പഴനി -കൊടൈക്കനാല്‍ ഓട്ടപ്രദക്ഷിണം

എന്നെ സ്വാഗതം ചെയ്തത് മനോഹരമായ റോഡുകളായിരുന്നു.. ഇരുവശത്തും വളഞ്ഞു കാവിടിപോലെ പോലെ നില്‍ക്കുന്ന മരങ്ങളുടെ ചില്ലകളിലൂടെ സൂര്യപ്രകാശം അരിച്ചരിച്ചു റോഡില്‍ പതിച്ചു ..അവ റോഡിനെ കാന്‍വാസാക്കിയ രൂപമറിയാത്ത ചില ചിത്രങ്ങള്‍ പോലെ തോന്നിച്ചു ..

#ഗുരുപ്രസാദ്

തലേ  ദിവസമാണ് കൂടെ വരാമെന്നേറ്റിരുന്ന ചങ്ങാതിക്ക് വരാന്‍ കഴിയില്ലെന്ന് വിളിച്ചുപറഞ്ഞത് . എത്രയോ നാളുകളായുള്ള ആഗ്രഹമാണ് ,. പഴനിക്ക് പോകുവാന്‍ മാലയിട്ടില്ലങ്കിലും വൃതത്തില്‍ തന്നെ ..അന്ന് രാത്രി ഉറക്കംവന്നില്ല..ഒറ്റയ്ക്കാണെങ്കിലും പോയേ പറ്റൂ എന്ന് തോന്നി ..

പതിവുപോലെ അലാറം രാവിലെ എട്ടുമണിക്ക് അലമുറയിട്ടു .. പദ്ധതികള്‍ എല്ലാം പാളിയതുകൊണ്ടു മനസ്സിനൊരു ഉന്മേഷം തോന്നിയില്ല ..

ട്രെയിനില്‍ പൊക്കൂടെ ?.. പറഞ്ഞത് അച്ഛനാണ് .
എങ്കില്‍ പിന്നെ അങ്ങനെ ആവ ട്ടെ എന്നുകരുതിയാണ് ബൈക്കും സ്റ്റാര്‍ട്ട് ചെയ്തു ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചത് ..

പതിവില്ലാതെ ചെക്കനൊരു ഉന്മേഷം ..ഓടി തേഞ്ഞ ചെയിനില്‍ നിന്നും പഴയപോലെ കരകരാ ശബ്ദമില്ല ..കുതിപ്പും അല്പം കൂടിയതുപോലെ .. പെട്രോള്‍ പമ്പില്‍ എത്തിയപ്പോള്‍ ചില്ലറ പ്രശ്‌നം .. രണ്ടായിരത്തിനെ നോട്ട് കൊടുത്താല്‍ നൂറിനടിക്കില്ല .എങ്കില്‍ അഞ്ഞൂറിനാകട്ടെ എന്ന് ഞാനും .. വണ്ടി വാങ്ങിയതില്‍ പിന്നെ ആദ്യമായി അഞ്ഞൂറിന്റെ പെട്രോള്‍ അടിക്കുകയാണ് .. സന്തോഷംകൊണ്ട് അവന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടാകും .. ഇത്രയൊക്കെ ആയപ്പോള്‍

പിന്നെ ബൈക്കിനു തന്നെ യാത്ര പോയാലോ എന്നായി ചിന്ത .. ബാഗില്‍ എന്റെ സന്തത സഹചാരിയായ ജാക്കറ്റും, ഗ്ലൗസും ഒക്കെ ഇരിപ്പുണ്ട് . പക്ഷെ ഒരു ചെറിയപ്രശ്‌നമുണ്ട് ., വണ്ടിയുടെ രേഖകള്‍ ഒന്നും കയ്യിലില്ല .എല്ലാം ആര്‍ സി ബുക്ക് പുതുക്കുവാനായി ചെങ്ങന്നൂര്‍ ആര്‍ ടി ഓ ഓഫീസില്‍ കൊടുത്തിരിക്കുകയാണ് . അവര്‍ ഒരു രസീത് പോലും തന്നിട്ടുമില്ല . വഴിയില്‍ ചെക്കിങ് വന്നാല്‍ പണി പാളും . എന്തായാലും വരട്ടെ എന്ന് മനസ്സിലുറപ്പിച്ചു ഗിയര്‍ മാറ്റി .

