ഇടുക്കിയിലെ ആരും കാണാത്ത സ്വര്‍ഗം , തൊണ്ടമാന്‍ കോട്ട !

കതകുപലമേട്ടിന്റെ ഏറ്റവും മുകളിലെ വലിയ പാറയുടെ തുമ്പത്ത് നിന്നാല്‍ ഞങ്ങള്‍ നടന്നു കയറിയ തൊണ്ട മാന്‍ കോട്ട അകലെ ഒരു പൊട്ടുപോലെ കാണാം. പിന്നെ മുന്‍പ് കണ്ട തമിഴ് നാടന്‍ ഗ്രാമങ്ങള്‍ വീണ്ടും കണ്ടു. ഇത്രയും ദൂരം, ഇത്രയും വലിയ മലയാണ് കയറിയത് എന്ന് വിശ്വസിക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല.

#മധു തങ്കപ്പന്‍ 

കേരളത്തിലെ ഏറ്റവും മനോഹരമായ ജില്ലയായ ഇടുക്കിയിലെ ഏറ്റവും സുന്ദരമായ സ്ഥലം എന്ന് ഉറപ്പിച്ചു പറയാവുന്ന ഒരിടമാണ് തൊണ്ടമാന്‍ കോട്ട. ടൂറിസം മാപ്പില്‍ ഇടം പിടിക്കാത്ത, ആളുകളുടെ ബഹളങ്ങള്‍ ഒട്ടും ഇല്ലാതെ പ്രകൃതി സൌന്ദര്യം ആസ്വദിച്ചിരിക്കാന്‍ പറ്റിയ ഒരിടം. ഭാര്യയെയും കുട്ടികളെയും കൂട്ടി ആദ്യമായി അവിടെ എത്തുകയും ആ സൌന്ദര്യം നുകരുകയും ചെയ്തപ്പോള്‍ ഈ സ്വര്‍ഗലോകം മറ്റുള്ളവര്‍ക്കും കൂടി പരിചയപ്പെടുത്തി കൊടുക്കണം എന്ന് മനസ്സ് പറഞ്ഞു. അങ്ങിനെ കഴിഞ്ഞ മഴക്കാലത്തിന്റെ അവസാനം മുപ്പതോളം ആളുകളെ നയിച്ച് കൊണ്ട് അവിടേക്ക് ഒരു യാത്ര സംഘടിപ്പിക്കുകയും ചെയ്തു. മഞ്ഞു മൂടി കിടക്കുന്ന ആ മല നിരകളിലൂടെ കൊടും തണുപ്പും കാറ്റും അട്ടകടിയും അനുഭവിച്ചുള്ള ഒരു അതിമനോഹര യാത്ര അനുഭവിച്ചിട്ടും തൊണ്ടമാന്‍ കോട്ട ഒരു അഭിനിവേശം ആയി മനസ്സില്‍ നിറഞ്ഞു നിന്നു.

ആ മഞ്ഞു മൂടിയ വലിയ മലയാണ് കലകുപലമേട്‌ .

കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്ന യാത്രാ തല്‍പരരായ ആളുകളെയും കൊണ്ട് ഒരു ഞായറാഴ്ച രാവിലെ അഞ്ചു മണി കഴിഞ്ഞപ്പോള്‍ തന്നെ യാത്ര പുറപ്പെട്ടു. പരിചിതരായ കുറച്ചു മുഖങ്ങളും അതിലേറെ അപരിചിത മുഖങ്ങളും നിറഞ്ഞ ടൂറിസ്റ്റ് ബസ് രാവിലത്തെ തണുപ്പിലൂടെ ഞങ്ങളുടെ ലക്ഷ്യസ്ഥാനം നോക്കി വേഗത്തില്‍ പാഞ്ഞു തുടങ്ങി. എറണാകുളത്തു നിന്നും വൈറ്റില – കോലഞ്ചേരി – മുവാറ്റുപുഴ – കോതമംഗലം – അടിമാലി വഴി രാജപ്പാറയില്‍ എത്തി. അവിടെ നിന്നും പ്രഭാത ഭക്ഷണത്തിന് ശേഷം വീണ്ടും രാജകുമാരി – പൂപ്പാറ വഴി രാജാക്കാട് എത്തി. ഏകദേശം നൂറ്റി അമ്പത് കിലോമീറ്റര്‍ നീണ്ട ഒരു യാത്ര. പച്ച വിരിച്ച, മഞ്ഞു മൂടിയ നാട്ടിന്‍പുറത്തെ കാഴ്ചകളും പൂപ്പാറയിലെ തേയില കാടുകളും കണ്ടു മനസ്സ് നിറഞ്ഞതിനാല്‍ ഒരു ധീര്‍ഘയാത്രയുടെ ക്ഷീണം ആരിലും ഉണ്ടായിരുന്നില്ല.

ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും വെള്ളവും ബാഗിലെടുത്തു രാജപ്പാറ ബസ് സ്റ്റോപ്പില്‍ നിന്നും ഞങ്ങള്‍ നടന്നു തുടങ്ങി. രാജപ്പാറയില്‍ നിന്നും ഏകദേശം രണ്ടു കിലോമീറ്റര്‍ അകലത്തിലാണ് തൊണ്ടമാന്‍ കോട്ട. ഒരു കാറിനു കടന്നു പോകാന്‍ മാത്രം വീതിയുള്ള റോഡ്. ഏകദേശം ഒരു കിലോമീറ്റര്‍ മാത്രം ദൂരം ടാറു ചെയ്തിരിക്കുന്നു. ഇരുവശവും മരങ്ങളും ഏലവും നിറഞ്ഞു നില്ക്കുന്ന തോട്ടങ്ങള്‍. ജനവാസം തീരെ കുറവ്. രാവിലെ പത്തു മണി ആയിട്ടും തണുപ്പ് വിട്ടു മാറിയിട്ടില്ല.. നല്ല തണുത്ത കാറ്റും, ശുദ്ധവായുവും ശ്വസിച്ചു കൊണ്ട് ആ ഇടവഴികളിലൂടെ തൊണ്ടമാന്‍ കോട്ടയെ ലക്ഷ്യമാക്കി നടന്നു.

പോകുന്ന വഴിയില്‍ മത്തായി ചേട്ടനെ കണ്ടു .അവിടെ വര്‍ഷങ്ങളായി താമസിക്കുന്ന, അവിടങ്ങളില്‍ കുറെ കൃഷി ഇടങ്ങള്‍ ഉള്ള ഒരു കാരണവര്‍. മുന്‍പ് രണ്ടു തവണ വന്നപ്പോഴും ആ സ്ഥലത്തെക്കുറിച്ച് ഒരുപാട് വിവരങ്ങള്‍ തന്ന ഒരു പ്രകൃതി സ്‌നേഹിയാണ് മത്തായി ചേട്ടന്‍. ഞങ്ങള്‍ പോകുന്ന വഴിയില്‍ ആന ഇറങ്ങിയിട്ടുണ്ട് എന്നും, ഇന്ന് രാവിലെ മൂന്നു ആനകളെ ഒരുമിച്ചു കണ്ടു എന്നും, വേറെ ഒറ്റയാന്‍ താഴേക്ക് ഇറങ്ങി പോയിട്ടുണ്ട് എന്നും ആളില്‍ നിന്നും വിവരം കിട്ടി. ഞങ്ങള്‍ക്ക് ഗൈഡ് ആയി വരുന്ന മൊക്ക എന്ന തമിഴ് നാട്ടുകാരന്‍ അവിടെ ഉണ്ടാകും എന്നും പറഞ്ഞു മത്തായി ചേട്ടന്‍ നടന്നകന്നു.

അങ്ങിനെ രണ്ടു കിലോമീറ്റര്‍ ദൂരം നടന്നു തൊണ്ടമാന്‍ കോട്ടയിലെത്തി. പലരും അവിടെ ഒരു പഴയ കോട്ടയാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ അവിടെ നിറയെ പുല്ലുകള്‍ വളര്‍ന്നു നില്ക്കുന്ന വലിയ മണ്ണ് കൊണ്ടുള്ള തിട്ടകള്‍ ആണ് ഉള്ളത് . ഈ തിട്ടകള്‍ കയറി മുകളില്‍ എത്തിയാല്‍ താഴെ വലിയ കൊക്കയാണ്. അവിടെ നിന്നും നോക്കിയാല്‍ തമിഴ് നാട്ടിലെ ഗ്രാമങ്ങള്‍ അങ്ങ് അകലെ ആയി ചെറിയ പൊട്ടുകള്‍ പോലെ കാണാം. ആഞ്ഞടിക്കുന്ന കാറ്റും കൊണ്ട് അവിടെ ആ കാഴ്ചകള്‍ കണ്ടു നില്ക്കാന്‍ പേടി തോന്നും. നമ്മളെ പറത്തികൊണ്ട് പോകുമോ എന്ന് തോന്നിപ്പിക്കുന്ന തണുത്ത കാറ്റ് പലപ്പോഴും അസഹനീയം ആയി തോന്നും.എല്ലാവരും അവിടെ ആ മനോഹര കാഴ്ചകളും, പ്രകൃതി ഭംഗിയും ആസ്വദിച്ചു അവിടെ കുറച്ചു സമയം ഇരുന്നു.

