേശത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്. കൃഷിയും മൽസ്യബന്ധനവുമാണ് മറ്റ് വരുമാന മാർഗങ്ങൾ. ജലസേചനത്തിനും യാത്രക്കുമായി മീനച്ചിലാറുമായി ബന്ധപ്പെടുത്തി നിർമിച്ച ജലപാതകളും കനാലുകളും കുമരകത്തെ വ്യത്യസ്തമായ വിനോദസഞ്ചാരകേന്ദ്രമാക്കുന്നു.

മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കുമരകത്തെ മനോഹര അനുഭവം ഹൗസ്‌ബോട്ടിലെ കായൽസഞ്ചാരമാണ്. എറണാകുളത്ത് നിന്നും ആലപ്പുഴയിൽ നിന്നും ഹൗസ്‌ബോട്ടുകൾ വാടകക്ക് എടുത്ത് കുമരകത്ത് എത്തുന്ന സഞ്ചാരികൾ ധാരാളമുണ്ട്. . മരം കൊണ്ട് നിർമിച്ച ഹൗസ്‌ബോട്ടുകളിൽ പലതിലും നിരവധി ആധുനിക സൗകര്യങ്ങളുമുണ്ട്. എയർ കണ്ടീഷൻ,ഒന്നു മുതൽ മൂന്ന് ബെഡ്‌റൂമുകൾ,ടോയ്‌ലെറ്റ്,കിച്ചൺ,ബാൽക്കണി,റെസ്റ്റ് ഏരിയ തുടങ്ങി വ്യത്യസ്ത സൗകര്യങ്ങളുള്ള ഹൗസ്‌ബോട്ടുകളിൽ കോർപ്പറേറ്റ് കോൺഫറൻസുകൾ വരെ സംഘടിപ്പിക്കാറുണ്ട്. സഞ്ചാരികളുടെ പോക്കറ്റിനിണങ്ങും വിധം പകൽ സമയത്തുള്ള യാത്രയോ പകലും രാത്രിയുമുള്ള ഹൗസ്‌ബോട്ട് യാത്രകൾ തെരഞ്ഞെടുക്കാം.ഓഫ്  സീസണിലാണെങ്കിൽ ഹൗസ്‌ബോട്ട് വാടക നിരക്കിൽ നല്ല കുറവുണ്ടാകും.

ഓണക്കാലത്ത് ഇവിടെയത്തെുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ് കുമരകം വള്ളംകളിയാണ്. ചുണ്ടൻ വള്ളങ്ങൾക്ക് പുറമെ ഓടിവള്ളങ്ങളും,ചുരുളൻ,ഇരുട്ടുകുത്തി വള്ളങ്ങളും അണിനിരക്കുന്ന മൽസരത്തിലെ വിജയികൾക്ക് ശ്രീനാരായണ എവർറോളിംഗ് ട്രോഫിയാണ് നൽകാറ്.

എവിടെ യാത്ര പോയാലും അവിടത്തെ തനത് ഭക്ഷണം ഒന്ന് രുചിച്ചുനോക്കാതെ പോകാത്തവർക്ക് കുമരകത്ത് നിന്ന് ലഭിക്കുക ഒരിക്കലും മറക്കാത്ത രുചികളാകും. കരിമീൻ പൊള്ളിച്ചത് ,ചെമ്മീൻ ഫ്രൈ, ഞണ്ട് ഫ്രൈ, ഫിഷ് മോളി,കരിമീൻ മപ്പാസ് ,കപ്പയും മീനും തുടങ്ങി മൽസ്യ വിഭവങ്ങൾക്കൊപ്പം പാലപ്പം, മട്ടൺ സ്റ്റ്യൂ,താറാവ് ഫ്രൈ,ബീഫ് ഫ്രൈ തുടങ്ങി കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന രുചിക്കൂട്ടുകൾ കുമരകത്തിന്റെ മാത്രം പ്രത്യേകതയാണ്. റിസോർട്ടുകൾ,ബഡ്ജറ്റ് ഹോട്ടലുകൾ,ഹോംസ്റ്റേകൾ തുടങ്ങിയവക്കൊപ്പം ശുദ്ധമായ അന്തിക്കള്ള് ലഭിക്കുന്ന ഷാപ്പുകളിലും വരെ ഭക്ഷണപ്രിയർ തേടിയത്തൊറുണ്ട്.