ലക്ഷദ്വീപ് :ഒരു സ്വപ്ന യാത്ര…യാത്രികരേ ഇതിലെ ഇതിലേ..

                                              ലക്ഷദ്വീപ് യാത്രികര്‍ അറിയേണ്ടതെല്ലാം …
യൂസഫ്‌ മുഹമ്മദ്‌ 

ഇവിടെ ഞാന്‍ എഴുതാന്‍ പോകുന്നത് എന്റെ യാത്രാനുഭവം അല്ലാ മറിച്ച് ലക്ഷദ്വീപിലേക്ക് എങ്ങനെ പോകാം അതല്ലാ എന്തൊക്കെ ശരിയാക്കണം എന്ന കൊച്ചു വിവരങ്ങള്‍ ആണു. ആദ്യം തന്നെ ലക്ഷദ്വീപില്‍ പോകാന്‍ പാസ് പോര്‍ട്ട് വേണ്ടാ എന്നത് മനസ്സിലാക്കുക. ഫോട്ടോ ഉള്ള തിരിച്ചറിയല്‍ രേഖ ഉണ്ടായാല്‍ മാത്രം മതി.

ഒരാള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഉണ്ട് എങ്കില്‍ 3000 രൂപ കൊണ്ട് ഒരാള്‍ക്ക് ലക്ഷദ്വീപില്‍ പോയി വരാം..എന്താ വിശ്വാസമാകുന്നില്ലേ..??
ആദ്യ കടമ്പ ഒരു സ്‌പ്പോണ്‍സര്‍-
പരിചയം ഉള്ള ആരെങ്കിലും ലക്ഷദ്വീപില്‍ ഉണ്ടെങ്കില്‍ അവര്‍ വളരെ സന്തോഷ പൂര്‍വ്വം നമ്മുടെ സ്‌പ്പോണ്‍സര്‍ ആകും. ഇത്രയും നിഷ്‌കളങ്കരും സഹായ മനസ്‌കരുമായ ഒരു വിഭാഗം ഇപ്പൊഴും ഈ ഭൂമിയില്‍ ഉണ്ട് എന്നത് തന്നെ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും അവിടെ എത്തുന്ന ഒരോരുത്തര്‍ക്കും.

ആദ്യമായി നമ്മള്‍ പോകാന്‍ ഉദ്ദേശിക്കുന്നവരുടെ ഫുള്‍ അഡ്രസ്സ് നമ്മള്‍ സ്‌പോണ്‍സര്‍ക്ക് അയച്ചു കൊടുത്താല്‍ അവര്‍ അവിടെ നമ്മുടെ പേരില്‍ ചലാന്‍ അടച്ച് ഫോമും അക്‌നോലഡ്ജ്‌മെന്റും നമുക്ക് പോസ്റ്റല്‍ ആയി അയച്ചു തരും.
അത് നമ്മുടെ കയ്യില്‍ കിട്ടാല്‍ ഏകദേശം ഒരാഴ്ച എടുക്കും, അപ്പൊഴെക്കും നമ്മള്‍ നമ്മുടെ പോലീസ് സ്റ്റേഷനില്‍ പോയി ഇന്ന ആവശ്യത്തിനു വേണ്ടി എന്ന് അപേക്ഷ കൊടുത്താല്‍ ഒന്ന് രണ്ട് ദിവസങ്ങള്‍ക്കകം എസ് ഐ ഒപ്പിട്ട പോലീസ് വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നമുക്ക് കിട്ടും. ഇതില്‍ ശ്രദ്ദിക്കേണ്ട വിഷയം എന്താണെന്ന് വെച്ചാല്‍ ഫാമിലി ആയാണ് പോകുന്നതെങ്കില്‍ ഒരു അപേക്ഷയില്‍ തന്നെ ഭാര്യയുടെയും കുട്ടികളുടെയും ഒക്കെ പേരു ചേര്‍ത്താല്‍ മതി.

അടുത്ത കടമ്പ അയച്ചു തന്ന ഫോം പൂരിപ്പിച്ച് പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടി ഫിക്കറ്റും പോകുന്ന ഒരോ ആളുടെയും മൂന്ന് ഫോട്ടോ ,ഫോട്ടോ ഉള്ള ഐഡി പ്രൂഫ് എന്നിവ സഹിതം കൊച്ചിയിലെ വെല്ലിംഗ്ടണ്‍ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിസ്‌ട്രേഷന്‍ ഓഫീസില്‍ കൊണ്ട് കൊടുക്കുക എന്നതാണു.