ഞാന്‍ പലരില്‍ നിന്നും കേട്ടറിഞ്ഞ തൊണ്ടമാന്‍ കോട്ടയുടെ ചരിത്രം കുറച്ചു പേര്‍ക്ക് വിവരിച്ചു കൊടുത്തു. തമിഴ് നാട്ടിലെ പുതുക്കോട്ട കേന്ദ്രം ആക്കി ഭരിച്ചിരുന്ന തമിഴ് രാജവംശത്തിലെ രാജാവ് ആയിരുന്നു തൊണ്ടമാന്‍.   രാജ്യം ആക്രമിച്ചു കീഴ്‌പെടുത്താന്‍ വന്ന ശത്രുരാജ്യത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപെടുവാന്‍ വേണ്ടി തമിനാടിന്റെയും കേരളത്തിന്റെയും അതിരില്‍ കിടക്കുന്ന ഈ മലകയറി തൊണ്ടമാന്‍ രാജാവ് വന്നുവത്രേ. ഇവിടെ വാസസ്ഥലത്തിന് ചുറ്റും ഒരു വലിയ കോട്ട കെട്ടി. പിന്നെ രാജവംശത്തിന്റെ മുഴുവന്‍ സമ്പാദ്യവും ഇവിടെ ഉള്ള ഒരു മലയുടെ പാറയില്‍ തീര്‍ത്ത ഒരു അറയില്‍ ഒളിപ്പിച്ചു വെക്കുകയും ചെയ്തു. അതിനു ശേഷം ഒരു പാറക്കല്ലുകൊണ്ട് ആ അറ അടച്ചു , പിന്നെ ആ കല്‍കതക് വലിച്ചു തുറക്കുവാന്‍ ഒരു ചങ്ങലയും പിടിപ്പിച്ചു .സമീപത്തു ഉള്ള ഒരു തടാകത്തില്‍ അതിന്റെ മറ്റേ അറ്റവും ഇട്ടു .ആ ചങ്ങലയുടെ അറ്റം കണ്ടെത്തി അതു വലിച്ചാല്‍ നിധി വെച്ച അറയുടെ കല്‍കതക് തുറക്കും എന്നാണു പറയപ്പെടുന്നത് . അങ്ങിനെയാണ് നിധി ഇരിക്കുന്ന മലയ്ക്ക് ‘കതകുപലമേട് ‘ എന്നും ഇവിടത്തെ കോട്ടയ്ക്ക് ‘തൊണ്ടമാന്‍ കോട്ട ‘ എന്നും പേര് വന്നത്. ഈ തൊണ്ട മാന്‍ കോട്ടയില്‍ വന്നു അവിടെ നിന്നും കതകുപലമേടിലെ നിധിയിരിക്കുന്ന മല മുകളില്‍ സാഹസികമായി എത്തിചേരാനാണ് ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത് .

അല്‍പനേരം അവിടെ മുഴുവന്‍ നോക്കുകയും അവസാനം ഉറക്കെ പേര് പലതവണ വിളിക്കുകയും ചെയ്തിട്ടും മൊക്ക എന്ന ഗൈഡിനെ അവിടെ കാണാതെ വന്നപ്പോഴാണ് മനസ്സില്‍ ഒരു ഞെട്ടല്‍ കടന്നു വന്നത്. സാധാരണ എല്ലാ യാത്രകളിലും ഗൈഡ് ആയി രണ്ടു പേരെ കരുതി വെക്കാറുണ്ട്. ഇത്തവണ അമിത വിശ്വാസം കൊണ്ടും മൊക്ക അവിടെ വിട്ടു ഒരിടത്തും പോകാത്ത ഒരാളാണ് എന്നും അറിഞ്ഞത് കൊണ്ടാണ് ഒരാള് മതി എന്ന് തീരുമാനിച്ചത്. കഴിഞ്ഞ തവണത്തെ യാത്രയില്‍ കൂട്ട് വന്നതും അയാളായിരുന്നു. സാധാരണ കാട്ടിലെ പോലെ മനുഷ്യര്‍ നടന്നു പോയ നടപ്പാതകള്‍ അവിടെ കുറവായിരുന്നു. വഴികള്‍ വെട്ടി വെട്ടി ആണ് മല കയറി പോകേണ്ടത് . ഞാന്‍ ഈ മല മുന്‍പൊരിക്കല്‍ കയറിയതാണ് എങ്കിലും മഞ്ഞു നിറഞ്ഞ വഴികളിലൂടെ നടന്നത് കൊണ്ടും, വഴികള്‍ വെട്ടി നടന്നു കയറിയത് കൊണ്ടും ആ കാട്ടിലെ വഴികള്‍ ഒട്ടും എന്റെ ഓര്‍മയില്‍ പോലും വരുന്നില്ലായിരുന്നു.

ഈ യാത്രയുടെ മുഴുവന്‍ ഉത്തരവാദിത്തവും എനിക്കും രാജു ചേട്ടനും മാത്രം ആയിരുന്നു. ഉടനെ രാജു ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. മൊക്കയെ കിട്ടാതെ ഈ യാത്ര നടക്കില്ല. കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കിയ രാജു ചേട്ടന്‍ വേഗം മറ്റൊരാളെയും കൂട്ടി മൊക്കയുടെ വീടും തിരക്കി പോയി. ഞാന്‍ മത്തായി ചേട്ടനില്‍ നിന്നും കിട്ടിയ അറിവില്‍ നിന്നും, അവിടെ അടുത്തുള്ള കോളനിയിലെ ആരെയെങ്കിലും വഴികാട്ടിയായി കിട്ടുമോ എന്നറിയാന്‍ വേഗത്തില്‍ ഓടി. ജീവിതത്തിലെ ഏറ്റവും ടെന്‍ഷന്‍ പിടിച്ച നിമിഷങ്ങള്‍. ഈ യാത്ര നടക്കാതെ വന്നാല്‍ ഒന്നും നഷ്ടപ്പെടാന്‍ ഇല്ല.പക്ഷെ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്ന യാത്ര സ്‌നേഹികളുടെ വിഷമം അത് കാണാന്‍ വയ്യ. ഞങ്ങളെ മാത്രം വിശ്വസിച്ചു ഇത്രയും വഴി വന്ന അവരെ നിരാശരായി മടക്കി അയക്കാന്‍ വയ്യ. എന്ത് തന്നെ സംഭവിച്ചാലും ഈ യാത്ര നടത്തും. കോളനിയിലേക്കുള്ള ഓട്ടത്തിനിടക്ക് അത് മനസ്സില്‍ പറഞ്ഞുകൊണ്ടേയിരുന്നു.