ഒറ്റയ്ക്ക് ഒരുദിവസത്തില്‍ കൂടുതല്‍ നീണ്ട യാത്രകള്‍ നടത്തിയിട്ടില്ല . പഴനി എന്ന് കേട്ടിട്ടുള്ളതല്ലാതെ സ്ഥലത്തിനെപ്പറ്റി വലിയ പിടിയൊന്നുമില്ല . ഗൂഗിള്‍ മാപ് പ്രകാരം ചെങ്ങന്നൂരില്‍ നിന്ന് റാന്നി വഴി പോയാല്‍ 300 കിലോമീറ്റര്‍ ദൂരമുണ്ട് . ആക്സിലറേറ്റര്‍ ചുരുട്ടി പിടിച്ചാല്‍ വേറെ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായില്ലങ്കില്‍ ഏഴെട്ടു മണിക്കൂര്‍ കൊണ്ട് പഴനി പിടിക്കാം . കുളങ്ങര അമ്മയ്ക്ക് വഞ്ചിയില്‍ ഒരുരൂപാ തുട്ട് തലയ്ക്കുഴിഞ്ഞിട്ടു യാത്ര തുടങ്ങി .

(ഞങ്ങള്‍ ബുധനൂറുകാരുടെ ഒരു രീതി അങ്ങനെയാ .. ദൂരയാത്രകള്‍ പോകുമ്പോള്‍ ദേശ ദേവതയായ കുളങ്ങര അമ്മയ്ക്ക് കാണിക്ക സമര്‍പ്പിക്കും )

ചെങ്ങന്നൂരില്‍ നിന്നും കോഴഞ്ചേരി ,റാന്നി വന മേഖല കടന്ന് എരുമേലി എത്തിയപ്പോള്‍ സമയം 10 .30 . എരുമേലി ക്ഷേത്രത്തിലേക്ക് തൊട്ടടുത്തുള്ള പേട്ട ക്ഷേത്രത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പന്മാര്‍ ചുവടുവച്ചു പേട്ടതുള്ളി വരുന്ന കാഴ്ച . അല്‍പനേരം അവിടെയൊക് കെ ചുറ്റിത്തിരിഞ്ഞു ചിത്രങ്ങള്‍ പകര്‍ത്തി യാത്ര തുടര്‍ന്നു ..

പലതവണ കടന്നുപോയ വഴികളാണെങ്കിലും ഓരോതവണയും പുതുമകള്‍ ഒളിപ്പിച്ചു യാത്രികരുടെ മനസ് കുളിര്‍പ്പിക്കുന്ന വഴികളാണ് പത്തനംതിട്ടയിലേത് .. ലോകത്തിലെ തന്നെ ഏറ്റവും ശുദ്ധമായ ശ്വാസ വായു ലഭിക്കുന്ന , യുനെസ്‌കോയുടെ പട്ടികയിലുള്ള കേരളത്തിന്റെ സ്വന്തം ശ്വാസകോശം ..

റോഡില്‍ അധികം തിരക്കൊന്നുമുണ്ടായിരുന്നില്ല .  ചുറ്റിക്കെട്ടിയുള്ള റോഡുകള്‍ . ഇരുവശവും തിങ്ങിയ മരങ്ങളും തേയില തോട്ടങ്ങളും . എന്റെ ഹൃദയത്തുടിപ്പിനൊത്തു കയ്യടക്കത്തോടെ തേയിലത്തോട്ടങ്ങളുടെ ഓരം ചേര്‍ന്നുള്ള റോഡുകളില്‍ കൂടി ഞാനും എന്റെ ബൈക്കും ഊളിയിട്ടു ..

കുട്ടിക്കാനം വരെയുള്ള യാത്ര പലതവണ അനുഭവിച്ചിട്ടുള്ളതാണ് . ആറു കൊല്ലങ്ങള്‍ മുന്‍പ് പന്തളം കോളേജില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഈ വഴി യാത്ര ചെയ്യുന്നത് . കൂട്ടുകാരനായ അരുണിന്റെ പിറന്നാള്‍ ആഘോഷം ഞങ്ങള്‍ നടത്തിയത് കുട്ടിക്കാനത്തിനു അടുത്തുള്ള പരുന്തുംപാറയില്‍വച്ചായിരുന്നു . ചില ഓര്‍മകള്‍ക്ക് ഓര്‍ക്കുംതോറും മധുരംകൂടും .

