പള്ളിപ്പുറം കോട്ട , ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യന്‍ കോട്ട

ന്ത്യയിൽ ഒരു യൂറോപ്യൻ ശക്തി നിർമിച്ച ആദ്യത്തെ കോട്ടയാണ്‌ പള്ളിപ്പുറം കോട്ട (മാനുവൽ കോട്ട). 1503 ൽ പോർച്ചുഗീസുകാരാണ്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്തായി ഈ കോട്ട നിർമിച്ചത്‌. തങ്ങളുടെ വ്യാപാര താൽപര്യങ്ങൾ സംരക്ഷിക്കാൻ കൊച്ചിയിൽ സുരക്ഷിതമായ ഒരു താവളം ഉണ്ടായിരിക്കേണ്ടത്‌ അത്യാവശ്യമാണന്ന് പോർച്ചുഗീസുകാർക്ക്‌ മനസിലായി. തുടർന്ന് 1503 സെപ്‌റ്റംബർ 27 ന്‌ കൊച്ചി രാജാവിന്റെ അനുമതിയോടെ വൈപ്പിൻ ദ്വീപിലെ പള്ളിപ്പുറത്ത്‌ കോട്ടയുടെ നിർമാണം ആരംഭിച്ചു. ആ വർഷം തന്നെ ഡിസംബർ ഒന്നിന്‌ നിർമാണ ജോലികൾ പൂർത്തിയായി.


അഴിമുഖത്തേയ്ക്കുള്ള ഒരു കാവൽ നിലയം എന്ന രീതിയിലാണ്‌ ഈ കോട്ട പണികഴിപ്പിച്ചത്‌. ഒരു കോട്ടയുടേതായ പറയത്തക്ക പ്രത്യേകതകൾ ഒന്നും ഇതിനില്ല. കൊടുങ്ങല്ലൂർ കോട്ടയുമായി (കോട്ടപ്പുറം കോട്ട) ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കമാണ്‌ പ്രധാന സവിശേഷത. അടിയന്തിര സാഹചര്യങ്ങളിൽ ഇരു കോട്ടകളും തമ്മിൽ പരസ്‌പരം സഹായമെത്തിക്കാനാണ്‌ ഈ തുരങ്കം ഉപയോഗിച്ചിരുന്നത്‌. ഷഠ്‌കോണാക്യതിയിലുള്ള ഈ കോട്ടക്ക്‌ മൂന്ന് നിലകളുണ്ട്‌. താഴത്തെ നിലയിൽ സ്ഫോടക വസ്തുക്കളും ആയുധങ്ങളുമാണ്‌ സൂക്ഷിച്ചിരുന്നത്‌. 200 കാവൽ ഭടന്മാർ കോട്ടക്കകത്ത്‌ താമസിച്ചിരുന്നു. 1663 ൽ ഡച്ചുകാർ കൊച്ചി കീഴടക്കിയപ്പോൾ ഈ കോട്ടയും അവർ പിടിച്ചടക്കി.

1789 ൽ തിരുവിതാംകൂർ രാജാവായിരുന്ന കാർത്തിക തിരുനാൾ ഡച്ചുകാരിൽ നിന്ന്‌ മൂന്ന് ലക്ഷം രൂപക്ക്‌ കോട്ടയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കി. 1790 ൽ സാമൂതിരിയുടെ ആക്രമണത്തിൽ കോട്ടപ്പുറം കോട്ട നശിച്ചെങ്കിലും പള്ളിപ്പുറം കോട്ട ഇപ്പോഴും പറയത്തക്ക കേടുപാടുകളൊന്നുമില്ലാതെ ഒരു സംരക്ഷിത സ്മാരകമായി നിലകൊള്ളുന്നു.