നാരകക്കാനം തുരങ്കത്തിലൂടെ

#മധു തങ്കപ്പന്‍ 

ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച് പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച ഒരാളെ കണ്ടത് .  മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത് മുക്കാല്‍ മണിക്കൂറിനു ശേഷമായിരുന്നു. ഇടുക്കിയെ കുറിച്ചും പ്രധാനപ്പെട്ട ടൂറിസം സ്ഥലങ്ങളെ കുറിച്ചും, മലകളെയും, കാടുകളെയും, കാട്ടു ജീവികളെയും കുറിച്ച് വ്യക്തമായ അറിവുള്ള ഏറണാകുളം സ്വദേശിയും കല്യാണതണ്ടിലെ ഒരു ചെറിയ തോട്ടം ഉടമയും കൂടിയായ ആ ചേട്ടനില്‍ നിന്നാണ് ഇടുക്കിയിലെ സാഹസികവും , വ്യത്യസ്തവുമായ ഒരു യാത്രക്ക് പറ്റിയ ഏറ്റവും നല്ല ഇടമായ നാരകക്കാനം ടണലിനെകുറിച്ച് അറിഞ്ഞത്. മുന്‍പ് ഒരു യാത്ര ബ്ലോഗില്‍ ഈ ടണലിനെ കുറിച്ച് വളരെ കുറച്ചു വിവരങ്ങള്‍ വായിച്ചറിഞ്ഞിരുന്നു. ആ ഓര്‍മയും ഈ ചേട്ടന്റെ വാക്കുകളും കൂടിയായപ്പോള്‍ ഞങ്ങള്‍ നാരകക്കാനത്തെ തുരങ്ക യാത്രക്ക് തയ്യാറെടുത്തു.

ഇടുക്കിയില്‍ നിന്നും ഏകദേശം പത്തു കിലോമീറ്റര്‍ അകലത്തില്‍ ആയാണ് നാരകക്കാനം എന്ന സ്ഥലം . ആള്‍ താമസം വളരെ കുറഞ്ഞ ഒരു പ്രദേശം, ഒരു വശത്ത് മലനിരകളും മറു വശത്ത് ചെറിയ താഴ്ചയുള്ള കൊക്കകളും ആണ് പലയിടത്തും. ഈ നാരകക്കാനത്തെ തുരങ്കത്തിലേക്ക് പോകാനുള്ള വഴിയറിയാന്‍ ഒരു ചെറിയ ബോര്‍ഡോ , വഴി ചോദിക്കാന്‍ ഒരു ആളെ പോലും കാണാന്‍ കഴിയാതെ കുറെ സമയം ബുദ്ധിമുട്ടിയാണ് ഈ തുരങ്കത്തിന്റെ അടുത്തെത്തിയത് . മെയിന്‍ റോഡില്‍ നിന്നും പൊട്ടിപൊളിഞ്ഞ റോഡിലൂടെ ഏകദേശം മുന്നൂറു മീറ്റര്‍ സഞ്ചരിച്ചപ്പോള്‍ ഒരു തടയണ കണ്ടു . കാട് പിടിച്ചു കിടക്കുന്ന മനുഷ്യ വാസം ഇല്ലാത്ത അവിടെ ഒരു ചെറിയ വെള്ളച്ചാട്ടവും ഉണ്ടായിരുന്നു . ആ വെള്ളച്ചാട്ടത്തിനരുകില്‍ ബൈക്കിനെ കുളിപ്പിച്ച് നില്‍ക്കുന്ന ഒരു നാട്ടുകാരനെ കണ്ടപ്പോള്‍ അല്പം ആശ്വാസമായി. അയാളില്‍ നിന്നും തുരങ്കത്തിലേക്കുള്ള വഴിയും കൂടുതല്‍ വിവരങ്ങളും ചോദിച്ചറിഞ്ഞു.