പീരുമെട്ടിലും കുമിളിയിലും തേയിലത്തോട്ടങ്ങള്‍ ഭൂമിയെ ഒരു ചിത്രകാരന്റെ കാന്‍വാസ് പോലെ മനോഹരമാക്കിയിരിക്കുന്നു . തോട്ടങ്ങളുടെ ഓരം ചേര്‍ന്ന് തോട്ടം തൊഴിലാളികളുടെ ഷീട്ടിട്ട കുഞ്ഞു വീടുകള്‍ . ഉയരംകൂടുമ്പോള്‍ ചായക്ക് മധുരം കൂടുമെന്ന് മോഹന്‍ലാല്‍ പറഞ്ഞത് ഒന്ന് പരീക്ഷിക്കാന്‍ തോന്നി ,.പക്ഷെ സമയം 12 മണി കഴിഞ്ഞു .പ്ലാന്‍ പ്രകാരം ഉച്ചയ്ക്ക് മുന്‍പ് കേരള അതിര്‍ത്തി കടക്കണം . വണ്ടിയുടെ വേഗത വീണ്ടും കൂടി .

ചെക്ക് പോസ്റ്റ് വന്നപ്പോള്‍ മനസ്സില്‍ അറിയാതെ മുരുകാ എന്ന് വിളിച്ചുപോയി . തമിഴ് നാട് പോലീസ് വക ചെക്കിംഗ് .! പക്ഷെ ആരും എന്നെ കണ്ടമട്ടില്ല .. എനിക്കുമുന്‍പില്‍ ഗേറ്റ് തുറന്നു .

ഇനി കുറെ ദൂരം കാട്ടില്‍ കൂടിയാണ് യാത്ര . ഒപ്പം ചെക്കിംഗ് കഴിഞ്ഞു വണ്ടികള്‍ കൊഴിഞ്ഞു കൊഴിഞ്ഞു വരുന്നുണ്ട് .. തമിഴ്‌നാടിന്റെ ഭൂപ്രകൃതി അതിര്‍ത്തി പിന്നിട്ടപ്പോള്‍ തന്നെ അറിഞ്ഞുതുടങ്ങി . കാലാവസ്ഥയില്‍ പോലും വലിയ വ്യത്യാസം. കാടിനും ക്ഷേത്രങ്ങള്‍ക്കും ആളുകള്‍ക്കും എന്നിങ്ങനെ അരമണിക്കൂര്‍ വ്യത്യാസത്തില്‍ മറ്റൊരു സംസ്‌കാരത്തിലേക്ക്,ഭൂപ്രകൃതിയിലേക്ക് എന്റെ ബൈക്ക് ഓടിക്കയറി ..

കമ്പം ഒരു ചെറിയ പട്ടണമാണ് . വലിയ കെട്ടിടങ്ങളും വ്യാപാര കേന്ദ്രങ്ങളും സ്ഥാപനങ്ങളും ഒക്കെയുള്ള പട്ടണം . പക്ഷെ കേരളത്തിലെ പോലെയുള്ള തിക്കും തിരക്കും അവിടെയെങ്ങും കണ്ടില്ല . കാളവണ്ടികള്‍ യഥേഷ്ടം റോഡില്‍ നിന്നും, നടന്നും പോകുന്നു . ഈ പട്ടണം ശരിക്കും കേരളത്തിന്റെ കൂടി ഊട്ടുപുരയാണ് . കേരളത്തിലെക്കെത്തുന്ന പച്ചക്കറിയുടെ ഒരുനല്ല പങ്കും ഇവിടെനിന്നുമാണ് . ചുറ്റുപാടും ഹെക്റ്റര്‍ കണക്കിന് കൃഷിതോട്ടങ്ങളാല്‍ ചുറ്റപ്പെട്ട പട്ടണം .

ഇവിടെയുള്ള പോലീസ് സ്റ്റേഷന്റെ നിര്‍മിതി എന്നെ വല്ലാതെ ആകര്‍ഷിച്ചു . ഇഷ്ടികച്ചുവപ്പു നിറം പൂശിയ ഭംഗിയുള്ള ഇരുനില കെട്ടിടം . വൃത്തിയുള്ള ചുറ്റുപാടും .. യാത്രയില്‍ പിന്നീടങ്ങോട്ട് കണ്ട എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ഇതേ കോഡ് തന്നെയാണ് .

