മതികെട്ടാന്‍ ചോല

കേന്ദ്രസര്‍ക്കാര്‍ ഒരു പതിറ്റാണ്ട് മുന്‍പ് ദേശീയോദ്യാനമാക്കി പ്രഖ്യാപിച്ച മതികെട്ടാന്‍ചോല കേരള തമിഴ്‌നാട് അതിര്‍ത്തിയിലായി ശാന്തമ്പാറ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ വിനോദസഞ്ചാരസാധ്യതകള്‍ ഉള്ള മതികെട്ടാനില്‍ പക്ഷേ വിനോദസഞ്ചാരികള്‍ എത്തുന്നില്ലെന്നതാണ് ദു:ഖ സത്യം. ഒരിക്കല്‍ കയ്യേറ്റം കൊണ്ടും പിന്നീട് കയ്യേറ്റമൊഴിപ്പിക്കല്‍ കൊണ്ടും ശ്രദ്ധ നേടിയ മതികെട്ടാന്‍ചോല മൂന്നാര്‍ – തേക്കടി പ്രധാന റോഡില്‍ ശാന്തമ്പാറയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ്. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ ചുണ്ടലില്‍ നിന്ന് 500 മീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാലും ഇവിടെ എത്താം.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ അനേകം പദ്ധതികള്‍ വനം വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊന്നും വേണ്ട രീതിയില്‍ ഇതുവരെയും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അപൂര്‍വങ്ങളായ നിരവധി സസ്യജന്തുജാലങ്ങളുടെ കലവറയായ മതികെട്ടാന്റെ ചുറ്റളവ് 12.81 ചതുരശ്ര കിലോമീറ്ററാണു . ദേശീയോദ്യാനമായി പ്രഖ്യാപിച്ചതുമുതല്‍ ട്രക്കിങ് സൗകര്യമൊരുക്കി വനം വകുപ്പ് സഞ്ചാരികളെ മതികെട്ടാനിലേക്കു സ്വാഗതം ചെയ്യുന്നു.

കൊടും വനത്തിനകത്ത് ആറു കിലോമീറ്റര്‍ കാല്‍നടയാത്രയും മൂന്നു കിലോമീറ്റര്‍ ഓഫ്‌റോഡ് വാഹനഡ്രൈവിങ്ങുമാണു ട്രക്കിങ്ങില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശീയരായ ആദിവാസി വിഭാഗത്തിലെ അംഗങ്ങള്‍ ഉള്‍പ്പെട്ട ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റിയംഗങ്ങളും ട്രക്കിങ്ങിന് എത്തുന്ന യാത്രക്കാരെ അനുഗമിക്കും.

ഒരാള്‍ക്ക് 223 രൂപയാണു ട്രക്കിങ്ങിന് ഈടാക്കുന്നത്. വിദേശികള്‍ക്ക് ഇത് 600 രൂപയാണ്. ഇടതിങ്ങിയ മരക്കൂട്ടങ്ങള്‍ പോലെതന്നെ വിസ്തൃതമായ പുല്‍മേടുകളും വനത്തിനകത്ത് ചൂണ്ടല്‍ ഭാഗത്തു നിന്നാല്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയും. 53 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ കാട്ടാന, മാന്‍, പുലി, മ്ലാവ്, കേഴ വിവിധയിനം പക്ഷികള്‍ എന്നിവ വിഹരിക്കുന്ന മതികെട്ടാനിലൂടെയുള്ള ട്രക്കിങ് സാഹസികവിനോദത്തിന്റെ നേര്‍സാക്ഷ്യമാണ്. മതികെട്ടാന്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കായി പേത്തൊട്ടിയില്‍ വനം വകുപ്പ് മികച്ച താമസസൗകര്യമേര്‍പ്പെടുത്തിയിട്ടുള്ളത്.

വനം വകുപ്പ് ഓഫിസിനോടു ചേര്‍ന്ന് 10 പേര്‍ക്കു താമസിക്കാവുന്ന ഒരു അമിനിറ്റി സെന്റര്‍, ഒരു ഹണിമൂണ്‍ കോട്ടേജ് എന്നിവയുണ്ട്. 150 രൂപയാണ് അമിനിറ്റി സെന്ററിലെ താമസത്തിന് ഒരാളില്‍ നിന്ന് ഈടാക്കുന്നത്. 2000 രൂപയാണു ഹണിമൂണ്‍ കോട്ടേജിന്റെ ഒരു ദിവസത്തെ വാടക.