മനം കവരുന്ന കാഴ്ചകളുമായി തുഷാരഗിരി !

മഴവില്‍ചാട്ടം, ഈരാറ്റുമുക്ക്,  തുമ്പിതുള്ളുംപാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയുടെ പ്രത്യേകത.  ആര്‍ത്തലച്ച് കുതിച്ചുപായുന്ന പുഴ, പാറക്കെട്ടില്‍ വീണ് ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികള്‍, കോടമഞ്ഞ്, തണുത്ത കാറ്റ്.  സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ് തുഷാരഗിരി എന്നും സമ്മാനിക്കുന്നത്. ഒരിക്കല്‍ വരുന്നവരെ വീണ്ടും വീണ്ടും ആകര്‍ഷിക്കുന്ന ഏന്തോ ഒന്ന് ഈ വെള്ളച്ചാട്ടം ബാക്കിവയ്ക്കുന്നു.

കോടമഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന ഈ വെള്ളച്ചാട്ടം കാണാനും നിര്‍ത്താതെപെയ്യുന്ന മഴയില്‍ പുഴയിലൂടെ യാത്രചെയ്യാനും ദിവസവും നിരവധിപേര്‍ എത്തുന്നു. പാറക്കെട്ടുകള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും ഇടയിലൂടെ മലകയറാനും പാറ കയറാനും അനുയോജ്യമാണ് ഇവിടം . അതുകൊണ്ടുതന്നെ സാഹസിക യാത്രികര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇവിടം .

അകംപൊള്ളയായ താന്നി മുത്തശ്ശി മരം, ആര്‍ച്ച്പാലം, പല തരത്തിലുള്ള ചിത്രശലഭങ്ങള്‍, മിനി ജലവൈദ്യുതി പദ്ധതി, പുലിക്കയത്തെ ചെക്ക് ഡാം, നാടന്‍ ഭക്ഷണവിഭവങ്ങള്‍ തുടങ്ങിയവയും സഞ്ചാരികള്‍ക്ക് ഇവിടെനിന്നും ലഭിക്കുന്ന  മറക്കാനാവാത്ത അനുഭവങ്ങളാണ്   . നാടന്‍ ഭക്ഷണശാലകളും താമസിക്കാന്‍ ഹോം സ്റ്റേ സൌകര്യവും ലഭ്യമാണ്. കോഴിക്കോട് നിന്ന് താമരശേരി- കോടഞ്ചേരി റൂട്ടില്‍ 52 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തുഷാരഗിരിയെത്താം. ബസ്സിന് വരുന്നവര്‍ക്ക് കോടഞ്ചേരിയില്‍ എത്തിയാല്‍ ജീപ്പ്, കാര്‍ തുടങ്ങിയവ വാടകയ്ക്ക് ലഭ്യമാണ്.

30 രൂപയാണ് ടിക്കറ്റ്. കുട്ടികള്‍ക്ക് 15 രൂപയും വിദേശികള്‍ക്ക് 50 രൂപയുമാണ് നിരക്ക്. ഫോണ്‍: 9447278388..