നാരകക്കാനത്തെ താഴ്ന്ന പ്രദേശങ്ങളില്‍ പെയ്യുന്ന മഴ വെള്ളത്തെ ഒരു തടയണ കെട്ടി തടഞ്ഞു നിറുത്തുകയും ആ വെള്ളത്തെ ഒരു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന ഇടുക്കി ഡാമിന്റെ റിസര്‍വോയറില്‍ എത്തിക്കുകയും ചെയ്യുന്നതിനാണ് നരകക്കാനത്തെ ഈ തുരങ്കം നിര്‍മിച്ചിരിക്കുന്നത് . ഈ തുരങ്കത്തിനു ഒരു കിലോമീറ്റര്‍ ആണ് നീളം .കുറവന്‍ മലയും കുറത്തി മലയും ചേര്‍ത്താണ് ഇടുക്കി ഡാം നിര്‍മിച്ചിരിക്കുന്നത് ഇതില്‍ കുറത്തി മലയുടെ ഉള്ളിലൂടെ ആണ് നാരകക്കാനം തുരങ്കം കടന്നു പോകുന്നത് .വാഗമണ്‍ മലകളിലും, ഇടുക്കിയിലെ തന്നെ അഞ്ചുരുളിയിലും ഇത്തരത്തിലുള്ള തുരങ്കങ്ങള്‍ ഉണ്ടത്രേ.

ആ നാട്ടുകാരന്‍ പറഞ്ഞു തന്ന വഴിയിലൂടെ , വെള്ളം ഒഴുകുന്ന ചാലിലൂടെ മുട്ടിനു പകുതി വെള്ളത്തില്‍ അല്‍പ ദൂരം നടന്നു. ഷൂസ് ധരിച്ചിരുന്നതിനാല്‍ വെള്ളത്തിലൂടെയുള്ള നടത്തം വളരെ ബുദ്ധിമുട്ടായിരുന്നു. വഴിയിലും തുരങ്കത്തിലും കുപ്പിച്ചില്ലുകള്‍ കാണും എന്നും അത് കൊണ്ട് ചെരിപ്പോ ഷൂവോ ഇല്ലാതെ നടക്കരുതെന്ന മുന്നറിയിപ്പ് കിട്ടിയിരുന്നതിനാല്‍ വെള്ളം നിറഞ്ഞ ഷൂവും വലിച്ചു വെച്ച് നടന്നു . അല്പം നടന്നപ്പോള്‍ തന്നെ ജയിലിലെ അഴികള്‍ പോലെ തോന്നിപ്പിക്കുന്ന വലിയ അഴികള്‍ ഇട്ട ഒരു വലിയ മുറി കണ്ടു. മുന്‍പ് കണ്ട തടയണയില്‍ നിന്നും ആ വെള്ളച്ചാട്ടത്തില്‍ നിന്നും വരുന്ന വെള്ളം മുഴുവനും ആ മുറിയിലൂടെ ആരംഭിക്കുന്ന തുരങ്കത്തിലൂടെ ഒഴുകി പോകുന്നുണ്ടായിരുന്നു. മലവെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന വലിയ മരത്തടികളും മറ്റും നിറഞ്ഞു തുരങ്കം അടഞ്ഞു പോകാതിരിക്കാന്‍ ആണ് ഈ അഴികള്‍ എന്ന് കണ്ടപ്പോഴേ ബോധ്യമായി.