കോളനിയുടെ അടുത്ത് എത്തുമ്പോഴേക്കും വഴിയില്‍ ഒരു ചേട്ടനെ കണ്ടു, കാര്യം പറഞ്ഞു. ഇവിടെ ഇപ്പോള്‍ ആണുങ്ങള്‍ ആയി താന്‍ മാത്രമേ ഉള്ളൂ എന്നും മറ്റുള്ളവര്‍ ഒഴിവു ദിവസ്സം ആയതിനാല്‍ പുറത്തു പോയിരിക്കുകയാണെന്നും, ഒരു കല്യാണത്തിനു പോകാന്‍ തയ്യാറെടുത്തു നില്ക്കുന്ന തനിക്ക് വഴികാട്ടിയായി വരാന്‍ കഴിയില്ല എന്നും ചേട്ടന്‍ പറഞ്ഞു. നിരാശനായി മടങ്ങാന്‍ നില്‍ക്കുമ്പോള്‍ അങ്ങകലെ വന്ന വഴിയില്‍ നിന്ന് നിന്ന് ആരോ കൂകി വിളിക്കുന്നത് കേട്ടു. വീണ്ടും തിരിച്ച് അവിടേക്ക് ഓടി. കാടാണോ പറമ്പ് ആണോ എന്നൊന്നും തിരിച്ചറിയാന്‍ പറ്റാത്ത ആ കാട്ടുവഴികളിലൂടെ ഓടി തൊണ്ടമാന്‍ കോട്ടയില്‍ തിരിച്ചെത്തുമ്പോള്‍ രാജു ചേട്ടന്‍ വേറെ ഒരു വഴി കാട്ടിയെ കൂട്ടി കൊണ്ട് വന്നിരിക്കുന്നത് കണ്ടു. കയ്യില്‍ വലിയ വെട്ടു കത്തിയും, കാക്കി ട്രൌസറും ഇട്ട അയാളെ കണ്ടപ്പോള്‍ അരമണിക്കൂര്‍ നീണ്ട ടെന്‍ഷന്‍ മുഴുവനും മനസ്സില്‍ നിന്നും മാഞ്ഞു പോയി.

അങ്ങിനെ ഞങ്ങള്‍ മുപ്പത്തിരണ്ടു പേര്‍ തൊണ്ടമാന്‍ കോട്ടയില്‍ നിന്നും കതകുപലമേട്ടിലെ തൊണ്ടമാന്‍ രാജാവിന്‍റെ  നിധി തേടി ഒരു സാഹസിക യാത്ര തുടങ്ങി. വഴികള്‍ എല്ലാം പുല്ലുകള്‍ വളര്‍ന്നു നില്ക്കുന്നതായിരുന്നു. ഒരാള്‍ വലുപ്പത്തിലുള്ള വലിയ പുല്ലുകള്‍. അവ വകഞ്ഞു മാറ്റി വേണം പോകാന്‍. വഴിയുടെ ഒരു വശത്ത് അഗാധമായ കൊക്ക, നേരെ അങ്ങകലെ കതകുപലമേട് മല. വളരെ ശ്രദ്ധിച്ചു പുല്ലുകള്‍ വളഞ്ഞു മാറ്റി വരി വരി ആയി എല്ലാവരും ആ വഴികളിലൂടെ നടന്നു.