തിങ്കള്‍ മുതല്‍ വെള്ളി വരെ ഏത് ദിവസം വേണെമെങ്കിലും ഫോമുമായി പോകാവുന്നതാണ്. ലക്ഷദ്വീപില്‍ പോകാന്‍ ഉദ്ദേശിക്കുന്നവര്‍ തന്നെ ഫോം കൊണ്ട് കൊടുക്കണം എന്നില്ലാ. അവിടെ ഫോം കൊടുത്ത് ഒരാള്‍ക്ക് 200 രൂപ സ്‌പ്പോര്‍ട്ട്‌സ് സെസ്സ് കൊടുത്ത് കഴിഞ്ഞാല്‍ അത് പൂര്‍ത്തി ആയി.
പിന്നെ കാത്തിരിപ്പാണു….
അവിടെ ഓഫീസില്‍ നടക്കുന്നത് അവര്‍ ആ ഫോം ചെക്ക് ചെയ്ത് അവിടെ ഉള്ള പോലീസ് സെല്ലിലേക്ക് കൈ മാറും,അവിടെ നിന്നും നമ്മുടെ പോലീസ് സ്റ്റേഷനിനേക്ക് അവര്‍ ഈ നമ്മള്‍ കൊടുത്ത പി സി സി യുടെ ആധികാരികത ചെക്ക് ചെയ്യാന്‍ മെയില്‍ ചെയ്യും,അത് ജന്യൂയിന്‍ ആണെന്ന് കാണിച്ച് റിട്ടേണ്‍ വന്നാല്‍ വീണ്ടും നമ്മൂടെ അപേക്ഷ സൂപ്രണ്ടിനു കൈമാറും,അത് അഡ്മിനിസ്‌ട്രേറ്റര്‍ ഒപ്പ് വെച്ച് നമുക്ക് 15 ദിവസത്തെ പെര്‍മ്മിറ്റ് അനുവദിച്ച് തരും..

ദ്വീപിലെ ഏറ്റവും ആകർഷണീയമാണു സ്ക്യൂബ ഡൈവ്‌..ഒരാൾക്ക്‌ 2000 രൂപ ആണു ചാർജ്ജ്‌ സർക്കാർ വഴി പോകുന്നതിനെക്കാൾ നല്ലത്‌ പ്രൈവറ്റ്‌ വഴി ഡൈവ്‌ ചെയ്യുന്നതാണു അവർ ആകുംബോ കൂടുതൽ സമയവും റേറ്റിൽ അത്യാവശ്യം കൺസഷനും കിട്ടും നമ്മൾ നാലു പേർ പോയത്‌ 7000 രൂപ കൊടുത്താണു..ഒരിക്കലും ആ പൈസ നഷ്ടം ആയെന്ന് തോനില്ലാ..അത്‌ ഞാൻ ഗ്യാരണ്ടി..!!