ടൌണ്‍ കടന്നാല്‍ പിന്നെ കണ്ണെത്താ ദൂരത്തോളം കൃഷിയിടങ്ങളാണ് .. തെങ്ങും നെല്ലും ചോളവും അങ്ങനെ അങ്ങനെ .. ഇതിനൊക്കെ അതിരുനില്‍ക്കാനെന്നോണം ദൂരെ മലമടക്കുകളും ..

ബൈക്കിന്റെ വേഗത എണ്‍പത് കിലോമീറ്റര്‍ കടന്നു .. ഇടയ്‌ക്കെപ്പോഴോ വീശിയടിക്കുന്ന കാറ്റ് പിടിച്ചുലയ്ക്കുന്നപോലെ തോന്നി .. റിസ്‌കാണ് .. വേഗതകൂടുമ്പോള്‍ കാറ്റെന്നെ പറത്തിക്കളയുമോ എന്ന് ഞാന്‍ പേടിച്ചു . വേഗത എഴുപതില്‍ നിജപ്പെടുത്തി .

ഇടയ്ക്ക് വണ്ടി നിര്‍ത്തി ചിത്രങ്ങളും വീഡിയോയും ഒക്കെ പകര്‍ത്തി തേനിക്ക് ഇപ്പുറത്തുള്ള ഏതോ ഗ്രാമത്തില്‍ വണ്ടിയൊതുക്കി .. രാവിലെ ഒന്‍പതരയ്ക്ക് തുടങ്ങിയ യാത്രയാണ് . വാച്ചിന്റെ സൂചി ഒന്നരയില്‍ എത്തി നില്‍ക്കുന്നു .

ക്ഷീണമുണ്ട് . ഇപ്പോള്‍ തന്നെ ഇരുനൂറു കിലോമീറ്ററില്‍ കൂടുതല്‍ വണ്ടി ഓടിക്കഴിഞ്ഞു .ചെറിയ വിശ്രമവും കൂട്ടത്തില്‍ ഉച്ചഭക്ഷണവും ആയേക്കാമെന്നുകരുതി ആദ്യം കണ്ട ഹോട്ടലില്‍ കയറി . ഉപ്പും പുളിയും മസാലയും മണവുമില്ലാത്ത ഭക്ഷണം . വേറെ നിവര്‍ത്തിയില്ല , മുഴുവനും കഴിചില്ലങ്കില്‍ ഹോട്ടല്‍ നടത്തിപ്പുകാരി പാട്ടി വഴക്കുപറയും . എനിക്ക് മുന്‍പ് കഴിച്ച ആള്‍ ഭക്ഷണം ബാക്കി വച്ചപ്പോള്‍ അവര്‍ ദേഷ്യപ്പെട്ടത് ഞാന്‍ കണ്ടതാണ് . കണ്ണുമടച്ച് ഉരുളയാക്കി മുഴുവനും വിഴുങ്ങി വെള്ളം കുടിച്ചു ..

അണ്ണാ ,. പഴനിക്കു ഇന്ത റൂട്ട് താനേ ?? ഏവളോ ദൂരമിരുക്ക് .. ??
അറിയാവുന്ന തമിഴ് ഒപ്പിച് ഞാനൊരു വഴിയാത്രക്കാരനോട് ചോദിച്ചു .. ഇനിയും നൂറു കിലോമീറ്റര്‍ ദൂരമുണ്ട് .തേനി , ഡിണ്ടിഗല്‍ പിന്നെ പഴനി ..

ഇരുവശത്തും മരങ്ങള്‍ കുടപിടിച്ച വഴിയിലൂടെ വണ്ടി വീണ്ടും കുതിച്ചു .. വഴിയില്‍ അധികം യാത്രക്കാരോന്നുമില്ല . ഇടയ്ക്കിടയ്ക്ക് റോഡ് സൈഡില്‍ തന്നെ കോവിലുകള്‍ . കാലുകള്‍ മുകളിലേക്കുയര്‍ത്തി ചാടുന്ന കുതിരകളുടെ പ്രതിമകള്‍ എല്ലാ കൊവിലുകളിലുമുണ്ട് . ആരോടെങ്കിലും ഇതെന്ത് കൊവിലാനെന്നും ആരെയാണ് ആരാധിക്കുന്നതെന്നും ചോദിച്ചു മനസിലാക്കണം എന്നുണ്ടായിരുന്നു .. പക്ഷെ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരല്ലാതെ ആ പ്രദേശത്ത് സമീപവാസികളെ ആരെയും കണ്ടില്ല ..