പുല്ലു നിറഞ്ഞ വഴികള്‍ കഴിഞ്ഞു കാട്ടിലേക്ക് കയറുന്നിടത്ത് വഴി രണ്ടായി പിരിയുന്നത് കണ്ടു. വഴികാട്ടി ചേട്ടന്‍ ഏതു വഴിയിലൂടെ പോകണം എന്നറിയാതെ എന്റെ മുഖത്തേക്ക് നോക്കി. ചേട്ടന്‍ ഇതുവരെ ഈ മലയുടെ മുകളില്‍ പോയിട്ടില്ലേ എന്ന ചോദ്യത്തിന് ഇല്ല എന്ന തമിഴിലെ മറുപടി കേട്ടപ്പോള്‍ വീണ്ടും ഒരു ഞെട്ട് ഞെട്ടി. ജീവിതത്തിലെ ഒരു നിര്‍ണായക നിമിഷം. രാജു ചേട്ടനും ഒന്നും പറയാതെ വിഷമിച്ചു നില്ക്കുന്നു. അടുത്ത് നിന്നിരുന്ന ഡോക്ടര്‍ ജയപ്രകാശിനോടും,ഒരു പാട് ട്രെക്കിംഗ് നടത്തിയിട്ടുള്ള ബാബുവിനോടും കാര്യം പറഞ്ഞു. ഞാനും ജയപ്രകാശും ഒരു തവണ ഈ മല കയറിയാതാണ് . ഒരിടത്ത് പോലും വ്യക്തമായി വഴിയില്ല എന്ന സത്യം അറിയാം.പിന്നെ ആനയും കാട്ടുപോത്തും സുലഭമായ കാട്. നമ്മള്‍ ഒരു ഊഹം വെച്ച് പോകുകയാണ് എത്തിയാല്‍ എത്തി.എല്ലാവരോടും സത്യം പറഞ്ഞു. ഒരാളും എതിര്‍ത്ത് പറഞ്ഞില്ല. അങ്ങിനെ രണ്ടു വഴികളില്‍ ആദ്യത്തെ വഴി ഞാന്‍ തിരഞ്ഞെടുത്തു. മറന്നു തുടങ്ങിയ ഓര്‍മകളെ മനസ്സിലേക്ക് കൊണ്ട് വന്നു. അങ്ങിനെ വീണ്ടും കാടിന്റെ ഉള്ളറകളിലേക്ക് യാത്ര തുടര്‍ന്നു.

രണ്ടാള്‍ പൊക്കത്തിലുള്ള മരങ്ങള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. മുന്‍പില്‍ അണ്ണനെ തന്നെ വഴികാട്ടിക്കു പകരം വഴിവെട്ടാനായി നിറുത്തി. വഴിയില്‍ കാണുന്ന തടസ്സങ്ങള്‍ വെട്ടി നീക്കുന്ന ജോലി അണ്ണന് നല്കി. കുറച്ചു പുറകില്‍ രാജുചേട്ടന്‍. രാജു ചേട്ടന്‍ കടന്നു പോകുന്ന ഭാഗത്തെ മരങ്ങളില്‍ എല്ലാം കത്തി കൊണ്ട് ചെറിയ വെട്ടുകള്‍ വെട്ടുന്നുണ്ടായിരുന്നു. മറ്റു ചിലര്‍ വഴിയിലെ ചെടികളുടെ ചില്ലകള്‍ ഓടിച്ചു ഇടുന്നുണ്ടായിരുന്നു. അങ്ങിനെ എല്ലാവരും അവര്‍ക്ക് സാധിക്കാവുന്ന ചെറിയ ചെറിയ അടയാളങ്ങള്‍ ഉണ്ടാക്കുന്നുണ്ടായിരുന്നു. വഴി തെറ്റുമെന്നു എല്ലാവര്‍ക്കും ഉറപ്പായിരുന്നു പിന്നെ കതകുപലമേടിന്റെ മുകളില്‍ എത്തും എന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പും ഇല്ലായിരുന്നു. അങ്ങിനെ വന്നാല്‍ തിരിച്ചു വരാന്‍ ഈ അടയാളങ്ങള്‍ ഉപയോഗപ്പെടും എന്നതിനാല്‍ സമയം എടുത്തിട്ടാണ് എങ്കിലും ഒരോരുത്തരും എന്തെങ്കിലും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.

പലയിടങ്ങളില്‍ കുനിഞ്ഞും, മുള്ളുകള്‍ വെട്ടിമാറ്റിയും, വലിയ കയറ്റങ്ങളില്‍ പരസ്പരം കൈകൊടുത്തും പതുക്കെ പതുക്കെ മുകളിലേക്ക് കയറി. കുറെ ദൂരം പോയപ്പോള്‍ ആളുകള്‍ നടന്നപോലത്തെ വഴിച്ചാലു കണ്ടു. അതിലൂടെ അല്പം നടന്നപ്പോള്‍ അണ്ണന്‍ വീണ്ടും പേടിപ്പെടുത്തി. ഇത് വഴിച്ചാല്‍ അല്ല എന്നും ഇത് ആനത്താര ആണെന്നും അയാള്‍. അയാള്‍ പറഞ്ഞത് സത്യം തന്നെ ആയിരുന്നു. ആനകള്‍ മുകളിലേക്കും താഴേക്കും സ്ഥിരം ആയി ഇറങ്ങി, ചവിട്ടി മെതിച്ചു ഉണ്ടായ ഒരു വഴി. പലയിടത്തും അധികം പഴക്കം ഇല്ലാത്ത ആനപ്പിണ്ടങ്ങള്‍, ആന ഒടിച്ചിട്ട മരച്ചില്ലകള്‍, പല മരങ്ങളുടെയും തൊലികള്‍ കുത്തി പൊളിച്ചിട്ടിരിക്കുന്ന കാഴ്ചകള്‍.