തുരങ്കത്തിന്റെ തുടക്കത്തില്‍ നിന്ന് ഉള്ളിലേക്ക് നോക്കി . നല്ല ഇരുട്ട് മാത്രം കണ്ടു . കുറച്ചു നേരം സൂക്ഷിച്ചു നോക്കിയപ്പോള്‍ അങ്ങകലെ ഒരു ഒറ്റ രൂപ വട്ടത്തില്‍ ഒരു വൃത്തം കണ്ടു . തുരങ്കത്തിന്റെ മറ്റേ അറ്റം ആണ് അതെന്നും അത്രയും ദൂരം ഇരുട്ടിലൂടെ നടന്നാല്‍ മാത്രമേ അവിടെ എത്തി ചേരാന്‍ പറ്റുകയുള്ളൂ എന്നും കുറെ നേരം ആ വൃത്തത്തെ നോക്കിയപ്പോള്‍ മനസ്സിലായി. തുരങ്കത്തിന്റെ ആരംഭ സ്ഥാനമായ ആ മുറിയില്‍ നിന്നും ഒറ്റക്കും കൂട്ടായും കുറെ ഫോട്ടോകള്‍ എടുത്തു . ഈ യാത്രയില്‍ എന്തെങ്കിലും അപകടം പറ്റുകയാണെങ്കില്‍ കുടുംബക്കാര്‍ക്കും പത്രക്കാര്‍ക്കും കൊടുക്കാന്‍ പറ്റുന്ന തരത്തില്‍ നല്ല ഫോട്ടോകള്‍ മുന്‍ പത്ര ഫോട്ടോഗ്രാഫര്‍ ആയിരുന്ന രാജന്‍ ചേട്ടന്‍ അദ്യേഹത്തിന്റെ CANON 50 D യില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.

ആകെയുള്ള ഒരു ടോര്‍ച്ചും തെളിച്ചു ഒരാള്‍ മുന്‍പേ നടന്നു പുറകെ ഞങ്ങളും. തുരങ്കത്തിന്റെ മുകള്‍ ഭാഗവും ഇരു വശങ്ങളും സിമന്റു കൊണ്ടോ മറ്റോ തേച്ചു മണ്ണും പാറയും പുറത്തു കാണാത്ത വിധത്തില്‍ ആയിരുന്നു . തുരങ്കത്തിനു താഴെ ചെറിയ ചെറിയ പാറക്കല്ലുകള്‍ കല്ലുകള്‍ ആണ് വിരിച്ചിരിക്കുന്നത് . ഭൂരിഭാഗം സ്ഥലങ്ങളിലും അത് ഇളകി കിടക്കുകയായിരുന്നു. മുട്ടിനു പകുതിയോളം വെള്ളം ഉള്ളതിനാല്‍ കല്ലുകളുടെ സ്ഥാനം അറിയാന്‍ ബുദ്ധി മുട്ടായിരുന്നു. കാല്‍ എടുത്തു വെക്കുന്നത് കല്ലുകളുടെ മുകളിലാണോ അതിന്റെ ഇടയിലെ ചെറിയ കുഴിയിലാണോ എന്നറിയാന്‍ കഴിയാത്തതിനാല്‍ ഓരോ കാല്ച്ചുവടുകളും വളരെ ബുദ്ധിമുട്ടായിരുന്നു. അല്പം ഒന്ന് വഴുക്കിയാല്‍ പുറകിലേക്ക് തലയടിച്ചു വീഴും , വീണാല്‍ ആ പറക്കല്ലുകളില്‍ അടിച്ചു പരുക്കോ ചിലപ്പോള്‍ മരണമോ ഉറപ്പായിരുന്നു.

