കാഴ്ച്ചയുടെ വശ്യതയുമായി വെള്ളാരിമല

വിനോദസഞ്ചാരികള്‍ക്ക് എന്നും അത്ഭുതമായിട്ടുള്ള വനാന്തരങ്ങളുടെയും മലകളുടെയും വശ്യത ഏകോപിപ്പിക്കുന്നൊരിടമാണ് വെള്ളാരിമല.പ്രകൃതിയുടെ മൊത്തം സൗന്ദര്യം ഇവിടെ ആവാഹിച്ചു കിടക്കുന്നതായിത്തോന്നും. കോഴിക്കോട് ജില്ലയില്‍ വയനാട് അതിര്‍ത്തിയോട് ചേര്‍ന്ന മനോഹരമായ കുന്നിന്‍ പ്രദേശമാണ് വെള്ളാരി മല.

കാമെലിസ് ഹബ് മൗണ്ടയിന്‍സ് എന്നും ഇതിനു പേരുണ്ട്. ട്രെക്കിങ്ങിനു ഏറെ പ്രസിദ്ധമാണിവിടം. തെക്കന്‍ വയനാട് ഡിവിഷനിലെ മേപ്പടി ഫോറസ്റ്റ് റേഞ്ചിലും കോഴിക്കോട് ഡിവിഷനിലെ താമരശേരി റേഞ്ചിലുമാണ് ഈ പ്രദേശം വ്യാപിച്ചുകിടക്കുന്നത്.

മുത്തപ്പന്‍ പുഴയില്‍ നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. രണ്ട് മണിക്കൂറോളം നീളുന്ന യാത്ര സഞ്ചാരികളെ പ്രകൃതിയുമായി ഏറെ അടുപ്പിക്കുന്നു.കിളികളും, മുയല്‍,മാന്‍ തുടങ്ങിയ മൃഗങ്ങള്‍ തീര്‍ക്കുന്ന നിഷ്‌കളങ്കതയും കാട്ടാന പോലുള്ള വന്യ ജീവികള്‍ സൃഷ്ട്ടിക്കുന്ന ഭീകരതയും ഈ വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അനുഭവിക്കാന്‍ കഴിയും.

വല്ലാത്തൊരു അനുഭൂതിയാണ് വെള്ളാരി മലയുടെ മുകളില്‍ എത്തിയാല്‍ അനുഭവപ്പെടുക.കൊടും കാടിനു നടുവില്‍ ഒരു വലിയ മൈതാനം പോലെയാണ് ആ പ്രദേശം.കാടിന് നടുവിലൂടെ കളകളാരവം മുഴക്കിയൊഴുകുന്ന അരുവികള്‍,അതിലൂടെ അലയടിച്ചെത്തുന്ന ശീതളമായ കാറ്റ് ,ഒരു ഭാഗത്തു തലയുയര്‍ത്തി നില്‍ക്കുന്ന നീലഗിരി കുന്നുകളും മറുഭാഗത്തു ശാന്തമായി കിടക്കുന്ന ചാലിയാര്‍ താഴ്വരകളും, ഇവയെല്ലാംതന്നെ വെള്ളാരി മലയുടെ മനോഹാരിതയ്ക്ക് മറ്റ് കൂട്ടുന്നു.ഇവിടെനിന്നുല്‍ഭവിക്കുന്ന ഇരുവഞ്ചിപുഴ ആനക്കാംപൊയിലിനു സമീപം മനോഹരമായ ഒരു വെള്ളച്ചാട്ടമായി മാറി സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു.

കല്ലുകളില്‍ രൂപം കൊണ്ട നിരവധി ഗുഹനിര്‍മ്മിതികള്‍ ഈ വനാന്തരങ്ങളില്‍ കാണാം.വെള്ളാരിമലയുടെ സമീപത്തുള്ള മറ്റൊരു ആകര്‍ഷണമാണ് വെള്ളിയം കല്ല്.ഈ വലിയ പാറക്കെട്ട് കുഞ്ഞാലിമരയ്ക്കാര്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ഉള്ള യുദ്ധത്തിന് താവളമായി ഉപയോഗിച്ചിരുന്നു.സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ പുത്തനുണര്‍വ് സമ്മാനിക്കാന്‍ തീര്‍ച്ചയായും വെള്ളാരി മലയുടെ പ്രത്യേകതകള്‍ക്ക് സാധിക്കുമെന്നുറപ്പ്