തേനിയില്‍ നിന്നും ഡിണ്ടിഗല്‍ പോകുന്ന വഴിയിലെ സ്ഥലങ്ങളുടെ പേരുകള്‍ മലയാളിക്ക് കൌതുകമുണ്ടാക്കുന്നതായിരുന്നു .. എല്ലാ സ്ഥലങ്ങളുടെയും പേര് അവസാനിക്കുന്നത് പട്ടി എന്നാണ് . സില്‍വര്‍ പട്ടി , പന്നപ്പട്ടി .. എന്തായാലും പന്നപ്പട്ടി എന്ന ബോര്‍ഡിന്റെ പടമെടുത്തു അടുത്ത ചങ്ങാതിമാര്‍ക്കു അയച്ചുകൊടുക്കാന്‍ മറന്നില്ല ..
ഇടയ്‌ക്കൊരു ഫില്‍ട്ടര്‍ കോഫീ കുടിച്ചു വീണ്ടും യാത്ര .. ഡിണ്ടിഗല്‍ നാലുമണിയോടെ എത്തി . അവിടെനിന്നും പഴനി ..

ഞാനിപ്പോള്‍ കൊടൈക്കനാല്‍ ഉള്‍പ്പെടുന്ന ഒരു പര്‍വതനിരയെ വലംവെച്ചു ചുറ്റി പോവുകയാണ് . പഴനിയിലെക്കുള്ള യാത്രാമധ്യേ മലകളുടെ മുകളില്‍ തലഉയര്‍ത്തി ധാരാളം ക്ഷേത്രങ്ങള്‍ ..
ഏകദേശം ആറുമണിയോടുകൂടി പഴനിമലയുടെ അടുതെത്തി .. ആദ്യം കണ്ടത് ഹിടുംബന്‍ മലയാണ് .. പഴനിയുടെ പോലെ തന്നെ ഒരു പീഠആകൃതിയിലുള്ള മലയുടെ മുകളില്‍ കോവില്‍ .. മലയുടെ താഴ്വാരത്ത് നൂറുകണക്കിന് കുടിലുകളില്‍ കളിപ്പാട്ടവും കരകൌശല വസ്തുക്കളും നിര്‍മിച് വിറ്റ് ഉപജീവനം നയിക്കുന്ന ആയിരങ്ങള്‍ താമസിക്കുന്നുണ്ട് .

ബൈക്ക് വയ്ക്കുവാന്‍ സൌകര്യമുള്ള ഒരു ലോഡ്ജില്‍ മുറി തരപ്പെടുത്തി . വാടക ഒരു ദിവസത്തേക്ക് അഞ്ഞൂറ് രൂപാ . അല്‍പം നെറ്റി ചുളിചെങ്കിലും തര്‍ക്കിക്കാനും വാടക കുറയ്ക്കുവാനും ഒന്നും മനസ് തോന്നിച്ചില്ല .. വിശ്രമം എനിക്ക് അത്രയ്ക്ക് അത്യവശ്യമായിരുന്നു ..

കുറച്ചുനേരം കിടന്നു , കുളികഴിഞ്ഞു മുണ്ടുമുടുത്ത് പഴനിമല കയറാന്‍ ആരംഭിച്ചു .. ധാരാളം അയ്യപ്പന്മാരുണ്ടായിരുന്നതുകൊണ്ട് വഴിയില്‍ നല്ലതിരക്ക് . കാവിടിയെടുത്തു ഹരഹരോ വിളിച്ചു പടികള്‍ കയറുന്ന മലയാളികള്‍ ധാരാളം .. നടന്നും കിതച്ചും കുറെ നേരമെടുത്തു മലയ്ക്ക് മുകളിലെത്താന്‍ .. പഴനിമലയിലെ തങ്കരധം കാണുവാനും ഭാഗ്യം ലഭിച്ചു .. ഇനിയുള്ളത് അമ്പലത്തിനെ നാലോ അഞ്ചോ തവണ വലംവയ്ക്കുംപോലെയുള്ള ക്യൂവാണ് .. നടന്നു നടന്നു നടന്നു കാലിനു നല്ല വേദന തോന്നിച്ചു .. ഒടുക്കം ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു പഴനിമല മുരുകനെ ആവോളം ദര്‍ശിച്ചു .. ക്ഷേത്രത്തിനുള്ളില്‍ ഒരുപാട് ആളുകള്‍ നിലത്തു തൂണും ചാരിയിരിക്കുന്നു .. ഞാനും കുറെ നേരത്തേക്ക് അവരില്‍ ഒരാളായിക്കൂടി ..