അല്‍പ സമയം നടന്നു കഴിഞ്ഞപ്പോള്‍ പുറകില്‍ നിന്നും വന്നിരുന്ന അല്‍പ വെളിച്ചവും അവസാനിച്ചു. കുറച്ചു നേരം ടോര്‍ച്ചും ഓഫ് ചെയ്തു നിശബ്ദരായി അവിടെ നിന്നു നോക്കി. തൊട്ടടുത്ത ആളെ പോലും കാണാനാവാത്ത അത്രക്കും ഇരുട്ടായിരുന്നു അവിടെ. ഗുഹയിലെ സ്ഥിരം താമസക്കാരായ വവ്വാലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പറന്നു നടക്കുന്ന ശബ്ദം മാത്രം കേട്ടു, പിന്നെ വെള്ളം കല്ലുകളില്‍ തട്ടി ഒഴുകുന്ന ചെറിയ ശബ്ദവും. ഇരുട്ടില്‍ വവ്വാലുകള്‍ ചിറകടിച്ചു പറന്നു ശരീരത്തില്‍ മുട്ടുമോ എന്ന ഭയം അവരുടെ സ്വഭാവം രീതികള്‍ അറിയാവുന്നതിനാല്‍ ഉണ്ടായിരുന്നില്ല. ഇരുട്ടില്‍ വ്യക്തമായി പറക്കാനും തടസ്സങ്ങള്‍ തിരിച്ചറിയാനും അവക്കുള്ള കഴിവ് അറിയാമായിരുന്നതിനാല്‍ വവ്വാലുകള്‍ ഈ യാത്രയില്‍ ഒരു ഭീതിയും ജനിപ്പിച്ചില്ല. ആകെ ഭയപ്പെട്ടിരുന്നത് ചിലന്തികളെയും പാമ്പുകളെയും ആയിരുന്നു. കാട്ടിലെ വിഷചിലന്തികള്‍ ചിലപ്പോള്‍ ഗുഹകളില്‍ കൂട് കൂട്ടാറുണ്ട്. പൊതുവേ ഉപദ്രകാരികള്‍ അല്ലാത്ത അവയെ ഇരുട്ടില്‍ അറിയാതെ ചെന്ന് സ്പര്‍ശിച്ചാലും അപകടമാണ് . പിന്നെ പാമ്പുകള്‍ .. വിഷ പാമ്പുകള്‍ ഒരിക്കലും ഒഴുക്ക് വെള്ളത്തില്‍ താമസിക്കാറില്ല. അത് കൊണ്ട് ഗുഹയില്‍ അവയെ കാണാന്‍ സാധ്യത കുറവാണ് .പക്ഷെ മഴക്കാലത്തെ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പാമ്പുകള്‍ ഒഴുകിവരാനും ഗുഹയില്‍ പലയിടത്തും തടഞ്ഞിരിക്കുന്ന ചെറിയ മരചില്ലകളിലും, ഗുഹയുടെ ചുമരുകളിലും മറ്റും തടഞ്ഞു ഇരിക്കാന്‍ സാധ്യത വളരെ കൂടുതല്‍ ആയിരുന്നു

അല്‍പ സമയം നടന്ന ശേഷം ഇരുട്ടില്‍ കുറച്ചു സമയം നിന്നതിനു മറ്റൊരു കാരണവും ഉണ്ടായിരുന്നു. തുരങ്കയാത്രകളില്‍ ഏറ്റവും ആവശ്യമായ വായുവിന്റെ ലഭ്യത എങ്ങനെ എന്ന് അറിയാന്‍ കൂടി ആയിരുന്നു. കുറച്ചു നേരം നിന്നും ശ്വസിച്ചു നോക്കി. യാതൊരു മാറ്റവും തോന്നിയില്ല. ഒഴുകുന്ന വെള്ളം ആയതിനാല്‍ വിഷ വാതകങ്ങള്‍ തങ്ങി നില്‍ക്കില്ല എന്നറിയാമായിരുന്നു. പിന്നെ ഗുഹക്കു മറുവശത്ത് നിന്നും ആഞ്ഞടിക്കുന്ന കാറ്റിന്റെ നേരിയ തണുപ്പും ശരീരത്തില്‍ തട്ടുന്നത് അറിയാന്‍ കഴിഞ്ഞു. പലപ്പോഴും കിണറുകളിലും മറ്റും ഇറങ്ങുന്ന പലരും വിഷ വാതകം ശ്വസിച്ചു മരിച്ച കഥകള്‍ എന്തായാലും ഇവിടെ ഉണ്ടാകില്ല എന്ന് ബോധ്യമായി. കുറച്ചു സമയത്തിന് ശേഷം വീണ്ടും നടപ്പ് തുടര്‍ന്നു.