എന്ത് തന്നെ ആയാലും ആ വഴിയെ തന്നെ നടന്നു കയറാം എന്ന് തീരുമാനിച്ചു. പുതിയ വഴികള്‍ വെട്ടി വെട്ടി കതകുപലമേട്ടില്‍ എത്താന്‍ കുറെ സമയം എടുക്കും. ഈ ആനത്താരയിലൂടെ പോയാല്‍ കുറെ സമയം ലാഭിക്കാം. അങ്ങിനെ ആ വഴിയിലൂടെ വരി വരി ആയി നടന്നു. കയറി കയറി മലയുടെ ഏകദേശം പകുതി എത്തി എന്ന് ബോധ്യമായി. ആനത്താര ചെന്നവസാനിച്ചത് പാറക്കൂട്ടങ്ങളുടെ അടുത്താണ്. ആ പാറകള്‍ കണ്ടപ്പോള്‍ അത് വറ്റിപ്പോയ ഒരു ചെറിയ വെള്ളച്ചാട്ടമാണ്ന്ന തോന്നല്‍. ഇവിടെ മുന്‍പ് വന്നിട്ടുണ്ടെന്നും അട്ട കടിച്ച ചോര കഴുകിക്കളഞ്ഞത് ഇവിടെ വെച്ചാണ് എന്നും ഒരു ചെറിയ ഓര്‍മ. ഡോക്ടര്‍ ജയപ്രകാശിനെ വിളിച്ചു ആ സ്ഥലം കാണിച്ചു കൊടുത്തു. ആളും അത് സമ്മതിച്ചു. അതോടെ ഇതുവരെ ഉള്ള വഴി ഒട്ടും തെറ്റിയിട്ടില്ല എന്നും ഏകദേശം അര മണിക്കൂര്‍ കൂടി നടന്നാല്‍ മുകളില്‍ എത്താം എന്നും മനസ്സിലായി. എല്ലാവരും വീണ്ടും ആവേശത്തിലായി. വീണ്ടും പുതിയ വഴികള്‍ വെട്ടി മുകളിലേക്ക് കയറി.

ആവേശത്തോടെ വീണ്ടും വീണ്ടും കയറി ചെന്നെത്തിയത് മറ്റൊരു പറക്കൂട്ടത്തിന്റെ അടുത്താണ്. വെള്ളം ഒഴുകിയതിന്റെ പാടും ഇപ്പോഴും ഉറച്ചിട്ടില്ലാത്ത ചെളി പുരണ്ട മണ്ണും എത്ര വെട്ടിയാല്‍ പോലും വഴി മാറാത്ത കനത്ത കാടും കണ്ടപ്പോള്‍ വഴി തെറ്റിയെന്നു ബോധ്യമായി. അത്രയും ദൂരം നടന്നത് വെറുതെയായി. നിരാശരായി വീണ്ടും കുറെ ദൂരം തിരിച്ചു ഇറങ്ങി. നടത്തത്തിനിടയില്‍ ഡോക്ടറുടെ പത്തു വയസ്സുകാരന്‍ മകന്‍ നമ്മള്‍ കടന്നു പോയ വഴിയില്‍ മുകളിലേക്ക് കയറാവുന്ന ഒരു വഴി പോലെ ഒന്നും കണ്ടു എന്ന് പറഞ്ഞു. ഓരോരുത്തരും മുകളില്‍ എത്താന്‍ വഴികള്‍ തിരഞ്ഞെങ്കിലും ഒന്നും കാണാതെ ഡോക്ടറുടെ മകന്‍ കാണിച്ചു തന്ന വഴിയിലൂടെ വീണ്ടും പാത തെളിച്ചു നടന്നു. വഴി കാട് പിടിച്ചതാണെങ്കിലും പലരും ഉപയോഗിച്ച വഴി ആണെന്ന തോന്നല്‍ മനസ്സില്‍. വീണ്ടും മുകളിലോട്ട് .

മടക്കയാത്ര

കാട്ടിലെ ഓരോ അനക്കവും ചെവിയോര്‍ത്തു നടക്കുന്നതിനിടയില്‍ മുകളില്‍ വലിയ ശബ്ധത്തില്‍ എന്തോ പരിഭ്രമിച്ചു ഓടുന്നതിന്റെ ശബ്ദവും, കാട്ടുചെടികള്‍ പതിവിലും വിപരീതമായി കുലുങ്ങുന്നതും കണ്ടപ്പോള്‍ എല്ലാവരോടും അവിടെ തന്നെ നില്ക്കാന്‍ പറഞ്ഞു. ഏറ്റവും മുന്‍പില്‍ നടക്കുന്നവരുടെ അടുത്തെത്തി. മുന്നില്‍ നടന്നിരുന്ന ഡോക്ടറും ഒപ്പം ഉണ്ടായിരുന്ന രണ്ടുപേരും ഒരു വലിയ കാട്ടുപോത്ത് അവരുടെ തൊട്ടടുത്ത് നിന്നും ഓടിപ്പോകുന്നത് കണ്ടു എന്നും ശരിക്കും പേടിച്ചു പോയി എന്നും പറഞ്ഞു. കാട്ടുപോത്തിനെ കണ്ട കാര്യം ആരോടും പറയണ്ട എന്നും പറഞ്ഞു അവരുടെ മുന്‍പിലായി പതുക്കെ എല്ലായിടത്തും നോക്കി നോക്കി നടന്നു. കാട്ടു പോത്തിനെ വിശ്വസിക്കാന്‍ പറ്റില്ല എന്നും എപ്പോള്‍ വേണമെങ്കിലും അത് തിരിച്ചു വന്നു ആക്രമിക്കുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