പഞ്ചാമൃതവും പ്രസാദവും ഒക്കെ വാങ്ങി തിരികെ റൂമിലെത്തി കിടന്നപ്പോള്‍ നേരം പന്ത്രണ്ടുമണി കഴിഞ്ഞിരുന്നു .. മനസ്സില്‍ ഒരുപാടുനാളത്തെ ആഗ്രഹം സഭലമായ നിര്‍വൃതിയുമായി ഞാനുറങ്ങി ..

കൊടൈക്കനാല്‍
രാവിലെ എട്ടുമണിയോടെ ഭക്ഷണം കഴിച്ചു റെഡിയായി .റൂം വെക്കേറ്റ് ചെയ്തു ..പഴനിയില്‍ നിന്നും കൊടൈക്കനാല്‍ ഏകദേശം അറുപത്തിയഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട് .തിരികെ വീട്ടിലേക്കുള്ള യാത്ര അതുവഴിയാക്കാമെന്ന് തോന്നി .

എന്നെ സ്വാഗതം ചെയ്തത് മനോഹരമായ റോഡുകളായിരുന്നു.. ഇരുവശത്തും വളഞ്ഞു കാവിടിപോലെ പോലെ നില്‍ക്കുന്ന മരങ്ങളുടെ ചില്ലകളിലൂടെ സൂര്യപ്രകാശം അരിച്ചരിച്ചു റോഡില്‍ പതിച്ചു ..അവ റോഡിനെ കാന്‍വാസാക്കിയ രൂപമറിയാത്ത ചില ചിത്രങ്ങള്‍ പോലെ തോന്നിച്ചു .. ജനവാസം നന്നേകുറവാണ് . കാര്‍ഷികവൃത്തി തൊഴിലാക്കിയ ഗ്രാമവാസികളുടെ വിയര്‍പ്പ് കൃഷിയിടങ്ങളെ ഭലഭൂവിഷ്ടമാക്കിയിരിക്കുന്നു .. ഇടയ്‌ക്കൊരു

ആദ്യം കണ്ട പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ചു വീണ്ടും യാത്ര തുടര്‍ന്നു . മെല്ലെ മെല്ലെ റോഡിന്റെ സ്വഭാവം മാറി .. നിരപ്പുള്ള റോഡില്‍ നിന്നും ബൈക്ക് കുത്തനെയും ചെരിഞ്ഞും ചുറ്റിക്കെട്ടിയുമുള്ള റോഡിലേക്ക് പ്രവേശിച്ചു .. കൂടെ നല്ല
തണുപ്പും .. ഹെയര്‍ പിന്‍ വളവുകള്‍ ശരിക്കും ആസ്വദിച്ചു .. ഇടയ്‌ക്കൊരു വ്യൂ പോയന്റില്‍ പഴനിമല കാണാമായിരുന്നു .. അങ്ങ് ദൂരെ ..ദൂരെ ..

മുപ്പത് കിലോമീറ്റര്‍ വണ്ടി ഓടിയത് രണ്ടുമണിക്കൂര്‍ കൊണ്ടാണ് ..ഇടയ്‌ക്കൊരു ചായക്കട കണ്ടപ്പോള്‍ അവിടെനിന്നും പൂരിയും ചായയും ..വിശപ്പ് മൂര്ധന്യാവസ്ഥയില്‍ നിന്നിരുന്നതിനാല്‍ ഭക്ഷണത്തിന് ഇതുവരെ അറിഞ്ഞിട്ടില്ലാത്ത മധുരം .. മൂന്നോ നാലോ ജോലിക്കാരുണ്ട് അവിടെ . സഞ്ചാരികളെ മാത്രം ആശ്രയിച്ചാണ് കച്ചവടം . യാത്രപരഞ്ഞിറങ്ങുംപോള്‍ കൂടെ കടയുടെ ഉടമയും കയറി . കുറച്ചു ദൂരം മുന്‍പോട്ടു പോകുമ്പോള്‍ പുള്ളിക്കാരന് മറ്റൊരു ഹോട്ടല്‍ കൂടിയുണ്ട് .. അപ്പോള്‍ കച്ചവടം അത്ര മോശമല്ല .. അയാളെ ഹോട്ടലിനു മുന്‍പില്‍ഇറക്കി ഒരു ചിരിയും ഷെയര്‍ ചെയ്തു വണ്ടിയുടെ അക്‌സിലറെറ്റര്‍ ഞാന്‍ ചുരുട്ടി പിടിച്ചു ..