തുരങ്കത്തിന്റെ പലയിടങ്ങളിലും വസ്ത്രങ്ങളുടെ ഭാഗങ്ങളും ചെറിയ ചെറിയ മരച്ചില്ലകളും എല്ലാം കിടക്കുന്നുണ്ടായിരുന്നു. കാലില്‍ പലപ്പോഴും വന്നു തട്ടുന്നത് പാമ്പാണോ അതോ മരച്ചില്ലകളുടെ കഷണങ്ങള്‍ ആണോ എന്നൊന്നും തിരിച്ചറിയാതെ പരസ്പരം കൈകള്‍ ചേര്‍ത്ത് പിടിച്ചു തെന്നി വീഴാതെ കാലുകള്‍ വലിച്ചു വെച്ച് കുറെ ദൂരം നടന്നു. ടോര്‍ച്ചിന്റെ വെളിച്ചം പലയിടത്തും വളരെ കുറവായി തോന്നി. മുന്‍പില്‍ നടക്കുന്നവര്‍ തെളിയിക്കുന്ന വെളിച്ചത്തില്‍ പുറകില്‍ വരുന്നവര്‍ക്ക് ഒട്ടും വെളിച്ചം ഇല്ലായിരുന്നു .രാജു ചേട്ടന്‍ ക്യാമറയുടെ ഫ്‌ലാഷ് ഇടയ്ക്കു മിന്നിച്ചു കൊണ്ടിരുന്നു. കുറെ നേരത്തിനു ശേഷം തുരങ്കത്തിന്റെ മറുഭാഗത്തെ വെളിച്ചം കണ്ടു തുടങ്ങി. ജീവിതത്തില്‍ കണ്ട ഏറ്റവും മനോഹര കാഴ്ചയായിരുന്നു. അന്ധനായ ഒരാള്‍ പെട്ടെന്ന് ഒരു ദിവസം വെളിച്ചം കണ്ട അവസ്ഥ. നടക്കും തോറും ആ വെളിച്ചം അടുത്ത് വരുന്നു . അകത്തെ ഇരുട്ടും പുറത്തെ വെളിച്ചവും കൂടി ചേര്‍ന്ന് ഒരു അതിമനോഹര കാഴ്ച. ഒപ്പം ആ റിസര്‍വോയറില്‍ നിന്നും വരുന്ന അതി ശക്തമായ കാറ്റും.

കുറെ നേരം ആ കാഴ്ചയും കണ്ടും ഫോട്ടോയെടുത്തും അവിടെ നിന്നു.തുരങ്കത്തിന്റെ മറുഭാഗം വെറുതെ തുറന്നു കിടക്കുകയായിരുന്നു. ഗുഹയില്‍ നിന്നും വരുന്ന വെള്ളം പാറക്കെട്ടുകളിലൂടെ ഒഴുകിയിറങ്ങി കുറച്ചപ്പുറത്തുള്ള ഇടുക്കി ഡാമിന്റെ റിസര്‍വ്വോയറിലേക്ക് ഒഴുകി വീഴുന്നുണ്ടായിരുന്നു. ഗുഹയുടെ ചുറ്റും നിബിഡ വനമായിരുന്നു. വെള്ളത്തിലൂടെ പാറകളില്‍ പിടിച്ചു കയറി കാട്ടിലേക്ക് കയറി. അടുത്ത് കണ്ട ഒരു പാറയില്‍ കയറി കിടന്നു.വളരെ പതുക്കെയുള്ള യാത്രയായതിനാല്‍ ഒരു കിലോമീറ്റര്‍ തുരങ്ക യാത്രക്ക് ഏകദേശം നാല്‍പതു മിനിട്ട് സമയമാണ് എടുത്തത്. കല്യാണ തണ്ട് ട്രെക്കിങ്ങിന്റെ ക്ഷീണവും പിന്നെ ഈ യാത്രയും ഒരുമിച്ചായപ്പോള്‍ കാലുകള്‍ക്ക് നല്ല വേദന തോന്നി. ഞാന്‍ വേദന തോന്നിയിടത്തെല്ലാം വേദന സംഹാരി സ്‌പ്രേ അടിച്ചു. പിന്നെ പാറപ്പുറത്ത് കുറച്ചു നേരം വിശ്രമിച്ചു.