മടക്കയാത്ര

അങ്ങിനെ ഒടുവില്‍ ഞങ്ങള്‍ ആ മലമുകളില്‍ എത്താറായി. കാട് മാറി വെയില്‍ അടിച്ചു തുടങ്ങി. പലരും ആവേശത്തോടെ ഉറക്കെ അലറി വിളിച്ചു. ഞാനും. ജീവിത്തില്‍ ഇത്രമാത്രം സന്തോഷിച്ച നിമിഷങ്ങള്‍ വളരെ അപൂര്‍വ്വം ആയിരുന്നു. ഞങ്ങള്‍ കൃത്യമായി ചെന്നെത്തിയത് കതകുപലമേട്ടിലെ കഴിഞ്ഞ തവണ കയറിയ അതെ പാറയുടെ മുകളില്‍ ആയിരുന്നു.മനോഹരമായ കാഴ്ചകളും അതിശക്തമായ കാറ്റും ഞങ്ങളെ വരവേല്ക്കാന്‍ അവിടെ കാത്തു നില്ക്കുന്നുണ്ടായിരുന്നു.

എല്ലാവരും ബാഗുകള്‍ നിലത്തു വെച്ച് കൈകള്‍ പോലും കഴുകാതെ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. അത്രയും നേരം പിടിച്ചു വെച്ചിരുന്ന വിശപ്പ് പുറത്തു ചാടി. മുകളിലേക്കുള്ള യാത്രയില്‍ ഒരാള്‍ പോലും വെള്ളം കുടിക്കുന്നത് പോലും കണ്ടിരുന്നില്ല. ആരും ക്ഷീണം അറിഞ്ഞില്ല. എല്ലാവരുടെയും ലക്ഷ്യം ഒന്ന് മാത്രം ആയിരുന്നു ..എങ്ങനെയെങ്കിലും കതകുപലമെട്ടിനെ കീഴടക്കണം എന്ന് എന്നത്..

തൊണ്ടമാൻ കോട്ടയിൽ നിന്നും ഒരു ചിത്രം

ഭക്ഷണം കഴിച്ചു ആ മലമുകളില്‍ കുറെ സമയം വിശ്രമിച്ചു. നല്ല ശക്തമായ കാറ്റില്‍ കുറെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ടെന്റുകള്‍ വലിച്ചു കെട്ടി. ബാങ്കിലെ എന്റെ സഹപ്രവര്‍ത്തകന്‍ ആയ വിനൂപ് ഭക്ഷണവും കഴിഞ്ഞു ടെന്റില്‍ നല്ല ഉറക്കം തുടങ്ങിയിരുന്നു. പലരും ടെന്റില്‍ കിടക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
കലകുപലമേടിന്റെ മുകള്‍ഭാഗത്ത് ….

കതകു പലമേട്ടിന്റെ ഏറ്റവും മുകളിലെ വലിയ പാറയുടെ തുമ്പത്ത് നിന്നാല്‍ ഞങ്ങള്‍ നടന്നു കയറിയ തൊണ്ട മാന്‍ കോട്ട അകലെ ഒരു പൊട്ടുപോലെ കാണാം. പിന്നെ മുന്‍പ് കണ്ട തമിഴ് നാടന്‍ ഗ്രാമങ്ങള്‍ വീണ്ടും കണ്ടു. ഇത്രയും ദൂരം, ഇത്രയും വലിയ മലയാണ് കയറിയത് എന്ന് വിശ്വസിക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. അത്രയും മനോഹരം ആയ കാഴ്ചകളും, മറ്റും എല്ലാവരെയും ആവേശം കൊള്ളിച്ചു.ആദ്യമായി ട്രെക്കിംഗ് ചെയ്യുന്ന എന്‍ജിനീയര്‍ എന്‍റെ കയ്യും പിടിച്ചു പറഞ്ഞു. ഈ മലയാണ് നമ്മള്‍ കയറാന്‍ പോകുന്നത് എന്ന് നിങ്ങള്‍ രാവിലെ പറഞ്ഞപ്പോള്‍ ഞാന്‍ അത് തമാശ ആയിട്ടാണ് കരുതിയത് , വഴിയിലുള്ള ചെറിയ മലയോ മറ്റോ ആണ് കയറാന്‍ പോകുന്നത് എന്നാണ് വിചാരിച്ചിരുന്നത് എന്നും പറഞ്ഞു.

