തേക്കടിയിലേക്ക് പോവാം

കേരളത്തിലെ ഏറ്റവും ആകര്‍ഷകവും അത്യപൂര്‍വ്വമായ വിസ്മയാനുഭവങ്ങള്‍ സന്ദര്‍ശകന് സമ്മാനിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് ഇടുക്കി ജില്ലയിലെ തേക്കടി. വിശ്വപ്രസിദ്ധമായ പെരിയാര്‍ വന്യജീവി സംരക്ഷണ മേഖലയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണ ഘടകമെങ്കിലുംഎല്ലാ തരക്കാരുടെയും ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്താന്‍ തേക്കടി സമ്പന്നമാണ്.

image source: www.keralatourism.org

വളഞ്ഞുപുളഞ്ഞുകിടക്കുന്ന കുന്നിന്‍ചെരിവുകളും ദുര്‍ഘടമായ വനപാതകളും ട്രെക്കിംങ് ഇഷ്ടപ്പെടുന്നവര്‍ക്കും പര്‍വ്വതാരോഹകര്‍ക്കും അവിസ്മരണീയമായ അനുഭവമായിരിക്കും.  ബോര്‍ഡര്‍ ഹൈക്കിംങ്, വൈല്‍ഡ് ലൈഫ് ട്രെയിന്‍, റോക്ക് ക്ലൈംബിങ്, ബാംബൂ റാഫ്റ്റിങ്ങ് എന്നിങ്ങനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട വേറെയും നേരമ്പോക്കുകള്‍ ഇവിടെയുണ്ട്.

തേക്കടിയിലെ പ്രശസ്തമായ പെരിയാര്‍ നാഷണല്‍ പാര്‍ക്കാണ്  ലോകഭൂപടത്തില്‍ തേക്കടിക്ക് വിഖ്യാതമായ സ്ഥാനം നിര്‍ണ്ണയിച്ച്കൊടുത്തത്. നിത്യഹരിത വനങ്ങളുടെ നിബിഢതയ്ക്കൊപ്പം നാനാജാതി മൃഗങ്ങളും സന്ദര്‍ശകരെ ആവേശഭരിതരാക്കും. ആനകള്‍, കടുവകള്‍, കലമാനുകള്‍, കാട്ടുപന്നികള്‍, സിംഹവാലന്‍ കുരങ്ങുകള്‍, വരയാടുകള്‍, കരിങ്കുരങ്ങുകള്‍, മലബാര്‍ ജയന്റ് സ്‌കിറള്‍ എന്ന അപൂര്‍വ്വയിനം അണ്ണാനുകള്‍ എന്നിങ്ങനെ വിവിധയിനം മൃഗങ്ങളെയും ജീവജാലങ്ങളെയും ഉള്‍ക്കൊള്ളുന്ന ഈ ആരണ്യകം സഞ്ചാരികള്‍ തേടിനടന്ന ഇടം തന്നെയെന്ന പ്രതീതി അവരിലുളവാക്കും.
പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് 1978 ല്‍ കടുവാ സംരക്ഷണ മേഖലയെന്ന പദവി സിദ്ധിച്ചു. പരിസ്ഥിതി സൌഹാര്‍ദ്ദത്തില്‍ അധിഷ്ടിതമായ വേറെയും എക്കോ ടൂറിസം പദ്ധതികള്‍ക്ക് ഈ മേഖല പിന്നീടും സാക്ഷിയായി. വെള്ളം കുടിക്കാനും നീരാടാനും കായലോരത്തെത്തുന്ന ആനക്കൂട്ടങ്ങള്‍ സഞ്ചാരികള്‍ക്ക് ഏറെ വിസ്മയമുളവാക്കുന്ന കാഴ്ചയാണ്.

തേക്കടിയിലെ പ്രകൃതിദൃശ്യങ്ങളും വിനോദമേഖലകളും ഒട്ടനവധിയാണ്. വന്യജീവി സംരക്ഷണ കേന്ദ്രത്തിന് പുറമെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വേറെയും സ്ഥലങ്ങള്‍ ഇവിടെയുണ്ട്. മുരിക്കാടി(സുഗന്ധ വ്യഞ്ജന, കാപ്പി തോട്ടങ്ങള്‍), അബ്രഹാമിന്റെ സ്പൈസ് ഗാര്‍ഡന്‍, കടത്തനാടന്‍ കളരി കേന്ദ്രം ( ലോകപ്രശസ്ത ആയോധന കലയായ കളരിപ്പയറ്റിനെ പരിചയപ്പെടുത്തുന്ന സ്ഥാപനം ), മംഗള ദേവീ ക്ഷേത്രം എന്നിവ അവയില്‍ ചിലതാണ്.

താമസത്തിനായി ഇവിടെ KTDC യുടേത് അടക്കം ധാരാളം റിസോര്‍ട്ടുകള്‍ ഉണ്ട് .