കാട്ടിലൂടെ കുറച്ചു നടന്നാല്‍ ആ റിസര്‍വോയറിന്റെ അടുത്തെത്താന്‍ കഴിയും എന്ന് തോന്നി. പക്ഷെ പരീക്ഷിക്കാന്‍ പോയില്ല. അപ്രതീക്ഷിത യാത്രയായതിനാല്‍ സമയം ഒരു പ്രശ്‌നം ആയിരുന്നു. ഏകദേശം അഞ്ചു മണിയായി. ഇങ്ങോട്ടുള്ള നടപ്പില്‍ പലപ്പോഴും വെള്ളത്തിന്റെ അളവ് കൂടിയത് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. എവിടെയെങ്കിലും നല്ല മഴ പെയ്തു വെള്ളം കൂടിയാല്‍ തിരിച്ചു പോക്ക് അപകടകരം ആകും എന്നറിയാമായിരുന്നു. ചിലപ്പോള്‍ തുരങ്കത്തിനു നടുവില്‍ എത്തുമ്പോള്‍ ആണ് വെള്ളം കൂടിയത് എങ്കില്‍ എല്ലാവരും കൂടി ഡാമിന്റെ റിസര്‍വോയറില്‍ ഒഴുകിയെത്തും എന്ന അറിവും മനസ്സില്‍ ഉണ്ടായിരുന്നു.

തിരിച്ചു യാത്ര അല്പം എളുപ്പമായി തോന്നി. പാറകളില്‍ എങ്ങനെയാണ് ചവിട്ടേണ്ടത് എന്നും വെള്ളത്തിലൂടെ കാലുകള്‍ വലിച്ചു വെച്ച് നടക്കേണ്ടത് എങ്ങനെയാണെന്നും എല്ലാം പഠിച്ചിരുന്നു. പിന്നെ മറ്റു അപകടങ്ങളും , പാമ്പ് ,ചിലന്തി , മറ്റു കാട്ടുജീവികള്‍ ഇവയെ ഒന്നും കാണാതിരുന്നത് കൊണ്ടും മനസ്സ് ശാന്തമായിരുന്നു. കുറച്ചു നേരം നടന്നു കഴിഞ്ഞപ്പോള്‍ ടോര്‍ച്ചിന്റെ വെളിച്ചവും അവസാനിച്ചു. അങ്ങോട്ടേക്കുള്ള യാത്രയില്‍ മുഴുവന്‍ സമയവും ടോര്‍ച്ചു തെളിച്ചതിന്റെ ഫലം. പിന്നെ ബാഗില്‍ നിന്നും മൊബൈല്‍ എടുക്കാന്‍ പോയില്ല. പരസ്പരം കൈ പിടിച്ചു ആ ഇരുട്ടിലൂടെ അങ്ങകലെ കാണുന്ന ഒരു രൂപാ വട്ടത്തെ നോക്കി നടന്നു.

ഏകദേശം അരമണിക്കൂര്‍ എടുത്തു പുറം ലോകത്ത് എത്താന്‍ . പുറത്തെത്തി എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിച്ചു. പരസ്പരം ക്യാമറകള്‍ കൈമാറി ചിത്രങ്ങള്‍ എടുത്തു. കാലുകള്‍ വീണ്ടും വേദനിച്ചു തുടങ്ങി നടക്കാനാവാത്ത അവസ്ഥയില്‍ ആയിരുന്നു എങ്കിലും മറ്റൊരു യാത്രയിലും കിട്ടിയിട്ടില്ലാത്ത ഒരു സുഖം ആ വേദനകളെ മായ്കാന്‍ എത്തിയിരുന്നു.

തുരങ്കത്തിനു പുറത്തുള്ള ആ ചെറിയ വെള്ളച്ചാട്ടത്തില്‍ കാലും മുഖവും കഴുകി അല്‍പനേരത്തിനു ശേഷം ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു….. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ദിവസം കൂടി തന്ന, യാതൊരു അപകടവും കൂടാതെ എല്ലാ യാത്രകളിലും ഞങളെ നയിക്കുന്ന ആ പ്രപഞ്ച ശക്തിക്ക് നന്ദിയും പറഞ്ഞു കൊണ്ട് ..