ഉത്തരാഖണ്ഡിലെ ഈ മില്ല് പ്രവര്‍ത്തിക്കാന്‍ വൈദ്യുതി വേണ്ട !

#ജിബിന്‍ ജോസഫ്‌ 

ഉത്തരാഖണ്ഡിലെ Tiger tall യാത്രയില്‍ ആണ് ഈ കൊച്ചുഅത്ഭുതനിര്‍മിതി കാണാന്‍ കഴിഞ്ഞത്. വൈദ്യുതി അധികം കടന്നുവരാത്ത ഗ്രാമത്തില്‍ ജലംകൊണ്ട് എങ്ങനൊരു മില്ല് പ്രവര്‍ത്തിപ്പിക്കാം എന്നുകാണിച്ചു തരുകയാണ് അവിടെയുള്ള ഗ്രാമീണര്‍.
വൈദ്യുതി ഉപയോഗിക്കാതെയോ,അത് പാഴാക്കാതെയോ
മലമുകളില്‍ നിന്നും ഒഴുകിവരുന്ന ജലംഎങ്ങനെ ഉപയോഗപ്പെടുത്താം എന്നുകാണിച്ചുതരുന്ന കൊച്ചുനിര്‍മിതി.

 

കല്ലുകൊണ്ട് നിര്‍മ്മിച്ച ഒറ്റനിലവീടിന്റെ ഒരു ഭാഗം രണ്ടുനിലയായി തിരിച്ചിരിക്കുന്നു. അതിലെ താഴത്തെ നിലയിലാണ് വെള്ളംകൊണ്ട് കറങ്ങുന്ന ടര്‍ബന്‍ സ്ഥാപിച്ചിരിക്കുന്നത്. ടര്‍ബന്‍ എന്നത് വലിയൊരു ഒറ്റതടിയില്‍ നീളത്തില്‍ വെട്ടിയെടുത്ത നിരവധി തടിപലകകള്‍ ചേര്‍ത്തുവെച്ചു ഫാനിന്റെ രൂപത്തില്‍തീര്‍ത്ത നിര്‍മിതിയാണ്. മുകള്‍നിലയില്‍ പൊടിക്കാനുള്ള ധാന്യങ്ങള്‍ ഇടാന്‍വേണ്ടിയുള്ള ഭാഗം സ്ഥിതിചെയ്യുന്നത്.

മലമുകളില്‍ നിന്നും ഒഴുകിവരുന്ന വെള്ളത്തെ ഒരു ചാലിലൂടെ  ഒഴുക്കികൊണ്ടുവന്നു ടര്‍ബനിലേക്ക് ശക്തിയായി വീഴ്ത്തുന്നു.  വെള്ളം വീഴുന്ന ശക്തിയില്‍ ടര്‍ബന്‍ കറങ്ങുമ്പോള്‍ ടര്‍ബന്റെ മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന കല്ലില്‍ തീര്‍ത്ത ഭാഗം കറങ്ങുകയും അതിലെ ധാന്യങ്ങള്‍ പൊടിയുകയും ചെയ്യുന്നു.  ചുരുക്കിപറഞ്ഞാല്‍ വെള്ളംകൊണ്ട് ടര്‍ബന്‍ കറക്കി വൈധ്യുതി ഉണ്ടാക്കുന്നതുപോലെ ഇവിടെ വെള്ളംകൊണ്ട് ടര്‍ബന്‍കറക്കി മില്ല് പ്രവര്‍ത്തിപ്പിക്കുന്നു. ആര്‍ക്കും സ്വീകരിക്കാവുന്ന മാതൃക…

ആ ഗ്രാമത്തിലുള്ളവര്‍ എല്ലാം ഇവിടെകൊണ്ടുവന്നാണ് എല്ലാത്തരം ധ്യാന്യങ്ങളും പൊടിക്കുന്നത്. പുറംലോകവുമായി അധികം ബന്ധമില്ലാത്ത ആ ഗ്രാമീണരുടെ നിര്‍മിതി ഒരുകൊച്ചു അത്ഭുത നിര്‍മിതിതന്നെന്നതില്‍  ഒരു സംശയും ഇല്ല.

അനുദിനം പ്രകൃതിയെ ചൂഷണം ചെയ്യുന്ന നമുക്കുമുന്‍പില്‍  വൈദ്യുതി  പാഴാക്കാതെ, വലിയ ഡാമുകള്‍ കെട്ടിപോക്കാതെ, പ്രകൃതിക്ക് യാതൊരു ദോഷവും വരുത്താതെ ചെറിയൊരു നീര്‍ച്ചാലിനെ എങ്ങനെയൊരു ഗ്രാമത്തിനുതന്നെ പ്രയോജനമാക്കി മാറ്റമെന്ന് കാട്ടിത്തരുകയാണ് ഈ ഗ്രാമീണര്‍ .