തൊണ്ടമാൻ കോട്ട മറ്റൊരു ദൃശ്യം

രണ്ടു മണിക്കൂര്‍ ആ മലമുകളില്‍ വിശ്രമിച്ചും കഥകള്‍ പറഞ്ഞും സമയം ചിലവഴിച്ചും ഞങ്ങള്‍ മടങ്ങി. മടക്കയാത്രയെ കുറിച്ച് ആര്‍ക്കും ഒരു ഭയവും ഉണ്ടായിരുന്നില്ല. വളരെ വേഗത്തില്‍ മല ഇറങ്ങി. വഴിയില്‍ പലയിടത്തും വഴി തെറ്റിയെങ്കിലും വീണ്ടും വീണ്ടും ഞങള്‍ കയറി വന്ന, മാര്‍ക്ക് ചെയ്ത വഴിയില്‍ ഞങ്ങള്‍ എത്തിപ്പെട്ടതിനാല്‍ അധികം സമയം ചിലവഴിക്കാതെ തന്നെ തിരിച്ചു മല ഇറങ്ങാന്‍ പറ്റി. ഒടുവില്‍ ഞങ്ങള്‍ കയറി പോയ പുല്ലു നിറഞ്ഞ വഴിയിലൂടെ അല്ലാതെ അല്പം മാറി ഞങ്ങള്‍ മല ഇറങ്ങി തൊണ്ട മാന്‍ കോട്ടയില്‍ എത്തിച്ചേര്‍ന്നു.

തിരിച്ചു മടങ്ങുമ്പോള്‍ ബസ്സിലെ മൈക്ക് ഓരോ ആള്‍ക്കും കൈമാറി ഈ യാത്രയെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചു. ഒപ്പം ക്ഷമയും. ഒരു ഗൈഡിനെ മാത്രം വിശ്വസിച്ചു ഇങ്ങനെ ഒരു യാത്രയും ഇനി സംഘടിപ്പിക്കില്ല എന്ന് അവരോടു കുറ്റബോധത്തോടെ പറഞ്ഞു. പക്ഷെ അവരില്‍ നിന്നും കേട്ട മറുപടി ഹൃദയം കുളിര്‍പ്പിക്കുന്നതായിരുന്നു. ഇങ്ങനെ ഒരു യാത്ര അവരുടെ ജീവിതത്തില്‍ ആദ്യമാണ്. തികച്ചും സാഹസികമായ, എത്തി ചേരുമോ എന്നുറപ്പില്ലാത്ത, എല്ലാവരും ഒറ്റകെട്ടായി നിന്ന മനോഹര യാത്ര , അതും ഒരു പ്രകൃതി ഭംഗി നിറഞ്ഞ ഈ സുന്ദര സ്ഥലത്തിലൂടെ ഉള്ള യാത്ര എല്ലാവരും ശരിക്കും ആസ്വദിച്ചു എന്ന് എല്ലാവരും പറഞ്ഞു.ഒരു പക്ഷെ ഗൈഡ് ഉണ്ടായിരുന്നെങ്കില്‍ ഇത്രയും ആസ്വദിക്കാന്‍ പറ്റുമായിരുന്നില്ല എന്ന അവരുടെ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും വന്ന വാക്കുകള്‍ ഞങളുടെ മനസ്സില്‍ ഇത്രയും സമയം ഉണ്ടായിരുന്ന എല്ലാ ആശങ്കകളും മായ്ച്ചു കളഞ്ഞു..

തൊണ്ടമാൻ കോട്ടയിൽ നിന്നും നോക്കുമ്പോൾ കാണുന്ന തമിഴ്നാടിന്റെ ദൃശ്യം

ബസ്സിലിരുന്നു ഫെയ്‌സ്ബുക്ക് തുറന്നപ്പോള്‍ ഈ യാത്രയില്‍ ബസ്സില്‍ വരാതെ നേരിട്ട് അവിടെ വന്ന മറ്റൊരു ഡോക്ടറായ ലൂയിസ് ഇങ്ങനെ കുറിച്ചിരുന്നു ‘Things didn’t go exactly to plan, but thanks to the spirit of the team and the organisers, Rajankutty and Madhu Thankappan, the trip actually turned out more fun than it would have been if it went like clockwork. ‘

നിറഞ്ഞ മനസ്സോടെ ജീവിതത്തിലെ മനോഹരമായ ഒരനുഭവം തന്ന തൊണ്ട മാന്‍ കോട്ടയോടു വിട പറഞ്ഞു. വീണ്ടും ഇവിടെ വരേണ്ടി വരും. രാവിലെ മത്തായി ചേട്ടന്‍ പറഞ്ഞ ഒറ്റയാന്‍ ഇറങ്ങി പോയ തൊണ്ട മാന്‍ കോട്ടയില്‍ നിന്നും ചതുരംഗ പാറ വരെ നീളുന്ന ഇതിലും മനോഹരം ആയ ഒരു ട്രെക്കിംഗ് റൂട്ട് ഞങ്ങളെ കാത്തിരിക്കുമ്പോള്‍ വീണ്ടും ഇവിടെ വരാതിരിക്കാന്‍ ആവില്ലല്ലോ..