അപൂര്‍വ്വ കാഴ്ചകള്‍ സമ്മാനിക്കുന്ന പാതിരാമണല്‍

കേരളത്തിലെ കായലുകള്‍ ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചതോടൊപ്പം പ്രശസ്തിയിലേക്ക് ഉയര്‍ന്ന ടൂറിസ്റ്റ് കേന്ദ്രമാണ്  പാതിരാമണല്‍ .  കോട്ടയം ആലപ്പുഴ എറാണാകുളം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന വേമ്പനാട് കായലിലെ ഒരു ചെറുദ്വീപാണ്  ഇത് .

തണ്ണീര്‍മുക്കത്തിനും കുമരകത്തിനും ഇടയിലായാണ് പാതിരാമണല്‍ ദ്വീപ് സ്ഥിതിചെയ്യുന്നത്  . പ്രകൃതിസൌന്ദര്യം കൊണ്ടും അപൂര്‍വ ഇനം പക്ഷികളുടെ ആവാസകേന്ദ്രം എന്ന നിലയിലും  പാതിരാമണല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു . നൂറു കണക്കിന് ഇനങ്ങളിലെ പക്ഷികള്‍ വസിക്കുന്ന പക്ഷിസങ്കേതമാണ് ഇവിടം .   കായല്‍ ടൂറിസം പാക്കേജുകളിലെല്ലാം ഒഴിച്ചുകൂടാനാകാത്ത സാനിധ്യമാണ് അപൂര്‍വ്വ കാഴചകള്‍ സമ്മാനിക്കുന്ന പാതിരാമണലിലേക്കുള്ള സന്ദര്‍ശനം.

കായല്‍ യാത്ര നടത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും കേരളത്തിന്റെ ജൈവസമ്പത്ത് തിരിച്ചറിയാനും അവസരം നല്‍കുന്ന ഇടത്താവളമാണ് പാതിരാമണല്‍. എല്ലാ അര്‍ത്ഥത്തിലും ദ്വീപായ പാതിരാമാണലിലേക്ക് റോഡുകളോ പാലങ്ങളോ ഇല്ല. ബോട്ടുകളിലൂടെ മാത്രമെ ഇവിടെ എത്തിച്ചേരാന്‍ സാധിക്കുകയുള്ളു.

ആലപ്പുഴയില്‍ നിന്ന് ഒന്നര മണിക്കൂര്‍ ബോട്ട് യാത്ര ചെയ്ത് പാതിരാമണലില്‍ എത്തിച്ചേരാം.  ദ്വീപിലേക്ക് സമീപ പ്രദേശങ്ങളില്‍ നിന്നും ചെറു വള്ളങ്ങലോ ബോട്ടുകാളോ ലഭിക്കും . ആലപ്പുഴയാണ് പാതിരാമണലിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. എണ്‍പ്പത്തിയഞ്ച് കീലോമീറ്റര്‍ മാറി സ്ഥിതി ചെയുന്ന കൊച്ചി അന്തര്‍ദേശീയ വിമാനത്താവളമാണ് ഏറ്റവും സമീപത്തുള്ള വിമാനത്താവളം.