വഴിയുടെ വശങ്ങളില്‍ നിറം പിടിപ്പിച്ചു കുഞ്ഞു പൂവുകള്‍ നിറയെ ഉണ്ടായിരുന്നു .. നീലയും ചുവപ്പും ഓറഞ്ചും നിറങ്ങള്‍ .. ഒരു വശത്ത് കൊക്കയും ..മുകളിലെക്കെതുംതോറും ചെവികള്‍ അടഞ്ഞു പോയതിനാല്‍ ബൈക്കിന്റെ ശബ്ദം ഒരു മൂളല്‍ പോലെയേ കേള്‍ക്കുന്നുണ്ടായിരുന്നുള്ളൂ .. മനസിനെ കോരിത്തരിപ്പിക്കുന്ന പ്രകൃതിയുടെ മനോഹരമായ ചിത്രങ്ങളാല്‍ എന്റെ മനസ് നിറഞ്ഞു ..
ഏകദേശം പന്ത്രണ്ടരയോടു കൂടി കൊടൈക്കനാല്‍ തടാകക്കരയിലെത്തി .

ആയിരത്തി എണ്ണൂറ് കാലഘട്ടങ്ങളില്‍ മധുര ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന അമേരിക്കന്‍ മിഷനറിമാരാണ് കൊടൈക്കനാല്‍ കണ്ടുപിടിച്ചതെന്നൊരു വാദമുണ്ട് . ശേഷം ഇംഗ്ലണ്ട്‌ലേതുപോലെ എപ്പോഴും തണുപ്പുള്ള കാലാവസ്ഥയുള്ള കൊടൈക്കനാലില്‍ ബ്രിട്ടീഷുകാര്‍ എത്തുകയും ഇന്നീ നിലയില്‍ എത്തിക്കുകയുമായിരുന്നു . ഇവിടേക്കുള്ള മലമ്പാതകള്‍ തെളിച്ചതും അവര്‍തന്നെ . ബ്രിട്ടീഷ് നിര്മിതികള്‍ പലതും ഇപ്പോഴും തലയെടുപ്പോടെ കൊടൈക്കനാലിന് സ്വന്തമായ് തുടരുന്നു ..

കാണുവാന്‍ ഒരുപാടുണ്ട് കൊടൈക്കനാലില്‍ . പില്ലര്‍ റോക്‌സ് , ബ്ര്യന്റ് പാര്‍ക്ക് , കൊടൈക്കനാലിലെ ആത്മഹത്യാമുനമ്പ് , ബേര്‍ഷോളാ വെള്ളച്ചാട്ടം ,സിനിമയിലൂടെ പ്രശസ്തമായ ഗുണാഗുഹ,കൊടൈക്കനാലിലെ ഗോപുരം അങ്ങനെ കാണാനും അനുഭവിക്കാനും ഏറെയുണ്ട്. സമയം വളരെ പരിമിതമായിരുന്നതിനാല്‍ മനസില്ലാ മനസോടെ കൊടൈക്കനാലിനോട് ഞാന്‍ വിടവാങ്ങി ..ഇനിയും ഒരിക്കല്‍ വരണം .. ഒരാഴ്ച തങ്ങണം ..