ഇടക്കിടെ വിളിച്ച് ചോദിച്ചാല്‍ മാത്രമേ ഇത് ഒരു ഒരാഴ്ച കൊണ്ട് എങ്കിലും പ്രോസസ് ആകുള്ളൂട്ടാ..അത്രക്ക് ആണു അവരുടെ ജോലിയോടുള്ള കൂറു…പോലീസ് സെല്‍ സൂപ്പറാ അവര്‍ ഒരു അപേക്ഷ പോലും കയ്യില്‍ വെച്ചിരിക്കില്ലാ അവിടെത്തെ എസ് ഐ സാറിനു സ്പഷല്‍ സല്യൂട്ട്..
അടുത്ത സ്റ്റപ്പ് ഷിപ്പ് ടിക്കറ്റ് എടുക്കല്‍ ആണ്. നമ്മള്‍ പോകാന്‍ ഉദ്ദേശിച്ച ദ്വീപിലേക്കുള്ള ഷിപ്പ് ചാര്‍ട്ട് ചെയ്യുന്നതിനെ ദ്വീപുകാര്‍ പ്രോഗ്രാം എന്നാ പറയുക..അപ്പൊ എപ്പൊഴാണു നമുക്ക് പ്രോഗ്രാം എന്ന് നോക്കി ഷിപ്പ് ടിക്കറ്റ് എടുക്കുക.കോഴിക്കോട്, ബേപ്പൂര്‍,കൊച്ചി,മംഗലാപുരം എന്നീ പോര്‍ട്ടുകള്‍ വഴി നമുക്ക് പോകാം നമുക്ക് അനുവദിച്ച് തന്ന 15 ദിവസത്തിനകം നമ്മള്‍ പോയി വരണം എന്നതിനാല്‍ ഏത് പോര്‍ട്ട് വഴിയാണു ആദ്യം ഷിപ്പ് എന്ന് നോക്കി ടിക്കറ്റ് എടുക്കുക. പ്രോഗ്രാം നടക്കുന്നതിന്റെ നാലു ദിവസം മുന്നെ മാത്രമേ ടിക്കറ്റ് ഇശ്യൂ ചെയ്യൂ എന്നത് ഒരു വന്‍ കടമ്പ ആണെട്ടാ… ഷിപ്പ് പുറപ്പെടുന്ന പോര്‍ട്ടീന്ന് ദിവസ പരിധി ഇല്ലാതെ ടിക്കറ്റ് കിട്ടുകയും ചെയ്യും.
റിട്ടേണ്‍ ടിക്കറ്റ് അവിടെ എത്തിയതിനു ശേഷം എടുത്താ മതീ എന്നര്‍ത്ഥം
മൂന്ന് തരത്തിലാണു ടികറ്റ് നിരക്ക്
1: ഫസ്റ്റ് ക്ലാസ് കാബിന്‍ ഏകദേശം 2900 രൂപ
2 : സെക്കന്റ് ക്ലാസ് കാബിന്‍ ആയിരം രൂപ
3 : ബങ്ക് ക്ലാസ് ഇത് സ്‌പോണ്‍സര്‍ ഉണ്ടെങ്കില്‍ മാത്രെ കിട്ടുള്ളൂ . 380 രൂപ.
ബങ്ക് ക്ലാസ് എന്നു കരുതി കൊച്ച് ആക്കി കാണണ്ടാ ട്ടാ. ഏതൊരു റിസോര്‍ട്ടിനോടും കിടപിടിക്കുന്ന സൗകര്യങ്ങള്‍ ആണു അതിലും-ഫുള്ളി എയര്‍ കണ്ടീഷണ്‍ഡ് പോരാത്തതിനു നല്ല വൃത്തി ഉള്ള ബാത്ത്രൂമുകളും ഇതൊക്കെ നമ്മൂടെ റെയില്‍വെ ക്ക് മാതൃക ആക്കാവുന്നതാണു..!

നമ്മള്‍ കവരത്തി ദ്വീപിലേക്ക് മാത്രം ആണു പെര്‍മ്മിഷന്‍ എടുത്തത് ,എന്നാല്‍ നമ്മള്‍ പോയ ഷിപ്പ് മറ്റു നാലോളം ദ്വീപില്‍ ടച്ച് ചെയ്ത് 52 മണിക്കൂര്‍ എടുത്താണു ദ്വീപില്‍ എത്തീത്.പെര്‍മ്മിഷന്‍ എടുക്കുംബോ തന്നെ അഗത്തി,മിനിക്കോയ് എന്നീ ദ്വീപകളിലേക്കുള്ള പെര്‍മ്മിഷന്‍ കൂടി ചേര്‍ത്ത് എടുത്തിരുന്നേല്‍ അവിടെ ഇറങി കാണാന്‍ പറ്റും. ഒരോ പോര്‍ട്ടിലും 2 മൂന്ന് മണിക്കൂറിലധികം ഷിപ്പ് സ്റ്റേ ഉണ്ടാകും അപ്പൊഴെക്കും ആദ്യ ബോട്ടില്‍ ദ്വീപിലേക്ക് പോയി അവസാന ബോട്ടില്‍ ഷിപ്പില്‍ തിരിച്ചെത്താം. ഇതിനൊന്നും പ്രത്യേക ചാര്‍ജ്ജ് കൊടുക്കേണ്ടതും ഇല്ലാ…

അത്യാവശ്യം വേണ്ടുന്ന കോണ്ടാക്ട് നംബറുകള്‍ താഴെ ചേര്‍ക്കുന്നു
admin office : 0484-2668141
police cell SI : 0484-2668722
port welfare officer kochi : 0484 -669110
beypore port : 0495-2416335
കൂട്ടത്തില്‍ എന്റെ നംബര്‍ കൂടി : 9895188088 ( വാട്‌സാപ്പ്/ ) എന്നെ കൊണ്ട് ആകുന്ന സഹായം ഞാന്‍ ചെയ്തു തരാം..എന്റെ അനുഭവത്തില്‍ നിന്ന് പറയുകയാണു ഒരിക്കല്‍ എങ്കിലും ലക്ഷദ്വീപ് യാത്ര പോകണം അത് നിങ്ങലുടെ ജീവതത്തിലെ വേറിട്ട ഒരു അനുഭവം ആയിരിക്കും തീര്‍ച്ച…