തിരികെയുള്ള യാത്ര മറ്റൊരുവഴിയിലൂടെയാണ് ..അത് തേനി-ഡിണ്ടിഗല്‍ റോഡിലേക്ക് വന്നിറങ്ങും . ഏകദേശം നാല്‍പതോളം ഹരംപിടിപ്പിക്കുന്ന ഹെയര്‍പിന്‍ വളവുകളില്‍ ഊളിയിട്ട് രണ്ടുമണിക്കൂര്‍ കൊണ്ട് മലയിറങ്ങി ..
ഇനി തേനി ലക്ഷ്യമായി യാത്ര .. അവിടെനിന്നും കുമിളി .. ഇടയ്‌ക്കൊരു തടയണയില്‍ അയ്യപ്പന്മാര്‍ക്കൊപ്പം കുളിയും പാസാക്കി .. അപ്പോഴാണ് മറ്റൊരു ഐഡിയ മനസ്സില്‍ തോന്നിയത് . . കമ്പത്ത് നിന്നും ഇടുക്കിയിലെ കമ്പം മേട്ടിലേക്ക് പോകുവാന്‍ പറ്റും . അവിടെ കുറച്ചു ബന്ധു വീടുകളുമുന്ദ് അവരെയും കാണാം ., കൂടെ രാമക്കല്‍മേടും കാണാം .. അങ്ങനെ കമ്പത്ത് നിന്നും വണ്ടി വലത്തേക്ക് ഇന്‍ഡിക്കേറ്ററിട്ട് കമ്പം മെട്ടിനു ..
വീണ്ടുമൊരു മലകയറ്റം ..ചുറ്റി ചുറ്റി ചുറ്റി ..

ഇടയ്ക്ക് മലമുകളില്‍ നിന്നും നീളത്തില്‍ ഹോണ്‍ മുഴക്കി ജീപ്പുകള്‍ യാത്രക്കാരുമായി പാഞ്ഞിറങ്ങി വരുന്നു .. ഇടുക്കി വണ്ടികളാണ് ..

രാത്രിയോടെ ബന്ധുവീട്ടിലെത്തി ഭക്ഷണം കഴിച്ചു കിടന്നു .. നല്ല ക്ഷീണമുണ്ടായിരുന്നതിനാല്‍ എഴുനേല്‍ക്കാന്‍ വൈകി .. പ്രഭാത ഭക്ഷണം പാസാക്കി കുളിച്ചു വീണ്ടും യാത്ര രാമക്കല്‍ മേട്ടിലേക്ക് .. വീട്ടില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ .. പണ്ടെങ്ങോ പോയിട്ടുള്ള ഓര്‍മയുണ്ട് രാമക്കല്‍മെടിനെപ്പറ്റി .. കുറവന്‍ മലയും കുറത്തിമലയും തമിഴ്‌നാട്ടിലേക്ക് നോക്കി നില്‍ക്കുകയാണ് ..

തലേന്നത്തെ കാലാവസ്ഥയല്ല ഇന്ന് .ഇടുക്കിയില്‍ പലയിടങ്ങളിലും മഴ പെയ്തിട്ടില്ല .. ചൂടുകൊണ്ട് മരങ്ങള്‍ വാടി ഉണങ്ങാറായി നില്‍ക്കുന്നു .. ഏറെ സങ്കടം തോന്നിയത് സഞ്ചാരികള്‍ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടപ്പോഴാണ് .. പ്രകൃതിയെ എങ്ങനെ നശിപ്പിക്കാമോ അങ്ങനെയെല്ലാം നശിപ്പിക്കുകയാണ് നമ്മള്‍ . വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ കണ്ട രാമക്കല്‌മേടല്ല ഇപ്പോള്‍ .. പഴയ പ്രകൃതി നശിച്ചുണങ്ങി . കാലാവസ്ഥ മലക്കം മറിഞ്ഞു .. അപൂര്‍വയിനം ജൈവ ജാലങ്ങള്‍ ഒക്കെയും ഇല്ലാതെയായി ..

കുറെ സമയം അവിടെ ചിലവഴിച്ച ശേഷം മൂന്നുമണിയോടുകൂടി തിരികെ ഇറങ്ങി .. കട്ടപ്പന , ഏലപ്പാറ കുട്ടിക്കാനം വഴി തേയിലത്തോട്ടങ്ങളുടെ നടുവിലൂടി അടുതയാത്ര മനസ്സില്‍ കൊതിച്ച് തിരികെ യാത്ര ..

chenganoor to pazhani -300 kms
pazhani to kodaikkanal- 65 kms
kodaikkanal to cumbametu -139 kms
cumbumettu to chenganoor – 136